കായംകുളം നഗരസഭയിൽ അർധരാത്രി ഫയൽ മോഷണശ്രമം

കായംകുളം: കാവൽക്കാരനുള്ള കായംകുളം നഗരസഭയിൽ ചെയർമാന്‍റെയും അസി. എക്സിക്യൂട്ടിവ് എൻജിനീയറുടെയും മുറികളിൽ അർധരാത്രിയിൽ അജ്ഞാതൻ അതിക്രമിച്ച് കയറിയ സംഭവം രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. സി.സി ടി.വി പ്രവർത്തനരഹിതമാക്കിയ ശേഷമാണ് എക്സിക്യൂട്ടിവ് എൻജിനീയറുടെ മുറിയുടെ പൂട്ട് തകർത്ത് കയറിയത്. സമാനമായ രീതിയിലാണ് ചെയർമാന്‍റെ മുറിയിലും അതിക്രമിച്ച് കയറിയിരിക്കുന്നത്. രണ്ടിടത്തും ഫയലുകൾ വാരിവലിച്ചിട്ട നിലയിലായിരുന്നു.

അഴിമതി ആരോപണ മുനയിലുള്ള ചില പദ്ധതികളുടെ ഫയലുകൾ തേടിയാണ് പരിശോധന നടന്നതെന്നാണ് സംശയിക്കുന്നത്. സംഭവത്തിൽ നഗരസഭ സെക്രട്ടറി പൊലീസിൽ പരാതി നൽകി. സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന സ്വർണം കളവുപോയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അർധരാത്രിയിൽ നഗരസഭയിൽ അജ്ഞാതൻ അതിക്രമിച്ച് കയറിയത്. നഗരസഭയും ഓഫിസ് രീതികളുമായി അടുത്ത് ബന്ധമുള്ളവരാണ് മോഷണശ്രമം നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

കഴിഞ്ഞ 12ന് രാത്രിയിലാണ് എൻജിനീയറുടെ മുറിയുടെ പൂട്ട് തകർത്തത്. എൻജിനീയറുടെ അനുവാദമില്ലാതെ മുറി തുറക്കരുതെന്ന് രാത്രി ഡ്യൂട്ടിക്കാരന് നേരത്തേ നിർദേശം നൽകിയിരുന്നതാണ്. കഴിഞ്ഞ ഭരണസമിതിയുടെ അവസാനഘട്ടത്തിൽ ഉദ്ഘാടനം ചെയ്ത മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.

തെരഞ്ഞെടുപ്പിന് ശേഷം ഫണ്ട് വേഗത്തിൽ പാസാക്കാൻ സ്ഥലംമാറിയ സെക്രട്ടറി ശ്രമിച്ചെങ്കിലും നടന്നില്ല. ഭരണം മാറിയതിന് ശേഷവും എൻജിനീയർക്കുമേൽ സമ്മർദം ശക്തമായിരുന്നു.

പദ്ധതി പ്രയോഗികമായി ബോധ്യപ്പെട്ടതിന് ശേഷമേ പണം കൈമാറാൻ പാടുള്ളൂവെന്ന പുതിയ ഭരണസമിതിയുടെ നിർദേശവും ഫയൽ നീക്കത്തിന് തടസ്സമായി. ഇത് മറികടന്ന് പദ്ധതിയുടെ പണം കൈമാറ്റം നടത്താൻ രാഷ്ട്രീയ-ഉദ്യോഗസ്ഥ സമ്മർദങ്ങളുണ്ടായെങ്കിലും വിജയിച്ചില്ല. പദ്ധതി ഫയലിൽ ഗുരുതര വീഴ്ചകളുണ്ടെന്നും കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിൽ നശിപ്പിക്കാൻ സാധ്യതയുണ്ടെന്ന സംശയത്തിൽ ഫയൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരുന്നു. നേരത്തേ നഗരസഭയിൽ ചില ഫയലുകൾ കത്തിനശിച്ച സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. ഈ ഫയൽ കണ്ടെത്താനാണ് സെക്രട്ടറിയുടെയും ചെയർമാന്‍റെയും മുറികളിൽ പരിശോധന നടന്നതെന്ന സംശയം പദ്ധതിയിൽ അഴിമതി സാധ്യത ബലപ്പെടുത്തുന്നതാണെന്ന് യു.ഡി.എഫ് പറയുന്നു.

അതിക്രമം രാഷ്ട്രീയ പിൻബലത്താൽ

നഗരസഭയിൽ അർധരാത്രിയിൽ അതിക്രമിച്ച് കയറി ഫയലുകൾ പരിശോധിച്ച സംഭവത്തിൽ ശരിയായ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണമെന്ന് യു.ഡി.എഫ് പാർലമെന്‍ററി പാർട്ടി ലീഡർ യു. മുഹമ്മദ് ആവശ്യപ്പെട്ടു. കഴിഞ്ഞ ഭരണസമിതി നടപ്പാക്കിയ പല പദ്ധതികളും ആരോപണ നിഴലിലാണ്.

പൂർത്തിയാക്കാത്ത മാലിന്യ സംസ്കരണ പദ്ധതിക്ക് പണം നൽകാനുള്ള സെക്രട്ടറിയുടെ ശ്രമം പുതിയ ഭരണസമിതി തടഞ്ഞിരുന്നു. ഫയലുകൾ സൂക്ഷ്മ പരിശോധനകൾക്ക് വിധേയമാക്കിയാൽ കുടുങ്ങുമെന്ന് ഉറപ്പുള്ളവരാണ് നഗരസഭയിൽ കയറിയിരിക്കുന്നത്. രാഷ്ട്രീയ പിൻബലമില്ലാതെ ഇങ്ങനെ ചെയ്യാനാവില്ല.

തെറ്റുകൾക്ക് കൂട്ടുനിൽക്കുന്ന സ്വഭാവം ഉദ്യോഗസ്ഥർക്കുണ്ടാകരുത്. ഫയലുകളും രേഖകളും രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ച് സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം കാട്ടണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടു.

‘ഫയലുകൾ ഇനിയും നശിപ്പിക്കാൻ സാധ്യത’

നഗരസഭയിൽ അഴിമതി ആക്ഷേപമുള്ള പദ്ധതികളുടെ ഫയലുകൾ നശിപ്പിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് മുൻ കൗൺസിലറും ഡി.സി.സി ജനറൽ സെക്രട്ടറിയുമായ എ.പി. ഷാജഹാൻ പറഞ്ഞു. ഭരണമാറ്റത്തെ തുടർന്ന് വിവാദമായ പല ഫയലുകളും കടത്തിക്കൊണ്ടുപോവുകയോ നശിപ്പിക്കാനോ സാധ്യതയുണ്ടെന്ന് അന്നത്തെ സെക്രട്ടറിയെ അറിയിച്ചിരുന്നതാണ്. പുതിയ ഭരണസമിതി ചുമതലയേൽക്കുന്നതിന് മുമ്പ് പഴയ ചെയർപേഴ്സന്‍റെ മുറിയിൽ ഫയൽ പരിശോധന നടന്നതായും അദ്ദേഹം ആരോപിച്ചു.

Tags:    
News Summary - Attempted file theft in Kayamkulam Municipality at midnight

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.