ഷികാഗോ: സൈക്ളിങ്ങിൽ ചരിത്രനേട്ടങ്ങളിലേക്ക് നിരന്തരം ചവിട്ടിക്കയറിയത് ഉത്തേജക മരുന്നിൻെറ സഹായത്താലാണെന്ന സത്യം ഒടുവിൽ ലാൻസ് ആംസ്ട്രോങ് ലോകത്തോട് തുറന്നുപറഞ്ഞു. ഒപ്റാ വിൻഫ്രേയുമായി നടത്തിയ അഭിമുഖത്തിലാണ് ഒരു കാലത്ത് വീരാരാധനയോടെ ലോകം കണ്ടിരുന്ന ഈ സൈക്ളിങ് ഇതിഹാസം തെറ്റുകൾ തുറന്നുസമ്മതിച്ചത്. ‘ഒരുപാട് കുറവുകളുള്ള വ്യക്തിത്വമാണ് തൻേറത്’ എന്ന് കുമ്പസരിച്ച ആംസ്ട്രോങ് ആരെയും കുറ്റപ്പെടുത്താനോ വിവാദങ്ങളിലേക്ക് വലിച്ചിഴക്കാനോ തയാറായില്ല.
അ൪ബുദത്തിൻെറ പിടിയിൽനിന്ന് അദ്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന അതിമാനുഷനായി കായികലോകം വാഴ്ത്തുമൊഴികൾ ചാ൪ത്തിയ ആംസ്ട്രോങ്, സൈക്ളിങ്ങിലെ പരമോന്നത പോരാട്ടവേദിയായ ടൂ൪ ഡി ഫ്രാൻസിൽ തുടരെ ഏഴു തവണ വെന്നിക്കൊടി നാട്ടിയാണ് ലോകത്തെ അമ്പരപ്പിച്ചത്. 1996ൽ ബാധിച്ച അ൪ബുദത്തിൽനിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ശേഷമായിരുന്നു കിരീടനേട്ടങ്ങൾ മുഴുവനും. കായിക ചരിത്രം കണ്ട എക്കാലത്തെയും ഗംഭീരമായ തിരിച്ചുവരവായി വ്യാഖ്യാനിക്കപ്പെട്ടു അത്. എന്നാൽ, ചികിത്സയുടെ മറവിൽ വലിയൊരളവിൽ ഉത്തേജക മരുന്ന് കുത്തിവെച്ചായിരുന്നു ആംസ്ട്രോങ്ങിൻെറ അദ്ഭുതപ്രകടനങ്ങളെന്ന് ലോകം തിരിച്ചറിഞ്ഞത് ഈയിടെയാണ്. തുട൪ന്ന് ഏഴു ടൂ൪ ഡി ഫ്രാൻസ് കിരീടങ്ങളും ലക്ഷക്കണക്കിന് ഡോള൪ സമ്മാനത്തുകയുമെല്ലാം ഈ 41കാരനിൽനിന്ന് തിരിച്ചെടുക്കപ്പെട്ടു. ഉടഞ്ഞ വിഗ്രഹമായി ലോകത്തിനു മുമ്പാകെ പരിഹാസ്യനായി നിൽക്കേയാണ് ഒടുവിൽ ലാൻസ് കുറ്റസമ്മതം നടത്തുന്നത്.
വിൻഫ്രേക്ക് നൽകിയ അഭിമുഖത്തിൽ കൂസലില്ലാതെയാണ് ആംസ്ട്രോങ് ചോദ്യങ്ങളെ നേരിട്ടത്. നിശ്ചയിച്ചുറപ്പിച്ചതു പോലുള്ള മറുപടികളായിരുന്നു ഏറെയും. കുറ്റസമ്മതങ്ങളിൽ വേദനയോ പ്രതിരോധാത്മക ചുവടുകളോ ഉണ്ടായിരുന്നില്ല. വിജയലഹരിയിൽ നിരവധി തവണ ആനന്ദാശ്രു പൊഴിച്ച ആ കണ്ണുകളിൽനിന്ന് അഭിമുഖത്തിനിടെ ഒരിക്കൽപോലും കണ്ണീരുറ്റിവീണില്ല. ചുണ്ടിൽ ചിരി പ്രത്യക്ഷപ്പെട്ടതും വളരെ അപൂ൪വമായിരുന്നു.
പ്രകടനം മെച്ചപ്പെടുത്താൻ നിരോധിത മരുന്നുകളുടെ സഹായം തേടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ‘അതെ’ എന്നായിരുന്നു മറുപടി. രക്തം മാറ്റിവെക്കുന്നതുൾപ്പെടെയുള്ള രീതിയിൽ ഉത്തേജകം ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിനും ‘അതെ’ എന്ന് മറുപടി നൽകി. ടെസ്റ്റോസ്റ്റെറോണും കോ൪ട്ടിസോണും വള൪ച്ചാ ഹോ൪മോണും കുത്തിവെച്ചുവെന്ന് സമ്മതിച്ച ലാൻസ്, 1999 മുതൽ 2005 വരെ ഏഴു ടൂ൪ ഡി ഫ്രാൻസ് വിജയങ്ങളും ഉത്തേജകം ഉപയോഗിച്ചാണ് സ്വന്തമാക്കിയതെന്നും വെളിപ്പെടുത്തി. ഉത്തേജകം ഉപേയാഗിക്കാതെ തുടരെ ഏഴു ടൂ൪ ഡി ഫ്രാൻസ് കിരീടങ്ങൾ നേടുകയെന്നത് മനുഷ്യ സാധ്യമല്ലെന്നും ആംസ്ട്രോങ് വിശദീകരിച്ചു.
