തീവണ്ടി ജീവിതം പോലെയാണ്, നാഴികയോട് നാഴിക കൊളുത്തി നീങ്ങുന്ന ജീവിതം. പാളത്തിൻെറയും ചക്രത്തിൻെറയും ഇരുമ്പുകൾ തമ്മിൽ കേവലം ഒരംഗുലം മാത്രംവരുന്ന ബന്ധമാണുള്ളത്. ആ ബന്ധനത്തിൻെറ കരുത്തിലാണ് കാതങ്ങളുടെ ആ കുതിപ്പ്. സമാന്തരങ്ങൾക്കുമീതെ രാവും പകലും മഴയും വെയിലുമൊന്നും കണക്കാക്കാതെ ലക്ഷ്യംതേടി അലയുന്ന തീവണ്ടി കിതപ്പാറ്റുമ്പോഴേക്കും അതിലെ യാത്രിക൪ ഒരു നന്ദിവാക്കുപോലും ഉരിയാടാതെ ഇറങ്ങിപ്പോകും. നമ്മളുടെയൊക്കെ ജീവിതത്തിൻെറ നേ൪ക്കാഴ്ച.
തത്ത്വചിന്താപരമായ വിശകലനവും കൂട്ടിച്ചേ൪ക്കലുമൊക്കെ അവിടെ നിൽക്കട്ടെ. തീവണ്ടി ഓടിക്കുന്നവരുടെ ജീവിതമോ? കൽക്കരിയിൽ തുടങ്ങി വൈദ്യുതിയിലെത്തിനിൽക്കുന്ന ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തോടൊപ്പം നടന്ന ഒരു ലോക്കോ പൈലറ്റിന് എന്തെല്ലാം പറയാനുണ്ടാകും..? കുഞ്ഞുന്നാളിൽ അമ്മയാട്ടിയ തൊട്ടിലിൽ വിരൽകുടിച്ചു കിടന്നുറങ്ങിയ അതേ സുഖ സുരക്ഷിതത്വങ്ങളോടെ തീവണ്ടി ബ൪ത്തിൽ നമ്മൾ മൂടിപ്പുതച്ച് കുലുങ്ങിയുറങ്ങുമ്പോൾ, നമുക്കുവേണ്ടി കണ്ണിമചിമ്മാതെ തീവണ്ടിയോടിക്കുന്നവ൪ക്ക് ഒത്തിരി പറയാനുണ്ടാവും. അക്കഥകളാണ് നീണ്ട നാലു പതിറ്റാണ്ടുകാലം തീവണ്ടിയോടിച്ച കൊല്ലം വടക്കേവിള കൈലാസിൽ ജി. ശിവശങ്കരൻ നായ൪ എന്ന അറുപത്തഞ്ചുകാരൻ പങ്കുവെക്കുന്നത്.
കുതിച്ചുപായുന്ന തീവണ്ടിക്കുമുന്നിൽ ഇരുട്ടിൻെറ മറവിൽനിന്നെത്തി, തൊഴുകൈയോടെ മരണം ഏറ്റുവാങ്ങിയ അജ്ഞാതനായ യുവാവു മുതൽ രണ്ടു തീവണ്ടികൾക്കിടയിൽപെട്ട് അതിദാരുണമായി മരിക്കേണ്ടിവന്ന ദാവണിക്കാരിവരെയുണ്ട് ആ ഓ൪മകളിൽ. ഒരു ലോക്കോ പൈലറ്റിൻെറ നിസ്സഹായതയും ഇതുതന്നെയാണ്. തീവണ്ടിക്കുമുന്നിൽ ഒരു ജീവൻ അപകടത്തിലാവാൻ നിമിഷാ൪ധങ്ങൾ മാത്രം ശേഷിക്കുമ്പോഴും ആ ജീവൻ രക്ഷിക്കാൻ ഒരു വിസിലടിക്കപ്പുറം ഒന്നും ചെയ്യാനാവാതെപോകുന്ന നിസ്സഹായത. പിന്നിൽ, തന്നെ ഭരമേൽപിച്ച് യാത്രയിലേക്ക് പ്രവേശിച്ച ആയിരങ്ങളെ ഓ൪ത്തുള്ള ഉത്തരവാദിത്തം കല൪ന്ന നിസ്സഹായത. ഒരുപക്ഷേ, ഈ നിസ്സഹായതതന്നെയാണ് ഒരു ലോക്കോപൈലറ്റിനെ മറ്റെല്ലാ വാഹനസാരഥികളിൽനിന്നും വ്യത്യസ്തനാക്കി നി൪ത്തുന്നതും.
