മാതാവിൻെറ ഗ൪ഭപാത്രത്തിലെ സുഖശീതള സമൃദ്ധിയിൽ കിടക്കുമ്പോൾ ലഭിക്കുന്ന സുരക്ഷിതത്വബോധം ജീവിതത്തിൽ പിന്നീടൊരിക്കലും ലഭിക്കാത്ത അപൂ൪വ സൗഭാഗ്യമാണെന്ന് ശിശുവിനറിയില്ല. ഗ൪ഭാവസ്ഥയിൽ സ്വന്തം ജീവരക്തവും പ്രസവശേഷം ജീവരക്തത്തെ സ്തന്യമാക്കി മാറ്റിയും ശിശുവിന് ആവോളം കൊടുക്കുന്നതിൽ മാതാവ് ഒരു ലുബ്ധതയും കാട്ടുന്നില്ല. സ്വന്തം ജീവനേക്കാൾ ആകാംക്ഷ ഈ സമയങ്ങളിലെല്ലാം തീ൪ച്ചയായും ശിശുവിൻെറ ജീവനിലായിരിക്കും. മാതാപിതാക്കളുടെ പരിപൂ൪ണ സംരക്ഷണം ആവശ്യമുള്ള ദീ൪ഘമായ ശൈശവമാണ് മനുഷ്യനുള്ളത്. ഈ സമയങ്ങളിലൊന്നും സ്നേഹത്തിന് ഒരു പിശുക്കും മാതാപിതാക്കൾ കാണിക്കാറില്ല.
എന്നാൽ, മാതാപിതാക്കൾ അവശരും വൃദ്ധരും രോഗികളുമാവുമ്പോൾ, അവരെക്കൊണ്ട് പിന്നീട് ഒരുപകാരവുമില്ലെന്ന് വരുമ്പോൾ ചില൪ക്കെങ്കിലും അവ൪ ഒരു ശല്യമായിത്തോന്നാറില്ലേ? തന്നോടു കാട്ടിയ സ്നേഹത്തിൻെറ ഒരംശമെങ്കിലും തിരിച്ചുനൽകാൻ വൈമുഖ്യം കാണിക്കാറില്ലേ? വൃദ്ധരായ മാതാപിതാക്കൾക്ക് അവരുടെ സ്വന്തം കാര്യത്തിനുതന്നെ പരസഹായം വേണ്ടിവരുമ്പോൾ ശകാരങ്ങളും ശാപവാക്കുകളും പീഡനങ്ങളും നൽകുന്ന മക്കളില്ലേ? ഇവ൪ അറിയുന്നുണ്ടോ ഇവരെ കണ്ടിട്ടാണ് ഇവരുടെ മക്കൾ പഠിക്കുന്നതെന്ന്; ഈ അവസ്ഥ തങ്ങൾക്കും ഒരിക്കൽ വന്നുകൂടായ്കയില്ലെന്ന്. ചില൪ ഇവരെ വീടിൻെറ ഏതെങ്കിലും ഒഴിഞ്ഞ മൂലയിൽ ആക്കുന്നു-ഉപയോഗമില്ലാത്ത സാധനങ്ങൾ നിക്ഷേപിക്കുന്നതുപോലെ. തീ൪ത്തും അവഗണിച്ച് ചിലരെ അനാഥാലയങ്ങളിൽ കൊണ്ടുവിടുന്നു. ചിലരെ വൃദ്ധസദനങ്ങളിൽ കൊണ്ടാക്കുന്നു. പെൻഷനോ മറ്റു വരുമാനങ്ങളോ ഉള്ളവ൪ക്ക് പൊതുവെ ഈ അവസ്ഥ വന്നുചേരാറില്ല. എന്നാൽ, എല്ലാവരും ഇത്തരക്കാരെന്ന് പറയാൻ പറ്റില്ല. സ്വന്തം ആവശ്യങ്ങൾ മാറ്റിവെച്ച് മാതാപിതാക്കളെ നോക്കുന്ന മക്കളുണ്ട്. അതുപോലെ മക്കളുടെ സാമ്പത്തിക വിഷമതകളും മറ്റു പ്രാരബ്ധങ്ങളും നോക്കാതെ കൂടക്കൂടെ പുതിയ ആവശ്യങ്ങളും ശാഠ്യങ്ങളും ഉന്നയിക്കുന്ന മാതാപിതാക്കളും ഉണ്ട്.
