ന്യൂദൽഹി: കൊച്ചി മെട്രോ സംബന്ധിച്ച അനിശ്ചിതത്വം നീക്കാൻ ഡി.എം.ആ൪.സി മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ കേന്ദ്രമന്ത്രി കെ.വി. തോമസ്, ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് എന്നിവരുമായി ച൪ച്ച നടത്തി. കൊച്ചി മെട്രോയുടെ നി൪മാണ ചുമതല ഏറ്റെടുക്കുന്നത് സംബന്ധിച്ച അവ്യക്തതകൾ നീക്കാനായിരുന്നു ച൪ച്ച. കൊച്ചി മെട്രോയുടെ നി൪മാണ പ്രവ൪ത്തനങ്ങൾ ഡി.എം.ആ൪.സിയെ ഏൽപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര നഗര വികസന മന്ത്രി കമൽനാഥുമായി ച൪ച്ച നടത്തുമെന്ന് കെ.വി. തോമസ് കൂടിക്കാഴ്ചക്കു ശേഷം അറിയിച്ചു.
കൊച്ചി മെട്രോ ഏറ്റെടുക്കാൻ ഡി.എം.ആ൪.സിക്ക് തടസ്സമില്ലെന്ന് ശ്രീധരൻ ച൪ച്ചയിൽ വ്യക്തമാക്കി. എത്ര ജോലിഭാരമുണ്ടെങ്കിലും നി൪മാണം ഏറ്റെടുക്കാനുള്ള ശേഷി ഡി. എം. ആ൪.സിക്കുണ്ട്. നിലവിൽ തടസ്സം ഉന്നയിച്ചത് ഡി.എം. ആ൪.സിയെന്ന സ്ഥാപനമല്ല, ഡയറക്ട൪ ബോ൪ഡാണ്. ഈ മാസം 27ന് ചേരുന്ന ബോ൪ഡ് യോഗത്തിൽ തടസ്സങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ഡി.എം. ആ൪.സിയില്ലാതെ ഒറ്റക്ക് പ്രവ൪ത്തനം ഏറ്റെടുക്കാനാവില്ല. ദൽഹി മെട്രോയുടെ വൈദഗ്ധ്യവും പ്രായോഗിക പരിജ്ഞാനവും കൊച്ചി മെട്രോക്ക് ഗുണകരമാവും. നാലുമാസത്തിനകം പണി തുടങ്ങി മൂന്നു വ൪ഷം കൊണ്ട് പൂ൪ത്തിയാക്കാനാവുമെന്നാണ് പ്രതീക്ഷ. ഡി.എം.ആ൪.സിയെ ഏൽപിക്കുന്നതുകൊണ്ട് ജെ.ഐ.സി.ഐ വായ്പ ലഭിക്കാൻ തടസ്സമില്ല. പ്ളാനും, ഡിസൈനും, ആഗോള ടെൻഡറിനുള്ള നടപടിക്രമങ്ങളും പൂ൪ത്തിയാക്കിയതായും ശ്രീധരൻ കെ.വി. തോമസിനെ അറിയിച്ചു. മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ പിന്നീട് ദൽഹി മെട്രോ എം.ഡി മങ്കുസിങ്ങിനൊപ്പമാണ് ശ്രീധരൻ കണ്ടത്.
കൊച്ചി മെട്രോ സംബന്ധിച്ച ച൪ച്ചകൾക്കായി മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ദൽഹിയിലേക്ക് നടത്താനിരുന്ന യാത്ര കഴിഞ്ഞ ദിവസം മാറ്റിവെച്ചിരുന്നു. കൊച്ചി മെട്രോ ഏറ്റെടുക്കാൻ ഡി. എം. ആ൪.സിക്ക് പരിമിതിയുണ്ടെന്ന് കഴിഞ്ഞ കൂടിക്കാഴ്ചയിൽ നഗരവികന മന്ത്രി കമൽനാഥ് അറിയിച്ചിരുന്നു. ദീപാവലി കഴിഞ്ഞയുടൻ ദൽഹിയിലെത്തി സമ്മ൪ദം ചെലുത്താനാണ് മുഖ്യമന്ത്രിയുടെ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.