കോഴിക്കോട്: ബാറുകളുടെ പ്രവർത്തനസമയം രാത്രി 12 മണിവരെയാക്കി ദീർഘിപ്പിച്ച സംസ്ഥാന സർക്കാർ തീരുമാനം നാടിനോട് കാണിക്കുന്ന കടുത്ത വഞ്ചനയാണെന്ന് കേരള മദ്യനിരോധന സമിതി നേതാക്കൾ. കേരളത്തിലെ കുടുംബങ്ങളെ തകർക്കുകയാണ് ഈ സർക്കാർ.
ഇത്രയും അധാർമികമായ ഭരണം കണ്ടിട്ടില്ല. എല്ലാവരും കുടിച്ച് നശിക്കട്ടെയെന്ന നയമാണ് സർക്കാറിന്റേത്. തെരഞ്ഞെടുപ്പിന് ബാർ ഉടമകളിൽനിന്ന് കാശ് വാങ്ങിയാണ് ഇതെല്ലാം ചെയ്യുന്നത്. മന്ത്രിസഭപോലും അറിയാതെ ശരവേഗത്തിൽ എടുത്ത ഈ തീരുമാനത്തിന് പിന്നിൽ മുഖ്യമന്ത്രിയുടെ കരങ്ങളാണെന്നും സമിതി ആരോപിച്ചു.
പാർട്ടി ഫണ്ടിലേക്ക് പണംപിരിക്കാനുള്ള പ്രധാന സ്രോതസ്സായി എക്സൈസ് വകുപ്പ് മാറി. കേരളത്തിൽ ബാർ ആരംഭിക്കാൻ വേണ്ട മിനിമം കൈക്കൂലി ഒരു കോടി രൂപയാണ്. പിണറായി സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടെ 900 ബാറുകൾക്ക് ലൈസൻസ് നൽകി. ഇടപാടിൽ മൊത്തം ആയിരം കോടി രൂപയുടെയെങ്കിലും കൈമാറ്റം നടന്നിട്ടുണ്ടാവണം. തുടർഭരണമില്ലെന്ന് കണ്ടതോടെ കടുംവെട്ട് നടത്തുകയാണ് എൽ.ഡി.എഫ് നേതാക്കളെന്നും സമിതി ആരോപിച്ചു.
കുടുംബം തകർക്കുന്ന ഈ തീരുമാനത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ജന. സെക്രട്ടറി വിൻസന്റ് മാളിയേക്കൽ, ചീഫ് കോഓഡിനേറ്റർ പ്രഫ. ടി.എം. രവീന്ദ്രൻ, പ്രഫ. ഒ.ജെ. ചിന്നമ്മ, ഇയ്യച്ചേരി പത്മിനി എന്നിവർ സംബന്ധിച്ചു.
തളിപ്പറമ്പ്: ബാറുകളുടെ പ്രവത്തനസമയം കൂട്ടുന്ന വിഷയത്തിൽ പ്രതിപക്ഷം അനുകൂല നിലപാട് എടുത്തെന്ന പരാമർശം ആവർത്തിച്ച് മന്ത്രി എം.ബി. രാജേഷ്. പരസ്യമായി ഒരു നിലപാട് എടുത്താൽ അതിൽ ഉറച്ചുനിൽക്കാനുള്ള മാന്യതയും സത്യസന്ധതയും ധൈര്യവും പ്രതിപക്ഷം കാണിക്കണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പറഞ്ഞതിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.
ബാർ സമയമാറ്റത്തിന് അനുകൂലമായ നിലപാട് പ്രതിപക്ഷം ഇങ്ങോട്ട് അറിയിക്കുകയായിരുന്നു. അതിൽ രഹസ്യമില്ല. ബാറുകാരുമായി പ്രതിപക്ഷം സംസാരിച്ചിരുന്നോയെന്ന് അറിയില്ല. സംസാരിച്ച കാര്യം പ്രതിപക്ഷ നേതാവാണ് വെളിപ്പെടുത്തേണ്ടത് - രഹസ്യമായി അങ്ങനെയൊരു നിലപാട് കൈക്കൊണ്ടിട്ടുണ്ടെങ്കിൽ അത് പരസ്യമായി പറയാൻ തയാറാകണം -മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.