വാ൪ധക്യം ജീവിതത്തിൻെറ ഒരവസ്ഥ മാത്രമാണ്. സാധാരണഗതിയിൽ എല്ലാവരും കടന്നുപോകേണ്ട ഒരവസ്ഥ. ഇന്നത്തെ യുവജനതയെ കാത്തിരിക്കുന്ന ഒരവസ്ഥ. ഈ ഘട്ടത്തിൽ ശാരീരികമായും മാനസികമായും പല അവശതകളും വന്നുചേരാം. ശരീരത്തിലെ സെല്ലുകളുടെ പ്രവ൪ത്തനശേഷി കുറയുന്നു. രോഗപ്രതിരോധശേഷി കുറയുന്നു. തന്മൂലം രോഗങ്ങൾക്ക് എളുപ്പത്തിൽ അടിപ്പെടുന്നു. ഓ൪മശക്തി കുറയുന്നു. ഉറക്കക്കുറവ്, തൊലിക്ക് ചുക്കിച്ചുളിവ്, നര എന്നിവ ബാധിക്കുന്നു. ചിലരിൽ സമ്പൂ൪ണ സ്മൃതിനാശം തന്നെ സംഭവിച്ചേക്കാം.
ആദ്യംതന്നെ ശ്രദ്ധിക്കുകയാണെങ്കിൽ വാ൪ധക്യത്തിൻെറ അവശതകളെ ഒരു പരിധിവരെ ലഘൂകരിക്കാം. ചിട്ടയായ വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. ഭക്ഷണകാര്യത്തിലും നിയന്ത്രണം പാലിക്കണം. വറുത്തതും പൊരിച്ചതും മാംസാഹാരവും നിയന്ത്രിക്കണം. പച്ചക്കറികളും ഇലക്കറികളും പഴവ൪ഗങ്ങളും നിത്യവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഫാസ്റ്റ്ഫുഡ് സംസ്കാരം ഉപേക്ഷിക്കണം. മദ്യപാനം, പുകവലി എന്നിവ വെടിയണം. ടെൻഷൻ ഒഴിവാക്കി മനസ്സിന് ശാന്തതയും സന്തോഷവും കൈവരുത്തണം. യോഗാഭ്യാസവും ധ്യാനവും ശീലിക്കുന്നത് നല്ലതാണ്. ദുഷ്ടവിചാരങ്ങൾ മനസ്സിൽനിന്ന് അകറ്റി സദാ പ്രസന്നവദനനാകണം. ഉള്ള സമ്പാദ്യമെല്ലാം മക്കളുടെ പേരിൽ എഴുതിക്കൊടുത്ത് ശിഷ്ടകാലം അവരുടെകൂടെ സുഖമായി കഴിയാമെന്ന് വിചാരിക്കുന്നത് ബുദ്ധിയല്ല. സ്വന്തമായി എന്തെങ്കിലും വരുമാനമോ സ്വത്തോ ഉണ്ടായിരിക്കുന്നതാണ് നല്ലത്.
വൃദ്ധരുടെ പ്രശ്നങ്ങൾ ഇത്രയും സങ്കീ൪ണമാവാൻ കാരണം കൂട്ടുകുടുംബ സമ്പ്രദായത്തിൻെറ തക൪ച്ചയാണ്. മാറിയ വ്യവസ്ഥിതിയിൽ ഭ൪ത്താവിനും ഭാര്യക്കും ജോലിക്കു പോവേണ്ടതായി വരുന്നു. രണ്ടുപേരും ജോലിക്കും കുട്ടികൾ (ഒന്നോ രണ്ടോ) സ്കൂളിലേക്കും പോയാൽ അവശരായ അച്ഛനമ്മമാരുടെ കാര്യംനോക്കാൻ ആളില്ലാതെ വരുന്നു. കൂട്ടുകുടുംബത്തിലാണെങ്കിൽ അവിടെ വേറെയും ആളുകൾ കാണുമായിരുന്നു. എന്നാൽ, ഇനി കൂട്ടുകുടുംബത്തിലേക്കുള്ള തിരിച്ചുപോക്ക് അസാധ്യവുമാണ്. 2001ലെ സെൻസസ് പ്രകാരം വൃദ്ധ൪ ജനസംഖ്യയുടെ 10.5 ശതമാനം വരും. അഖിലേന്ത്യാ ശരാശരി 7.5 ശതമാനം മാത്രമാണ്. ഇങ്ങനെ പോയാൽ 2031ൽ ജനസംഖ്യയുടെ 25 ശതമാനം വൃദ്ധരാവും കേരളത്തിൽ.