തീവണ്ടികൾക്കിടയിലെ പെൺകുട്ടി
‘‘ആ തീയതി ഞാൻ മറക്കില്ല. 1966 ജൂൺ 16 വ്യാഴാഴ്ചയായിരുന്നു അന്ന്. ഏതാണ്ട് 20 വയസ്സോളം വരും എനിക്ക്. അന്ന് കൽക്കരിയിൽ ഓടുന്ന തീവണ്ടികൾമാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞാൻ ഫസ്റ്റ് ഫയ൪മാനായി ജോലിയിൽ കയറിയിട്ട് ഏതാനും ആഴ്ചകളേ ആയിട്ടുള്ളൂ. രണ്ടുമാസത്തെ പരിശീലനത്തിനായി ഷട്ടിൽ തീവണ്ടിയിൽ നിയോഗിക്കപ്പെട്ടിരിക്കുകയാണ്.
കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് രാവിലെ കോട്ടയത്തുനിന്നും പുനലൂരിൽനിന്നും രണ്ടു ഷട്ടിൽ തീവണ്ടികൾ വരും. രണ്ടും മീറ്റ൪ഗേജ് പാതയാണ്. ഇരു പാതകളും കല്ലുതാഴം എന്നയിടം മുതൽ സമാന്തരമായി കൊല്ലം സ്റ്റേഷനിലേക്ക് നീളുന്നതാണ്. രണ്ടു വണ്ടികളും ഒരേസമയം രണ്ടു പാതകളിലായി കൊല്ലത്തേക്ക് ഓടിവരുകയാണ്. ഇവയിൽ ഒരു തീവണ്ടിക്കു മാത്രമേ സ്റ്റേഷനിൽനിന്ന് ഒരുസമയം സിഗ്നൽ ലഭിക്കൂ. ഞാൻ പുനലൂ൪-കൊല്ലം ഷട്ടിലിൻെറ എൻജിൻ മുറിയിൽ ബോയിലറിനു ചുറ്റും കൽക്കരി നിറച്ച് എൻജിൻ ഡ്രൈവറെ സഹായിച്ച് നിൽക്കുകയാണ്. അന്ന് എൻജിൻ ഡ്രൈവറുടെ തസ്തിക ലോക്കോ പൈലറ്റ് എന്ന് പുന൪നാമകരണം ചെയ്തിട്ടില്ല. ഒരു ക്യൂബിക് ഇഞ്ച് സ്ഥലത്ത് 120 പൗണ്ട് ആവിയുടെ സമ്മ൪ദം ഉറപ്പാക്കിയാലേ യന്ത്രം പ്രവ൪ത്തിക്കുകയുള്ളൂ. വളരെ ശ്രമകരമായ ജോലിയാണത്.
ട്രിപ്പ് തീരാൻ പോകുന്നതിൻെറ ആലസ്യത്തിൽ എൻജിനിലെ ഇടത്തേ ജനാലവഴി ഞാൻ പുറംകാഴ്ചകൾ കാണുകയും സിഗ്നൽ ശ്രദ്ധിക്കുകയും ചെയ്ത് നിൽക്കുകയാണ്. തീവണ്ടികൾ മെല്ലെ നീങ്ങുന്നുണ്ട്. ഞങ്ങൾക്ക് സിഗ്നൽ കിട്ടിയില്ല. തീവണ്ടി നി൪ത്താനൊരുങ്ങുകയാണ് ഡ്രൈവ൪.
നെഞ്ചിൽ അമ൪ത്തിപ്പിടിച്ച പുസ്തകങ്ങളും ചോറ്റുപാത്രവുമായി ഒരു ദാവണിക്കാരിയതാ ഞങ്ങളുടെ വണ്ടിക്കു മുന്നിൽ. കൊല്ലത്തെ ഏതോ കോളജിൽ പഠിക്കുന്ന കുട്ടിയാണ്. പാളം മുറിച്ചുകടക്കുന്നതിനിടെ തീവണ്ടിക്കു മുന്നിൽ വന്നുപെട്ടതിൻെറ പരിഭ്രമവും ആശങ്കയും ജീവൻ രക്ഷിക്കാനുള്ള വ്യഗ്രതയുമെല്ലാം ആ കുട്ടിയുടെ മുഖത്തുകാണാം. ഡ്രൈവ൪ ദീ൪ഘമായി വിസിൽമുഴക്കി. തീവണ്ടി ബ്രേക്കിട്ടുനി൪ത്തുകയും ചെയ്തു.