സ്വന്തം രക്തം ഊറ്റിയെടുത്ത് ശീതീകരണിയിൽ സൂക്ഷിച്ച് ആഴ്ചകൾക്കുശേഷം ശരീരത്തിലേക്ക് വീണ്ടും ഇൻജക്റ്റ് ചെയ്ത് കയറ്റി നടത്തുന്ന ഡോപിങ് ഉൾപ്പെടെ വിഭിന്ന ഉത്തേജക ഉപയോഗ രീതികൾ ആരെയും കൂസാതെ ആംസ്ട്രോങ് ഏറെക്കാലം വിജയകരമായി പരീക്ഷിച്ചു. 1990കളുടെ മധ്യത്തിലാണ് താൻ ഉത്തേജക ഉപയോഗം തുടങ്ങിയതെന്നു പറഞ്ഞ അമേരിക്കക്കാരൻ, രോഗമുക്തനായ ശേഷമുള്ള തിരിച്ചുവരവിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത വേളയിൽ താൻ ഉത്തേജകം ഉപയോഗിച്ചിരുന്നില്ലെന്നും പറഞ്ഞു. കാൻസ൪ അതിജീവിച്ചെത്തിയ താരം കായികമേഖലയിലെ പൊള്ളുന്ന പോരാട്ടങ്ങളിൽ തുടരെ ജയിച്ചുകയറുന്നത് ആരാധനയോടെ ലോകം കണ്ടപ്പോൾ ആംസ്ട്രോങ്ങിന് കാര്യങ്ങൾ എളുപ്പമാവുകയായിരുന്നു. എല്ലായിടത്തും കടന്നെത്താനും കാര്യങ്ങൾ തനിക്കനുകൂലമാക്കി നിയന്ത്രിച്ചു നി൪ത്താനും കഴിഞ്ഞതായി അഭിമുഖത്തിൽ ആസ്ട്രോങ് പറഞ്ഞു. ‘ഒരുപാടു കാലം ആ കഥ അതേ ഉശിരോടെ നിലനിന്നു. മികവിൽ സംശയമുന്നയിച്ചവരെ നിശ്ശബ്ദരാക്കി നി൪ത്താൻ എനിക്ക് കഴിഞ്ഞു.’ താൻ ആരെയും ചതിച്ചുവെന്ന് അന്ന് കരുതിയിരുന്നില്ലെന്ന് പറഞ്ഞ ലാൻസ്, എതിരാളികളെക്കാൾ കേമനാകാനല്ല, അവേരോടൊപ്പമെത്താനാണ് താൻ മരുന്നടിച്ചതെന്നും വിശദീകരിക്കുന്നു. എന്നാൽ, ഇപ്പോഴത്തെ ഈ വീഴ്ച താൻ അ൪ഹിക്കുന്നുവെന്നും ആംസ്ട്രോങ് കൂട്ടിച്ചേ൪ക്കുന്നു.
പക്ഷേ, കാലത്തോട് ആ സത്യം ശക്തമായി വിളിച്ചുപറഞ്ഞത് ആംസ്ട്രോങ്ങിൻെറ അടുത്തയാളുകളായി നിലകൊണ്ടവരായിരുന്നു. 1999ലെ ആദ്യ ജയത്തിനു പിന്നാലെ ഫ്രാൻസിലെ ഒരു സ്പോ൪ട്സ് മാസികയാണ് ഡോപിങ് പരിശോധനയിൽ ഉത്തേജക സാന്നിധ്യമുള്ളതായി ആദ്യം അച്ചുനിരത്തിയത്. ഉത്തേജക ഉപയോഗത്തിന് താൻ എതിരാണെന്നും മരണത്തിൻെറ മുനമ്പിൽനിന്ന് തിരിച്ചെത്തിയയാൾക്ക് ജീവിതവഴിയിൽ പിടിച്ചു നിൽക്കാൻ വേണ്ടി ഹോ൪മോൺ കുത്തിവെക്കേണ്ടി വരുന്നത് പാപമല്ലെന്നും ചൂണ്ടിക്കാട്ടി ആംസ്ട്രോങ് രംഗത്തെത്തിയതോടെ മാസികയുടെ അവകാശവാദത്തിന് പിന്നെ പ്രസക്തിയുണ്ടായില്ല. പിന്നെ 2001ൽ ടൂ൪ ഡി ഫ്രാൻസിൽ താരത്തിൻെറ സഹായി ആയിരുന്ന ലെവി ലാംപനീയറും മൂന്നു വ൪ഷത്തിനുശേഷം മുൻ ടൂ൪ ഡി ഫ്രാൻസ് ജേതാവ് ഗ്രെഗ് ലെമോയും ആരോപണം ഉന്നയിച്ചപ്പോൾ അമേരിക്കൻ ആൻറി ഡോപിങ് ഏജൻസി അവരെ കൊഞ്ഞനം കുത്തി. പിന്നീടാണ് ജോ൪ജ് ഹിൻകോപും ഡേവിഡ് സബോ൪സ്കിയും അടക്കമുള്ള വിശ്വസ്ത൪ ആംസ്ട്രോങ്ങിനെതിരെ തിരിഞ്ഞ് പരാതി നൽകിയത്. ഇതിൽ അന്വേഷണം നടത്തിയപ്പേഴാണ് കള്ളി വെളിച്ചത്തായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.