എരുമപ്പെട്ടി (തൃശൂ൪): റേഷൻ പഞ്ചസാര കരിഞ്ചന്തയിൽ മറിച്ചുവിറ്റതിന് എരുമപ്പെട്ടി പൊലീസ് ചാ൪ജ് ചെയ്ത കേസിൽ പ്രതികളായ സിവിൽ സപൈ്ളസ് ഉദ്യോഗസ്ഥരിൽ രണ്ടുപേ൪ പൊലീസിൽ കീഴടങ്ങി. തലപ്പിള്ളി താലൂക്ക് സപൈ്ള ഓഫിസ൪ പെരുമ്പാവൂ൪ ചേലമറ്റം സ്വദേശി അശോക മന്ദിരത്തിൽ എം. എൻ. അശോകൻ (55), താലൂക്ക് റേഷനിങ് ഇൻസ്പെക്ട൪ ഷൊ൪ണൂ൪ മഞ്ഞക്കാട് സ്വദേശി ചിറയത്ത് മഞ്ഞില വീട്ടിൽ സി.വി. സോജൻ (48) എന്നിവരാണ് അന്വേഷണ ഉദ്യോഗസ്ഥനായ എരുമപ്പെട്ടി എസ്.ഐ സി.എൻ. ഗിരിജാവല്ലഭന് മുന്നിൽ ചൊവ്വാഴ്ച കീഴടങ്ങിയത്.
പ്രതികളുടെ ജാമ്യാപേക്ഷ തൃശൂ൪ അഡീഷനൽ സെഷൻസ് കോടതി തള്ളുകയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ കീഴടങ്ങണമെന്ന് ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണ് കീഴടങ്ങൽ.
പ്രതികളെ എസ്.ഐ ഗിരിജാവല്ലഭൻ, സീനിയ൪, സിവിൽ പൊലീസ് ഓഫിസ൪ ബേബിച്ചൻ ജോ൪ജ് എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തുവരികയാണ്. കരിഞ്ചന്തയിൽ വിൽക്കാൻ ഇടനിലക്കാരന് കൂടുതൽ പഞ്ചസാര അനുവദിച്ചതായി പ്രതികൾ സമ്മതിച്ചത്രേ. പ്രതികളെ ബുധനാഴ്ച വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ നവംബ൪ 28നാണ് സംഭവം. ബി.പി.എൽ കുടുംബങ്ങൾക്ക് റേഷൻ കട വഴി വിതരണം ചെയ്യേണ്ട 57 ചാക്ക് പഞ്ചസാര എരുമപ്പെട്ടിയിലെ മൊത്ത വ്യാപാരിയിൽനിന്ന് പൊലീസ് പിടികൂടി. എരുമപ്പെട്ടി പ്രദേശത്തെ പത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട പഞ്ചസാരയാണ് പിടികൂടിയത്. കടയുടമ എരുമപ്പെട്ടി കിഴക്കേ അങ്ങാടിയിലെ മുരിങ്ങത്തേരി വീട്ടിൽ ജോസഫ്, ഇടനിലക്കാരൻ നെല്ലുവായ് സെൻററിലെ റേഷൻകട നടത്തിപ്പുകാരൻ നെല്ലുവായ് തറയിൽ വീട്ടിൽ ഡീൻസ്, ഇയാളുടെ പിതാവും റേഷൻ കട ലൈസൻസിയുമായ ദേവസി (65) എന്നിവരെ അറസ്റ്റ് ചെയ്തു. തൃശൂ൪ റൂറൽ എസ്.പി പി.എച്ച്. അഷറഫിന് ലഭിച്ച രഹസ്യ വിവരത്തെത്തുട൪ന്നാണ് പലചരക്ക് കടയിൽ പൊലീസ് പരിശോധന നടത്തിയത്. കേസിൽ 16 പ്രതികളാണുള്ളത്. ഒന്നാം പ്രതി ജോസഫും രണ്ടാംപ്രതി ഡീൻസും മൂന്നാം പ്രതി ദേവസിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.