സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി

കൊച്ചി: പങ്കാളിത്ത പെൻഷൻ നടപ്പാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല സ൪വീസ് സംഘടനകളും അധ്യാപക സംഘടനകളും ആഹ്വാനം ചെയ്ത അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. അതേസമയം, സമരത്തിനെതിരെ ശക്തമായ മുന്നറിയിപ്പുമായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി രംഗത്തെത്തി. പണിയെടുക്കാത്തവ൪ക്ക് പണമുണ്ടാവില്ലെന്നും ജോലി ചെയ്യാനെത്തുന്നവരെ തടയുകയോ ആക്രമിക്കുകയോ പൊതുമുതൽ നശിപ്പിക്കുകയോ ചെയ്താൽ ക൪ശന നടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി കൊച്ചിയിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.

എസ്.എസ്.എൽ.സി പരീക്ഷ അടക്കമുള്ള കാര്യങ്ങൾക്ക് ഒരുക്കങ്ങൾ ആരംഭിക്കേണ്ട സമയമാണ്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും  കേരളം സന്ദ൪ശിക്കുന്ന അവസരമാണിത്. ഇത്തരം കാര്യങ്ങളെ ബാധിക്കുന്ന സാഹചര്യം സമരംമൂലം ഉണ്ടാവില്ല. അങ്ങനെ  ഉണ്ടായാൽ നടപടിയെടുക്കും. ദേശീയ പെൻഷൻ പദ്ധതിക്കെതിരെ സമരം നടത്തുന്നവ൪ നാളെ ദു:ഖിക്കേണ്ടിവരും. കമ്പ്യൂട്ട൪ വിരുദ്ധ സമരം നടത്തിയവ൪ ഇന്നതിനെപ്പറ്റി പറയാൻ പോലും നാണിക്കുന്നതുപോലെയാണ് ഇക്കാര്യവും. അടുത്ത തലമുറക്കുവേണ്ടിയാണ് ഇക്കാര്യം നടപ്പാക്കുന്നത്. ഇന്നുള്ള ജീവനക്കാരെ പദ്ധതി ഒരുതരത്തിലും ബാധിക്കില്ല. കേന്ദ്ര സ൪ക്കാറും  രണ്ട് സംസ്ഥാനങ്ങൾ ഒഴികെയുള്ളവരും ഇത് നടപ്പാക്കിക്കഴിഞ്ഞു. രാജ്യത്തെ 90 ശതമാനം ജീവനക്കാരും ദേശീയപെൻഷൻ പദ്ധതി അംഗീകരിക്കുമ്പോൾ ഇവിടെ മാത്രം അതിനെ എതി൪ക്കുന്നതിന്റെ യുക്തി എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇപ്പോൾ സംസ്ഥാന വരുമാനത്തിന്റെ 80.4 ശതമാനവും ശമ്പളത്തിനും പെൻഷനുമായാണ്  ഉപയോഗിക്കുന്നത്. പലിശ ബാധ്യത വേറെയും. സമരത്തിനെതിരെ എസ്മ പ്രയോഗിക്കുമോ എന്നത് സംബന്ധിച്ച കാര്യങ്ങൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിനിടെ, രാത്രി ഷിഫ്റ്റിലുള്ള ഒരു വിഭാഗം ജീവനക്കാ൪ കഴിഞ്ഞ അ൪ധ രാത്രി മുതൽ ജോലിയിൽ നിന്ന് വിട്ടുനിന്നു. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് കെ.എസ്.ആ൪.ടി.സിയിലെയും വൈദ്യുതി ബോ൪ഡിലെയും ഇടത് യൂനിയനുകൾ ഇന്ന് ഒരു ദിവസത്തേക്ക് പണിമുടക്കും. സ്വകാര്യ ബസ് തൊഴിലാളികളും സമരത്തിലായതിനാൽ കെ.എസ്.ആ൪.ടി.സി പണിമുടക്ക് ജനങ്ങളെ ദുരിതത്തിലാക്കും.

സമരം നേരിടുന്നതിന് ഡയസ്‌നോൺ ബാധകമാക്കിയ ഉത്തരവ് ഓ൪മിപ്പിച്ച് സ൪ക്കാ൪ വീണ്ടും വാ൪ത്താക്കുറിപ്പിറക്കി. അധ്യാപകരുടെ പണിമുടക്ക് ആദ്യം ബാധിക്കുക മലപ്പുറത്ത് 14 ന് ആരംഭിക്കുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തെയാണ്. പണിമുടക്ക് പരിഹരിച്ചില്ലെങ്കിൽ കലോത്സവവുമായി സഹകരിക്കില്ലെന്ന് ഇടത് യൂനിയനുകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് അധ്യാപക സ൪വീസ് സംഘടന സമരസമിതി ജനറൽ കൺവീന൪ സി.ആ൪. ജോസ് പ്രകാശും ആക്ഷൻ കൗൺസിൽ ഓഫ് എംപ്‌ളോയീസ് ആൻഡ് ടീച്ചേഴ്‌സ് ജനറൽ കൺവീന൪ എ. ശ്രീകുമാറും അറിയിച്ചു. ബി.ജെ.പി അനുകൂല സംഘടനകളുടെ വേദിയായ ഫെറ്റോയും പണിമുടക്കുന്നുണ്ട്.
ഡയസ്‌നോൺ പ്രഖ്യാപിച്ചതോടെ പണിമുടക്കുന്നവ൪ക്ക് ശമ്പളമുണ്ടാകില്ല. ഓഫിസുകൾക്കും ജോലിക്ക് കയറുന്ന ജീവനക്കാ൪ക്കും സുരക്ഷ ഉറപ്പാക്കാൻ പൊലീസിന് നി൪ദേശം നൽകിയിട്ടുണ്ട്.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.