ഇന്ന് കേരളത്തിൽ വൃദ്ധസദനങ്ങൾ കൂണുകൾപോലെ മുളച്ചുപൊന്തുന്ന കാഴ്ചയാണ് കാണുന്നത്. വൃദ്ധജനതയുടെ പ്രശ്നങ്ങൾക്കിത് മതിയായ പരിഹാരമാവുന്നുമില്ല. വാ൪ധക്യത്തിൽ വേണ്ടത് ബന്ധുജനങ്ങളിൽനിന്നുള്ള സ്നേഹവും, രോഗങ്ങൾക്കും മറ്റു ശാരീരിക അവശതകൾക്കുമുള്ള പരിചരണവുമാണ്. വൃദ്ധസദനങ്ങൾക്ക് ഇതിൽ ആദ്യത്തേതിന് ഒന്നും ചെയ്യാനാകില്ലല്ലോ. മറ്റെല്ലാ രംഗത്തുമെന്നപോലെ വൃദ്ധസദനങ്ങളും ഒരു വൻ ബിസിനസായി വള൪ന്നിരിക്കുകയാണിന്ന്. ഈ അവസ്ഥയിൽ അവിടെ വൃദ്ധജനങ്ങളുടെ ക്ഷേമത്തിനായിരിക്കും പ്രാധാന്യം ലഭിക്കുക എന്ന് വിശ്വസിക്കാൻ കഴിയില്ല.
ആയുസ്സിൻെറ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിൻെറ സായംസന്ധ്യയിൽ രോഗങ്ങളാലും വാ൪ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയിൽ കഴിയുമ്പോൾതന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾക്ക് ഇക്കാര്യത്തിൽ പലതും ചെയ്യാൻ കഴിയും. എന്നാൽ, നടപ്പാക്കേണ്ട പദ്ധതികളെപ്പറ്റി ഒരു കാഴ്ചപ്പാടും ഇല്ലാത്ത അവസ്ഥയാണ് ഇന്നുള്ളത്. അതിനാൽ തന്നെ പല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും നടപ്പാക്കുന്ന പ്രോജക്ടുകൾ ഇവ൪ക്ക് ഒരു പ്രയോജനവുമില്ലാതെ പോകുന്നു.
ഓരോ പഞ്ചായത്തിലും ‘സ്നേഹഭവൻ’ എന്ന പേരിലോ മറ്റോ മുതി൪ന്ന പൗരന്മാ൪ക്കുവേണ്ടി സ്ഥാപനം ഉണ്ടാകണം. 65 വയസ്സുതികഞ്ഞ ആ൪ക്കും അവ൪ ആഗ്രഹിക്കുന്നെങ്കിൽ അവിടെ പ്രവേശം നൽകണം. വരുമാനമുള്ളവരിൽനിന്ന് കഴിവനുസരിച്ച് നികുതി ഈടാക്കാം. ദിവസം മുഴുവൻ അവിടെ തങ്ങുന്നവ൪ക്ക് അതിനും കുറച്ചുസമയം മാത്രം ചെലവഴിക്കുന്നവ൪ക്ക് അതിനുമുള്ള സൗകര്യം ഉണ്ടായിരിക്കണം. താമസം, ഭക്ഷണം, പ്രാഥമിക ചികിത്സാ സൗകര്യങ്ങൾ, വായനശാല, വിനോദത്തിനും വ്യായാമത്തിനും പ്രാ൪ഥനക്കും യോഗാഭ്യാസത്തിനുമുള്ള സൗകര്യങ്ങൾ, പരിചാരകരുടെ സേവനം എന്നിവ ലഭ്യമാക്കണം. അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലായിരിക്കണം പ്രവ൪ത്തനം.
വയോജനങ്ങൾ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളിൽ വളരണം. അവരുടെ അഭിപ്രായങ്ങൾക്ക് വില കൽപിക്കണം. ഇത്തരത്തിലുള്ള പ്രവ൪ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നി൪വഹിക്കുന്നുള്ളൂ. ഫലത്തിൽ അത് ഇന്നത്തെ യുവാക്കൾക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയിൽ എത്തിച്ചേരുന്നവരാണല്ലോ അവ൪. വൃദ്ധജനങ്ങളുടെ കണ്ണീ൪ വീണാൽ ആ ചൂടിൽ സമൂഹ മന$സാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും -കാലത്തിനും അണക്കാൻ കഴിയാത്ത കനലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.