ദുരന്തബാധിതർക്ക് കൈമാറുന്നതിനായി കൽപറ്റ ടൗൺഷിപ്പിൽ നിർമാണം പൂർത്തിയാകുന്ന വീടുകൾ
കൽപറ്റ: ഉരുൾ ദുരന്തബാധിതരുടെ പുനരധിവാസത്തിന് കല്പറ്റ എല്‍സ്റ്റണിലെ മാതൃക ടൗണ്‍ഷിപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവുന്നു. മുഖ്യമന്ത്രി പിണറായി വിജയന് 25ന് വൈകീട്ട് നാലിന് എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നടക്കുന്ന ചടങ്ങിൽ ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ട ഉദ്ഘാടനം, ഗുണഭോക്താക്കള്‍ക്ക് പട്ടയ വിതരണം എന്നിവ നിര്‍വഹിക്കും. ജില്ലയിലെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയില്‍ വിവിധ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ഏജന്‍സികളുടെയും തൊഴിലാളികളുടെയും ഏകോപിതമായ പ്രവര്‍ത്തനത്തിലൂടെയാണ് ടൗണ്‍ഷിപ് യാഥാര്‍ഥ്യമാകുന്നത്.
410 വീടും അനുബന്ധ സൗകര്യങ്ങളും വിഭാവനം ചെയ്ത ടൗണ്‍ഷിപ്പില്‍ ഒന്നാംഘട്ടത്തില്‍ 178 വീടുകളാണ് പൂര്‍ത്തിയായത്. ദുരന്തത്തില്‍ പൂര്‍ണമായും വീട് നഷ്ടമായ കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീടുകള്‍ നല്‍കുന്നത്.
പ്രകൃതിദുരന്തങ്ങള്‍ അതിജീവിക്കാന്‍ സാധിക്കുംവിധം ഏഴ് സെന്റ് ഭൂമിയില്‍ 1000 ചതുരശ്രയടിയില്‍ ഒറ്റനിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ്, സ്റ്റഡി റൂം, ഡൈനിങ്, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ വീടിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4705 ഹെക്ടര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 410 വീടുകളിലായി 1662ലധികം ആളുകള്‍ക്കാണ് തണലൊരുങ്ങുന്നത്. വീടുകള്‍ക്ക് പുറമെ പൊതു റോഡ്, ആരോഗ്യ കേന്ദ്രം, അംഗൻവാടി, പൊതുമാര്‍ക്കറ്റ്, കമ്യൂണിറ്റി സെന്ററുകള്‍ എന്നിവയും ഇതിന്റെ ഭാഗമായുണ്ടാവും. ആരോഗ്യ കേന്ദ്രത്തില്‍ ലബോറട്ടറി, ഫാര്‍മസി, പരിശോധന-വാക്സിനേഷന്-ഒബ്സര്‍വേഷന്‍ മുറികള്‍, ഒ.പി, ടിക്കറ്റ് കൗണ്ടര്‍ സൗകര്യങ്ങളും സജ്ജീകരിക്കും. പൊതു മാര്‍ക്കറ്റില്‍ കടകള്‍, സ്റ്റാളുകള്‍, ഓപണ്‍ മാര്‍ക്കറ്റ്, കുട്ടികള്‍ക്ക് കളിസ്ഥലം, പാര്‍ക്കിങ് എന്നിവ ഒരുക്കും.
മര്‍ട്ടി പര്‍പ്പസ് ഹാള്‍, കളിസ്ഥലം, ലൈബ്രറി, സ്പോട്സ് ക്ലബ്, ഓപണ്‍ എയര്‍ തിയറ്റര്‍ എന്നിവ കമ്യൂണിറ്റി സെന്ററില്‍ നിർമിക്കും. സോളാര്‍, മെമ്മോറിയല്‍, എം.സി.എഫ് എന്നിവയുണ്ടാകും. 2025 മാര്‍ച്ച് 27നാണ് മുഖ്യമന്ത്രി പിണറായി വിജയന് ടൗണ്‍ഷിപ്പിന് തറക്കല്ലിട്ടത്. എല്ലാം നഷ്ടമായ ഒരുകൂട്ടം ജനതയുടെ സ്വപ്നമാണ് പുനരധിവാസ ടൗണ്‍ഷിപ്. ടൗണ്‍ഷിപ്പിന്റെ ശേഷിച്ച നിർമാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്.
ഉദ്ഘാടന ചടങ്ങില്‍ റവന്യൂ മന്ത്രി കെ. രാജന് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ഒ.ആര്. കേളു, റോഷി അഗസ്റ്റിന്, എ.കെ. ശശീന്ദ്രന്, കടന്നപ്പള്ളി രാമചന്ദ്രന്, കെ.ബി. ഗണേഷ്കുമാര്, പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പ്രിയങ്ക ഗാന്ധി എം.പി, ടി. സിദ്ദിഖ് എം.എല്‍.എ, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, റവന്യൂ-ദുരന്തനിവാരണ വകുപ്പ് സെക്രട്ടറി എം.ജി. രാജമാണിക്യം, ജില്ല കലക്ടര്‍ ഡി.ആര്. മേഘശ്രീ, ടൗണ്‍ഷിപ് പ്രോജക്ട് സ്പെഷല്‍ ഓഫിസര്‍ എസ്. സുഹാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.