ആമിര്‍ ഖാന്‍റേതുപോലെ തനിക്കും ഏറെ ദുരനുഭവങ്ങള്‍ -എ. ആര്‍ റഹ്മാന്‍

പനാജി: അസഹിഷ്ണുത സഹിക്കാനാവാത്തതിനാല്‍ രാജ്യംവിടാന്‍ ആലോചിക്കുന്നുവെന്ന നടന്‍ ആമിര്‍ ഖാന്‍റെ പ്രസ്താവന ഏറെ ചര്‍ച്ചയായിരിക്കെ, സമാന അനുഭവങ്ങള്‍ തനിക്കുമുണ്ടെന്ന വെളിപ്പെടുത്തലുമായി ലോക പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞന്‍ എ.ആര്‍ റഹ്മാന്‍. ഗോവയില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രോല്‍സവത്തിന്‍റെ വേദിയില്‍ ആണ് റഹ്മാന്‍ തന്‍റെ ദുരനുഭവത്തെ കുറിച്ച് മനസ്സു തുറന്നത്. രണ്ടു മാസത്തോളമായി താന്‍ ആമിറിന്‍റേതിനു സമാനമായ മാനസികാവസ്ഥയിലൂടെ കടന്നുപോവുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘മുഹമ്മദ്: ദ മെസഞ്ചര്‍ ഓഫ് ഗോഡ്’ എന്ന വിഖ്യാത ഇറാനിയന്‍ ചിത്രത്തില്‍ സംഗീതം ചെയ്തതിനെ തുടര്‍ന്ന് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റസാ അക്കാദമിയുടെ ‘ഫത്വ’യെ പരാമര്‍ശിച്ചാണ് അദ്ദേഹം ഇതു പറഞ്ഞത്. പ്രവാചകനെ പരിഹസിക്കുന്നതാണ് ചിത്രമെന്ന് ആരോപിച്ചാണ് റഹ്മാനു നേരെ അക്കാദമി തിരിഞ്ഞത്.
അക്രമം കൊണ്ട് ഒന്നും ഉണ്ടാക്കാനാവില്ല. ഏറ്റവും പരിഷ്കൃതയ ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. നമ്മള്‍ ആണ് ഏറ്റവും നല്ല സംസ്കാരത്തിന്‍റെ  വക്താക്കള്‍ എന്ന് ലോകത്തിന് മുന്നില്‍ കാണിച്ചുകൊടുക്കുകയാണ് വേണ്ടതെന്നും ഓസ്കാര്‍ പുരസ്കാര ജേതാവു കൂടിയായ സംഗീതജ്ഞന്‍ പറഞ്ഞു.
‘ഫത്വ’തെ തുടര്‍ന്ന്  റഹ്മാന്‍റെ സംഗീത പരിപാടി അവസാന നിമിഷം ഡല്‍ഹി, യു.പി സര്‍ക്കാറുകള്‍ റദ്ദാക്കിയിരുന്നു. ഇതേസമയം തന്നെ റഹ്മാന്‍ ഹിന്ദുമതത്തിലേക്ക് ‘മടങ്ങിവരണം’ എന്ന് വിശ്വഹിന്ദു പരിഷത്ത് ക്ഷണിക്കുകയും ചെയ്തു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.