കാലിക്കറ്റ് സര്‍വകലാശാല: യു.ജി.സി ഫണ്ടിനു പുറമെ സംസ്ഥാന വിഹിതവും പാഴാവുന്നു

തേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലക്ക് യു.ജി.സി ഫണ്ട് നഷ്ടപ്പെട്ടതിനു പിന്നാലെ സംസ്ഥാന സ൪ക്കാ൪ അനുവദിച്ച തുകയും പാഴാവുന്നു. സാമ്പത്തികവ൪ഷം തീരാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ, സ൪ക്കാ൪ പദ്ധതി വിഹിതമായി അനുവദിച്ച കോടിക്കണക്കിന് രൂപയാണ് അധികൃതരുടെയുടെ പിടിപ്പുകേട് കാരണം നഷ്ടമാവുന്നത്. യഥാസമയം കണക്ക് നൽകാനാവാത്തതാണ് ഫണ്ട് നഷ്ടപ്പെടാൻ ഇടയാക്കുന്നത്.
നടപ്പു സാമ്പത്തിക വ൪ഷത്തേക്ക് വിവിധ സ്രോതസ്സുകളിൽനിന്ന് 21 കോടിയാണ് സ൪വകലാശാലക്ക് അനുവദിച്ചത്. ഇതിൽ 14 കോടി സംസ്ഥാന സ൪ക്കാറിൻെറ പദ്ധതി വിഹിതവും മൂന്ന് കോടി ബജറ്റിൽ ഉൾപ്പെടുത്തിയതുമാണ്. ഇതിന് പുറമെ നബാ൪ഡ് നാലു കോടി വേറെയും അനുവദിച്ചിരുന്നു.
പദ്ധതി വിഹിതമായി അനുവദിച്ച 14 കോടിയുടെ ആദ്യഗഡു 10.5 കോടി കഴിഞ്ഞ മേയിൽ ലഭിച്ചു. ഇതിൽ 2.3 കോടി മാത്രമാണ് ഇതുവരെ ചെലവഴിച്ചത്. സ൪വകലാശാലയിൽ സ്ഥാപിക്കുന്ന ഭരണകാര്യലയ സമുച്ചയത്തിനാണ് മൂന്ന് കോടി ബജറ്റിൽ അനുവദിച്ചത്. പദ്ധതി വിവാദമായതോടെ ഈ തുക പാഴാകാനാണ് സാധ്യത. അക്കാദമിക് പ്രവ൪ത്തനങ്ങൾക്കും നി൪മാണപ്രവ൪ത്തനങ്ങൾക്കുമാണ് പദ്ധതി വിഹിതം ചെലവഴിക്കാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, സാമ്പത്തിക വ൪ഷം കഴിയാറായിട്ടും ഫണ്ട് എങ്ങനെ ചെലവഴിക്കണമെന്നതിനെ കുറിച്ച് പ്രോജക്ട് തയാറാക്കാൻ സ൪വകലാശാലക്ക് സാധിച്ചിട്ടില്ല. ഓരോ മൂന്നു മാസത്തിലും പദ്ധതി തയാറാക്കി ഫെബ്രുവരിയോടെ നാലാമത്തെ ഗഡുവും നേടിയെടുക്കുകയാണ് ചെയ്യേണ്ടത്. പദ്ധതി വിഹിതമായി അനുവദിച്ചതിൽ 3.5 കോടി പാഴാവുമെന്ന് ഉറപ്പാണ്. ഈയിനത്തിൽ ഇതിനകം ലഭിച്ച 10.5 കോടി ചെലവഴിക്കാനാവാത്തതിനാൽ ഈ തുക അടുത്ത വ൪ഷത്തെ വിഹിതത്തിൽ കുറക്കുമെന്നതിനാൽ  ഫണ്ട് പാഴാവുന്നതിന് തുല്യമാണ്. നബാ൪ഡ് അനുവദിച്ച നാല് കോടിയുടെയും അവസ്ഥ ഇതുതന്നെയാണ്. ചെതലയത്തെ ട്രൈബൽ സ്റ്റഡി സെൻററിൻെറ കെട്ടിട നി൪മാണത്തിന് അനുവദിച്ചതാണിത്. മാ൪ച്ച് 31നു മുമ്പ് പദ്ധതി സമ൪പ്പിച്ചില്ലെങ്കിൽ ഫണ്ട് പാഴാവും. 11ാം പഞ്ചവത്സര പദ്ധതിയിൽ ഉൾപ്പെടുത്തി യു.ജി.സി അനുവദിച്ച 7.58 കോടി രൂപയാണ് കഴിഞ്ഞവ൪ഷം സ൪വകലാശാലക്ക് നഷ്ടമായത്. കണക്ക് നൽകാൻ 2012 ഒക്ടോബ൪ 31വരെ സമയം നൽകിയിട്ടും സ൪വകലാശാലക്ക് സാധിച്ചില്ല.
വി.സി, പ്രൊ-വി.സി, രജിസ്ട്രാ൪- സിൻഡിക്കേറ്റംഗങ്ങൾ എന്നിവ൪ തമ്മിലെ സ്വരച്ചേ൪ച്ചയില്ലായ്മയാണ് ഭരണരംഗത്തെ സ്തംഭനത്തിന് പ്രധാന കാരണം. സിൻഡിക്കേറ്റിൻെറ ധനകാര്യ സ്ഥിരംസമിതി കൺവീന൪ സ്ഥാനത്തുനിന്ന് ആ൪.എസ് പണിക്കരെ നീക്കി ഡോ. കെ.വി ലാസറെ നിയമിച്ചെങ്കിലും അദ്ദേഹത്തെ പിരിച്ചുവിടാൻ ശ്രമിക്കുന്നതാണ് പിന്നീട് കണ്ടത്. ഇതിനിടെ, ഒരു വിഭാഗം ജീവനക്കാ൪ മെല്ലെപ്പോക്ക് നയവും സ്വീകരിച്ചതോടെ ഭരണസ്തംഭനം പൂ൪ണമാവുകയാണ്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.