ഈ സമയം സിഗ്നൽ കിട്ടിയ മറ്റേ തീവണ്ടി ഇതൊന്നുമറിയാതെ പാഞ്ഞുവരുകയായിരുന്നു. ഈ വണ്ടിയുടെ വരവും പെൺകുട്ടിയുടെ അവസ്ഥയും ഒരേസമയം കണ്ട ഞങ്ങളുടെ വണ്ടിയിലെ യാത്രക്കാ൪ ചോറുപൊതികളും കുടയും ബാഗുമെല്ലാമെടുത്ത് പെൺകുട്ടിയെ എറിഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഞാനും ഡ്രൈവറും സെക്കൻഡ് ഫയ൪മാനും അലറിവിളിച്ചു. ഞങ്ങളുടെ തീവണ്ടി നി൪ത്തിയത് ശ്രദ്ധിച്ച് പാളം മുറിച്ചുകടക്കുന്ന പെൺകുട്ടി ഇതൊന്നും കേൾക്കുന്നതേ ഉണ്ടായിരുന്നില്ല. ഒടുവിൽ, അനിവാര്യമായത് സംഭവിച്ചു. മറ്റേ തീവണ്ടി പെൺകുട്ടിയെ ഇടിച്ചു തെറിപ്പിച്ചു. ഏകദേശം മൂന്നാൾ പൊക്കത്തിൽ പെൺകുട്ടി ഉയ൪ന്നു പൊങ്ങി അന്തരീക്ഷത്തിൽവെച്ച് ഒന്നു തിരിഞ്ഞ് തിരികെ ട്രാക്കിലേക്ക്. ട്രാക്കിൽവീണ പെൺകുട്ടിയുടെ മുകളിലൂടെ കോട്ടയം-കൊല്ലം തീവണ്ടി കയറിപ്പോയി.
ആദ്യമായാണ് ഞാനൊരു ‘ട്രെയിൻ റണ്ണോവ൪’ നേരിട്ടു കാണുന്നത്. കണ്ണുകളിൽ ഇരുട്ടു കയറിയതുപോലെ. കാതുകൾക്കുള്ളിൽ കൊടുങ്കാറ്റൂതുന്നു. ചേതന മരവിച്ചമാതിരി. അവയവങ്ങളൊന്നും അനക്കാനാവാതെ ഞാൻ തീവണ്ടി എൻജിൻെറ ജാലകപ്പടിയിൽ തല ചായ്ച്ചിരുന്നു...’’
കൺമുന്നിൽകണ്ട ആദ്യ മരണത്തിൻെറ കഥ നാലര പതിറ്റാണ്ടിനിപ്പുറം ഓ൪ത്തെടുക്കുമ്പോഴേക്കും ശിവശങ്കരൻ നായരുടെ കൺതടങ്ങൾ സജലങ്ങളായിരുന്നു. കട്ടിക്കണ്ണടക്കുള്ളിലെ നിറംമങ്ങിത്തുടങ്ങിയ കണ്ണുകളിൽ ഈ രംഗം കണ്ട് ആകെ ഭയന്നുപോയൊരു തുടക്കക്കാരൻെറ പരിഭ്രമം മുഴുവൻ പ്രതിബിംബിച്ചു.
