നാലാം വിവാഹം നടത്തിയ യുവാവിനെ തേടി മൂന്നാം ഭാര്യ

പെരിങ്ങോം: ബന്ധം വേ൪പെടുത്താതെ നാലാമത്തെ വിവാഹം കൂടി നടത്തിയ യുവാവിനെ തേടി മൂന്നാം ഭാര്യയെത്തിയത് പെരിങ്ങോം പൊലീസ് സ്റ്റേഷനു മുന്നിൽ ബഹളത്തിനിടയാക്കി. പാലക്കാട് മണ്ണാ൪ക്കാട് സ്വദേശിനിയാണ് ഭ൪ത്താവിനെ തേടിയെത്തി സ്റ്റേഷനു മുന്നിൽ ബഹളമുണ്ടാക്കിയത്. വടക്കാഞ്ചേരി സ്വദേശിയായ യുവാവ് മുമ്പ് രണ്ട് വിവാഹം കഴിച്ചിരുന്നുവെന്നും ഭാര്യമാ൪ ജീവിച്ചിരിപ്പില്ലെന്നും യുവതി അവകാശപ്പെട്ടു. മൂന്നാമത് വിവാഹം കഴിച്ച തനിക്കും മകൾക്കും ചെലവിനു തരാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് അവ൪ക്കൊപ്പം താമസിക്കുകയാണെന്നുമാണ് യുവതിയുടെ പരാതി.
വ്യാപാര മേളകളിലും പുഷ്പോത്സവ നഗരികളിലും ചപ്പാത്തി മേക്കറിൻെറ വിൽപനയുമായി ഊരുചുറ്റുന്നയാളാണ് യുവാവ്. ഭാര്യ മരിച്ചുപോയെന്ന് പറഞ്ഞ് ഇയാൾ പയ്യന്നൂ൪ കാങ്കോൽ സ്വദേശിനിയെ കഴിഞ്ഞവ൪ഷം വിവാഹം കഴിച്ചിരുന്നു. ഈ വിവാഹബന്ധത്തിലെ യുവതിയുടെ ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയിരുന്നു. മൂന്നാം ഭാര്യയും യുവാവും തമ്മിൽ വിവാഹമോചന കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവമറിഞ്ഞ് നിരവധിപേ൪ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.