1. ദേശീയപാതയിൽ അരൂരിൽ മാസങ്ങളായി കുടിവെള്ളം പൈപ്പ് പൊട്ടി പാഴാകുന്നു 2. തീരപ്രദേശങ്ങളിലെ വീടുകളിൽ ടാങ്കർ ലോറികളിൽ കുടിവെള്ളം എത്തിക്കുന്നു 3. വാഹനങ്ങളിൽ കുടിവെള്ളം തേടി പോകുന്നവർ
അരൂർ: ജപ്പാൻ കുടിവെള്ളം പൈപ്പ് തകരാറു മൂലം നാടുനീളെ ചോരുന്നു. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ആഴ്ചയിൽ മൂന്ന് ദിവസം കുടിവെള്ളം നിലക്കുന്നത് അരൂർ മേഖലയിൽ പതിവായിട്ടുണ്ട്. കുടിവെള്ളക്ഷാമത്തിന് പേരുകേട്ട അരൂർ മണ്ഡലത്തിലെ കടലോര - കായലോര മേഖലകൾ ഇപ്പോഴും കുടിനീർക്ഷമത്തിന്റെ പിടിയിലാണ്.
ദേശീയപാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം നിരവധി സ്ഥലങ്ങളിൽ പൈപ്പുകൾ തകരാറിലായിട്ടുണ്ട്. ജപ്പാൻ വെള്ളം പമ്പ് ചെയ്യുന്ന സമയങ്ങളിൽ ലിറ്റർ കണക്കിന് വെള്ളമാണ് പൈപ്പ് ചോർച്ചയിലൂടെ പാഴാകുന്നത്. മെയിൻ പൈപ്പ് പൊട്ടുമ്പോൾ മാത്രമാണ് അധികൃതർ അടിയന്തരമായി ഇടപെടുന്നത്. ചെറിയ തോതിലുള്ള ചോർച്ചകൾ ആരും ശ്രദ്ധിക്കാതെ മാസങ്ങളോളം തുടരുകയാണ്.
അരൂരിലെ റസിഡന്റ് ഹോട്ടലിന്റെ മുന്നിൽ പൈപ്പുപൊട്ടിയിട്ട് മാസങ്ങൾ കഴിഞ്ഞു. പൈപ്പ് പൊട്ടി വെള്ളം പാഴാകുന്ന വിവരം അതോറിറ്റിയെ അറിയിച്ചാൽ വലിയ നഷ്ടമില്ലെന്ന മറുപടിയാണത്രെ ലഭിക്കുന്നത്. മാസങ്ങളായി ആയിരക്കണക്കിന് ലിറ്റർ വെള്ളം പാഴാകുമ്പോൾ കുടിവെള്ളമില്ലാതെ പൊരിയുന്ന തീരപ്രദേശങ്ങളിലുള്ളവർ പണം മുടക്കിയാണ് കുടിവെള്ളം വാങ്ങുന്നത്.
ജപ്പാൻ കുടിവെള്ള പദ്ധതി എത്തുന്നതോടെ അരൂർ മേഖലയിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വതപരിഹാരമാകുമെന്നാണ് ഭരണാധികാരികൾ പറഞ്ഞുകൊണ്ടിരുന്നത്. മറ്റ് ജലസ്രോതസുകൾ എല്ലാം ഇല്ലാതായതോടെ ജപ്പാൻ കുടിവെള്ളത്തെ മാത്രം ആശ്രയിക്കാൻ തുടങ്ങിയ നാട്ടുകാർ വെട്ടിലായിരിക്കുകയാണ്.
തുടരെയുള്ള പൈപ്പ് പൊട്ടലും തകരാറു മാറ്റാനുള്ള അടിയന്തര ഇടപെടലുകൾ ഉണ്ടാകാതിരിക്കുന്നതും ജനങ്ങളെ ദുരിതത്തിലാക്കുകയാണ്. ഓരോ പഞ്ചായത്തിലും അറ്റകുറ്റപ്പണികൾ നടത്താനുള്ള ടീം ഉണ്ടാകുമെന്നായിരുന്നു പദ്ധതിയുടെ നടത്തിപ്പുകാർ ആദ്യം സമ്മതിച്ചിരുന്നത്.
കുടിവെള്ളക്ഷാമം രൂക്ഷമായി തുടരുന്ന തീരപ്രദേശങ്ങളിൽ കുടിവെള്ളം എത്തുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്. തുറവൂർ പോലുള്ള തീര ഗ്രാമങ്ങളിൽ വാട്ടർ ടാങ്ക് പോലും പണിഞ്ഞിട്ടില്ല. അരൂർ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും വാട്ടർ കണക്ഷൻ എത്തിക്കാൻ ജല അതോറിറ്റി പരിശ്രമിക്കുന്നുണ്ട്. കാലഹരണപ്പെട്ട പൈപ്പുകൾ മാറ്റാൻ നടപടിയില്ല. ആവശ്യമായ സ്ഥലങ്ങളിൽ ജലസംഭരണികൾ നിർമിക്കപ്പെടുന്നില്ല. നിയമവിരുദ്ധമായി കുടിവെള്ളം ചോർത്തിയെടുക്കുന്ന വരെ പിടികൂടാൻ സംവിധാനമില്ല.
പഞ്ചായത്തിലെ ആഞ്ഞിലിക്കാട് പരിസരത്തെ കുടിവെള്ള പ്രശ്നത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. തീരദേശ റെയിൽവെയുടെ അടിയിൽ കൂടെയാണ് ജപ്പാൻ പൈപ്പ് കടന്നുപോകുന്നത്. പഴയ പൈപ്പ് മാറ്റിയിടാൻ റെയിൽവെയുടെ സമ്മതം വേണം.
70,000 രൂപയോളം ഇതിന് ചെലവ് വരുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു. തുക പഞ്ചായത്ത് നൽകിയാൽ പൈപ്പ് ഇടാനുള്ള നടപടി ആരംഭിക്കാമെന്ന് അതോറിറ്റി ജനങ്ങളോട് സമ്മതിച്ചിരുന്നതാണെന്നും നാട്ടുകാർ പറയുന്നു. പണം അടയ്ക്കാൻ പഞ്ചായത്ത് തയ്യാറാകാത്ത കാര്യം ജനങ്ങളെ അറിയിച്ചതിന്റെ പേരിൽ ജല അതോറിറ്റി ജീവനക്കാർക്കെതിരെ പരാതി കൊടുക്കുമെന്നാണ് പഞ്ചായത്തിന്റെ ഭീഷണി എന്നാണ് നാട്ടുകാർ പറയുന്നത്.
ഈ പ്രദേശത്തുള്ളവർ കുടിവെള്ളം കിട്ടാത്തതുകൊണ്ട് പണംകൊടുത്ത് ടാങ്കർ ലോറികളിൽ വെള്ളം വാങ്ങി ഉപയോഗിക്കുകയാണ്. ദൂരസ്ഥലങ്ങളിൽ നിന്ന് വാഹനങ്ങളിൽ വെള്ളം ശേഖരിച്ച് എത്തിക്കുന്നവരും ഉണ്ട്. പുതിയ പഞ്ചായത്ത് ഭരണസമിതിയെങ്കിലും ശാശ്വതമായി കുടിവെള്ള ക്ഷാമം പരിഹരിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.