ഒരു പലായനം
‘‘എല്ലാം നടന്നത് രണ്ടോ മൂന്നോ നിമിഷങ്ങൾക്കുള്ളിലാണ്. ഞങ്ങളുടെ വണ്ടിക്ക് സിഗ്നൽ കിട്ടി. ലോക്കോ ഷെഡിൽ ഒതുക്കി. അന്ന് ഞാൻ കൊല്ലത്ത് സി.പി മിഷൻെറ പിന്നിലെ ഒരു ലോഡ്ജിലായിരുന്നു താമസം. അവിടെയെത്തി പാൻറ്സും ഷ൪ട്ടുമൊക്കെ എടുത്ത് ആരോടും ഒന്നും പറയാതെ മുരുക്കുംപുഴയിലെ വീട്ടിലേക്കു പോയി. ഈ ജോലി ഇനി വേണ്ടെന്ന് മനസ്സിലുറച്ചാണ് യാത്ര. ലീവെടുത്ത് വന്നു എന്നേ വീട്ടിൽ പറഞ്ഞുള്ളൂ. പക്ഷേ, ലീവ് എടുക്കാതെയാണ് പോയത്. ബദി ഉസ്മാൻ എന്നൊരു പഠാണി ആയിരുന്നു എൻെറ ലോക്കോ പൈലറ്റ്. അടുത്ത ട്രിപ്പിന് അദ്ദേഹം എന്നെ അവിടെയൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പകരക്കാരനായി മറ്റൊരു ഫയ൪മാനെ തരപ്പെടുത്തി. ഞാൻ വീട്ടിൽ പോയതായി അദ്ദേഹം എങ്ങനെയോ അറിഞ്ഞിരുന്നു. എല്ലാവരും അങ്ങേയറ്റം ആദരവോടെ കണ്ടിരുന്നു ബദി ഉസ്മാനെ. അദ്ദേഹത്തിൻെറ മകനും എന്നോടൊപ്പം ജോലി നോക്കിയിരുന്നു. അതുകൊണ്ടുതന്നെ, എന്നോടൊരു പുത്രനി൪വിശേഷമായ സ്നേഹമുണ്ടായിരുന്നു അദ്ദേഹത്തിന്. ഞാൻ വീട്ടിൽ പോയിരിക്കുകയാണ്, മടങ്ങിവരുംവരെ അവധി ഇട്ടേരെ എന്ന് ബദി ഉസ്മാൻ ഓഫിസിൽ പറഞ്ഞു. ഓഫിസിൽ അത് അപ്പടി പാലിക്കപ്പെട്ടു.
അദ്ദേഹം തീവണ്ടിയുമായി അടുത്ത യാത്ര പോകുമ്പോൾ കോട്ടയത്തുവെച്ച് എൻെറ ജ്യേഷ്ഠൻ ഗംഗാധരൻ പിള്ളയെ കണ്ടു. ജ്യേഷ്ഠൻ റെയിൽവേയിൽ പെ൪മനൻറ് വേ ഇൻസ്പെക്ടറായിരുന്നു. തീവണ്ടി കോഷനിൽ ഓടിക്കുമ്പോഴാണ് എൻജിനിലിരുന്ന ബദി ഉസ്മാൻ ട്രാക്കിൽ നിൽക്കുന്ന ജ്യേഷ്ഠനെ കണ്ടത്.
ഞാൻ ഒന്നുംപറയാതെ നാട്ടിൽപോയെന്നും എന്തോ പ്രശ്നമുണ്ട്, അന്വേഷിക്കണമെന്നും ജ്യേഷ്ഠനെ അറിയിച്ച് അദ്ദേഹം യാത്രതുട൪ന്നു.
വൈകീട്ട് ജ്യേഷ്ഠൻ വീട്ടിൽ വന്നു. എനിക്കിനി ആ ജോലി ചെയ്യാൻ വയ്യെന്നും കണ്ട കാഴ്ച എന്നെ വേട്ടയാടുന്നുവെന്നും ഞാൻ പറഞ്ഞു. ഈ കാഴ്ചയൊക്കെ തീവണ്ടിജീവിതത്തിലെ പതിവുകാര്യമാണെന്നും പോകപ്പോകെ അതൊരു ശീലമായിക്കൊള്ളുമെന്നുമായിരുന്നു ജ്യേഷ്ഠൻെറ ഉപദേശം. ജ്യേഷ്ഠൻെറ ഉപദേശങ്ങൾക്കും നി൪ബന്ധത്തിനും വഴങ്ങി രണ്ടുനാളിനുശേഷം ഞാൻ വീണ്ടും തീവണ്ടിയിൽ കയറി...’’
ഒരു പലായനത്തിൻെറ പുനരാവ൪ത്തനത്തിൽ ബദി ഉസ്മാൻ എന്ന പഠാണി ലോക്കോപൈലറ്റിനോടുള്ള കടപ്പാടിൻെറ ഊഷ്മളത നിറയുന്നു.
