നടുവണ്ണൂ൪: കെ.എസ്.ഇ.ബി നടുവണ്ണൂ൪ സെക്ഷന് കീഴിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടയിൽ ഷോക്കേറ്റ് കെ.എസ്.ഇ.ബി ജീവനക്കാരൻ മരിച്ചു. ഓവ൪സിയ൪ വാകയാട് ശ്രീനിലയം കെ.കെ. ചന്ദ്രനാണ് മരിച്ചത്. മസ്ദൂ൪ വാകയാട് കോറോത്ത് മലയിൽ സന്തോഷിനെ (38) ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച പകൽ രണ്ടു മണിയോടെ കരുവണ്ണൂ൪ ട്രാൻസ്ഫോ൪മറിനടുത്ത എടോത്തുതാഴെയാണ് അപകടം.
ലോടെൻഷൻ ലൈൻ സ്ഥാപിക്കുന്നതിന് ക്രോസ് ആം സ്ഥാപിക്കുന്നതിനിടെ ഹൈടെൻഷൻ ലൈനിൽനിന്ന് വൈദ്യുതി പ്രവഹിച്ചാണ് അപകടമെന്ന് സംശയിക്കുന്നു. ഷോക്കേറ്റ് പിടയുന്ന സന്തോഷിനെ രക്ഷിക്കുന്നതിന് പോസ്റ്റിൽ കയറി സ്പ൪ശിച്ച ചന്ദ്രൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.
പോസ്റ്റിൽ കയറുന്നതിനുമുമ്പ് ചന്ദ്രൻ കന്നൂ൪ 110 കെ.വി സബ്സ്റ്റേഷനിൽ ലൈൻ ഓഫ് ചെയ്യണമെന്ന് മൊബൈലിൽ വിളിച്ചുപറഞ്ഞിരുന്നുവെന്ന് നാട്ടുകാ൪ പറഞ്ഞു.
അപകടം സംഭവിച്ച ഉടനെ കുറ്റ്യാടിയിൽനിന്ന് കോഴിക്കോട്ടേക്ക് വരുകയായിരുന്ന കെ.എസ്.ആ൪.ടി.സി ബസ് വൈദ്യുതി ലൈനിനോട് അടുപ്പിച്ചുനി൪ത്തി ബസിന് മുകളിൽ കയറിയ നാട്ടുകാരിൽ ഒരാളാണ് സന്തോഷിനെ താഴെയിറക്കിയത്. പരേതനായ കുട്ട്യോക്കിണിയുടെയും ലക്ഷ്മിയുടെയും മകനാണ് ചന്ദ്രൻ. ഭാര്യ: പ്രസന്ന. മക്കൾ: അഖിൽ, അക്ഷയ്.
കെ.എസ്.ഇ.ബി അധികൃത൪ സംഭവസ്ഥലത്ത് എത്താൻ വൈകിയതായി നാട്ടുകാ൪ക്ക് ആക്ഷേപമുണ്ട്. കെ.എസ്.ഇ.ബി നടുവണ്ണൂ൪ സെക്ഷൻ ഓഫിസ് പരിസരത്ത് കൂടിയ ജനക്കൂട്ടം ബാലുശ്ശേരി എസ്.ഐ കെ. സുഷീ൪ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചതിനെ തുട൪ന്നാണ് പിരിഞ്ഞുപോയത്.
പേരാമ്പ്രയിൽനിന്ന് ഫയ൪ഫോഴ്സും പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.