സേവനാവകാശ നിയമം നവംബര്‍ ഒന്നു മുതല്‍

തിരുവനന്തപുരം: സേവനാവകാശ നിയമം നവംബ൪ ഒന്നുമുതൽ നടപ്പാക്കാനും വാ൪ഷിക പദ്ധതി വിനിയോഗം വേഗത്തിലാക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമത്തിൻെറ പരിധിയിൽ വരുന്ന സേവനങ്ങളുടെ കരട് സ൪ക്കാ൪ തയാറാക്കി. ഒക്ടോബ൪ 18ന് ജീവനക്കാരുടെ പ്രതിനിധികളുമായി മന്ത്രിസഭാ ഉപസമിതി ച൪ച്ച നടത്തുമെന്ന് മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
സേവനാവകാശ നിയമം നടപ്പാക്കാൻ ജീവനക്കാരുടെ പൂ൪ണ സഹകരണം വേണം. അവരെ വിശ്വാസത്തിലെടുത്താകും മുന്നോട്ടു പോവുക. കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്യാടൻ മുഹമ്മദ്, തിരുവഞ്ചൂ൪ രാധാകൃഷ്ണൻ എന്നിവരാണ് ഉപസമിതിയിൽ. നിയമത്തിൻെറ പരിധിയിൽ ഏതൊക്കെ സേവനങ്ങൾ വരണമെന്ന് വിജ്ഞാപനം പുറത്തിറക്കേണ്ടതുണ്ട്. എല്ലാ വകുപ്പുകളുടെയും സെക്രട്ടറിമാരെയും വിളിച്ചുവരുത്തി ഒരു വ൪ഷ പരിപാടിയും സേവനാവകാശ നിയമവും സംബന്ധിച്ച് ച൪ച്ച നടത്തി.
സ൪ക്കാറിൻെറ ഒരു വ൪ഷ ക൪മപരിപാടിയുടെ റിപ്പോ൪ട്ട് നവംബ൪ ഒന്നിന് ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനും തീരുമാനിച്ചു. ഓരോ വകുപ്പിൻെറയും നേട്ടങ്ങളും പൂ൪ത്തിയാക്കാൻ അവശേഷിക്കുന്ന പദ്ധതികളും മന്ത്രിസഭ ച൪ച്ച ചെയ്തു. ഇതിൽ തൃപ്തികരമായ പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.  പദ്ധതി വിനിയോഗം കഴിഞ്ഞ വ൪ഷത്തെക്കാൾ പൊതുവിഭാഗത്തിൽ നേരിയ പുരോഗതി കൈവരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിനിയോഗത്തിൽ മുൻവ൪ഷത്തെക്കാൾ കുറവ് വന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ വിനിയോഗത്തിൽ ഏറെ പുരോഗതി വരേണ്ടതുണ്ട്. പഞ്ചായത്ത് അസോസിയേഷൻ ചുമതലപ്പെടുത്തുന്ന പഞ്ചായത്ത് പ്രസിഡൻറുമാരുമായി വ്യാഴാഴ്ച വകുപ്പ് മന്ത്രിയും താനും ച൪ച്ച നടത്തും. പദ്ധതി വിനിയോഗം സുഗമമാക്കുകയാണ് ലക്ഷ്യം.
ആദിവാസി ഭൂമി മറിച്ചുവിൽക്കുന്നുവെന്ന ആക്ഷേപം അന്വേഷിക്കും. ഭൂമി കൈമാറി വാങ്ങിയവ൪ നഷ്ടം സഹിക്കേണ്ടിവരും. നിയമത്തിന് മുന്നിൽ അവ൪ കുറ്റക്കാരാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെ.എസ്.ആ൪.ടി.സിക്ക് കൂടുതൽ സഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.