ബസിൽനിന്ന് വയോധിക വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യം
ഹരിപ്പാട്: ഇറങ്ങുന്നതിനിടെ ബസ് മുന്നോട്ട് എടുത്തതിനെ തുടർന്ന് നിലത്തുവീണ് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവത്തിൽ ബസ് ജീവനക്കാർക്ക് എതിരെ കേസ്. ആനാരി സ്വദേശിനി നബീസക്കാണ് (78) ഹരിപ്പാട് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ വെച്ച് ബസിൽ നിന്ന് ഇറങ്ങുന്നതിനിടെ താഴെ വീണ് പരിക്കേറ്റത്.
ജീവനക്കാരുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ പൊലീസ് കേസെടുത്തത്. തിങ്കളാഴ്ച വൈകുന്നേരം ഹരിപ്പാട് സ്റ്റാൻഡിൽ ബസ് നിർത്തിയപ്പോൾ ഇറങ്ങാൻ ശ്രമിക്കുകയായിരുന്നു നബീസ. യാത്രക്കാർ പൂർണമായും ഇറങ്ങി കഴിയുന്നതിന് മുൻപേ പെട്ടെന്ന് ബസ് മുന്നോട്ട് എടുത്തതോടെ നബീസ നിലത്ത് വീഴുകയായിരുന്നു.
പരിക്കേറ്റ നബീസയെ ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അശ്രദ്ധയാണ് അപകടമുണ്ടാക്കിയതെന്ന് കാട്ടി നബീസയുടെ കുടുംബം ഹരിപ്പാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.
പ്രായമായ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ജീവനക്കാർ വീഴ്ച വരുത്തിയെന്ന് കെ.എസ്. ആർ.ടി.സി അധികൃതരും വിലയിരുത്തി. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.