ജീവനക്കാരെ നിയമിക്കാതെ ഉദ്ഘാടനത്തിന് തയാറായി തുറവൂർ താലൂക്ക് ആശുപത്രി

തുറവൂർ: തുറവൂർ ഗവ. താലൂക്ക് ആശുപത്രിയുടെ ആറുനില ആധുനിക ബ്ലോക്കിന്‍റെ നിർമാണം 98 ശതമാനം പൂർത്തിയായി. നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഉദ്ഘാടനം നടത്താൻ ശ്രമിക്കുകയാണ് സർക്കാർ. ആവശ്യമായ ഡോക്ടർമാരെയും ജീവനക്കാരെയും നിയമിക്കാതെ ഉദ്ഘാടനം ചെയ്യാനുള്ള ആരോഗ്യ വകുപ്പിന്‍റെ നീക്കം പ്രതിഷേധത്തിനിടയാക്കുകയാണ്.

2024ലെ പാർലമെന്റ് തെരഞ്ഞെടുപ്പിന് രണ്ടുമാസം മുമ്പ് മന്ത്രി വീണ ജോർജ് ആശുപത്രി സന്ദർശിക്കുകയും പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതാണ്. 34.83 കോടി ചെലവിട്ട് നിർമിക്കുന്ന ആതുരാലയമാണിത്. സംസ്ഥാന ഹൗസിങ് ബോർഡാണ് നിർമാണത്തിനു മേൽനോട്ടം വഹിക്കുന്നത്.

പുതിയ കെട്ടിടത്തിന്റെ താഴത്തെ നിലയിൽ സി.ടി സ്‌കാൻ ഉൾപ്പെടെ അത്യാധുനിക സംവിധാനങ്ങളോടെയുള്ള ട്രോമാകെയർ യൂനിറ്റാണ് ഒരുക്കുന്നത്. ആധുനിക സൗകര്യത്തോടെയുള്ള നാല് ഓപറേഷൻ തിയറ്റർ, 280 കിടക്കകൾ, മൂന്ന് ലിഫ്റ്റുകൾ തുടങ്ങിയവ ഉണ്ടാകും. കിഫ്ബി 51.4 കോടി രൂപ അനുവദിച്ച് 2016ലാണ് ജോലി ആരഭിച്ചത്. 6000 ചതുരശ്രഅടിയിൽ ആറ് നിലകളിലായാണ് കെട്ടിടം. സ്പെഷാൽറ്റി ഡോക്‌ടർമാർ ഉൾപ്പെടെ 30 ഡോക്‌ടർമാർ വേണ്ടിടത്ത് ഇപ്പോൾ ലഭിക്കുന്നത് 15 ഡോക്‌ടർമാരുടെ മാത്രം സേവനമാണ്.

ജോലിഭാരം കൂടുതലായതിനാൽ ഇവിടേക്ക് നിയമിക്കപ്പെടുന്ന ഡോക്ട‌ർമാരിൽ പലരും സ്ഥലമാറ്റം വാങ്ങിയോ അവധിയിൽ പോകുകയാണ് പതിവ്. പലദിവസങ്ങളിലും ഒ.പി വിഭാഗത്തിൽ രണ്ടോ മൂന്നോ ഡോക്‌ടർ ‌മാരുടെ സേവനം മാത്രമാണ് ലഭിക്കുന്നത്. ഡോക്‌ടർമാരുടെ കുറവ് മൂലം മിക്കപ്പോഴും ജീവനക്കാരും രോഗികളും തമ്മിൽ വാക്തർക്കവും ഉണ്ടാകുന്നുണ്ട്.

Tags:    
News Summary - Thuravoor Taluk Hospital ready for inauguration without hiring staff

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.