പത്രംവായിച്ചറിഞ്ഞ കൂട്ടമരണം
‘‘മാസം ഓ൪മയിൽ നിൽക്കുന്നില്ല. 2000ത്തിൽ ആണെന്നാണ് ഓ൪മ. ഞാൻ തിരുവനന്തപുരത്തേക്കുള്ള രാജധാനി എക്സ്പ്രസ് ഓടിക്കുകയാണ്. ഷൊ൪ണൂരിൽനിന്നാണ് കയറിയത്. തൃശൂ൪ സ്റ്റേഷൻ അടുക്കാറായി. സമയം രാത്രി ഏതാണ്ട് ഒരു മണി. തൃശൂരിൽ വണ്ടിക്ക് സ്റ്റോപ്പില്ല. സ്റ്റേഷൻെറ വടക്കേ അതി൪ത്തിയിൽ കാര്യമായ ഒരു വളവുണ്ട്. ശ്രദ്ധാപൂ൪വം ഈ വളവ് തിരിഞ്ഞുവരുകയാണ് തീവണ്ടി. ഇരുട്ടും വളവും ആയതിനാൽ മുന്നിൽനടക്കുന്നത് അത്രയൊന്നും വ്യക്തമല്ല. സിഗ്നൽ മാത്രമാണ് എപ്പോഴും ഒരു ലോക്കോ പൈലറ്റിൻെറ കണ്ണിലും മനസ്സിലും നിറഞ്ഞുനിൽക്കുക.
ട്രാക്കിൻെറ ഇരുവശത്തുനിന്നും ആളുകൾ ബഹളംകൂട്ടി സംസാരിക്കുന്നതുകേൾക്കാം. ഒന്നും വ്യക്തമല്ല. ഞാൻ ചെറുതായൊന്ന് ബ്രേക് ചെയ്തെങ്കിലും സ്റ്റേഷനിൽനിന്ന് ഗാ൪ഡിൻെറ പച്ച സിഗ്നൽ കിട്ടി. എനിക്കു മുന്നിൽ മറ്റു മാ൪ഗങ്ങളില്ല. ഞാൻ സ്വാഭാവികമായി തീവണ്ടിയുമായി തൃശൂ൪ സ്റ്റേഷൻ കടന്ന് യാത്രതുട൪ന്ന് തിരുവനന്തപുരത്തെത്തി.
പിറ്റേന്നത്തെ പത്രം വായിച്ചാണ് അറിഞ്ഞത്, ഞാനോടിച്ച രാജധാനിക്ക് അടിയിൽപെട്ട് മൂന്നു ജീവിതങ്ങൾ തൃശൂ൪ സ്റ്റേഷനടുത്തുള്ള വളവിലെ ട്രാക്കിൽ പൊലിഞ്ഞെന്ന്. ഈ നിസ്സഹായത വേറെ ഏതു വാഹന സാരഥികൾക്കുണ്ടാകും?’’
ഉത്തരമില്ലാത്ത ചോദ്യവുമായി സ്വന്തം മനസ്സിൻെറ നീറ്റൽ നമ്മളിലേക്ക് പകരുകയാണ് ശിവശങ്കരൻ നായ൪.
കണിയാംകുടി പാലത്തിലെ സ്ത്രീ
‘‘1998ലെ ഒരു സന്ധ്യമയങ്ങും നേരം. മദ്രാസ് മെയിലുമായി ഞാൻ തിരുവനന്തപുരത്തുനിന്ന് എറണാകുളം ഭാഗത്തേക്ക് പോവുകയാണ്. തൃപ്പൂണിത്തുറക്കും എറണാകുളത്തിനും ഇടക്കുള്ള കണിയാംകുടി പാലം എത്താറായി. 90 കിലോമീറ്റ൪ വേഗതയിൽ തീവണ്ടി ഓടിക്കുമ്പോൾ പ്രായമായൊരു സ്ത്രീ പാലത്തിനരികിലൂടെ ഓടുന്നത് കണ്ടു. ചെറിയൊരു വളവുമുണ്ട് അവിടെ. വണ്ടി പാലത്തിൽ പ്രവേശിച്ചുകഴിഞ്ഞു.
സ്വന്തം ജീവൻ രക്ഷിച്ചെടുക്കാനായി അവ൪ അവസാന പരിശ്രമം നടത്തുകയാണ്. ഞാൻ വണ്ടിക്ക് ബ്രേക്കിട്ടു. നിൽക്കില്ല എന്നത് ഉറപ്പാണ്. നിമിഷങ്ങൾക്കുംകവണ്ടി അവരെ ഇടിച്ച് പുഴയിലിട്ടു. ഒരു ലോക്കോപൈലറ്റിനെ സംബന്ധിച്ച് പിന്നെയൊന്നും ചെയ്യാനില്ല. എറണാകുളം സ്റ്റേഷനിലെത്തി എല്ലാ വിവരവും എഴുതി നൽകി എൻെറ യാത്രക്കാരുമായി ഞാൻ യാത്ര തുട൪ന്നു. എൻെറ മനസ്സിനെ വല്ലാതെയുലച്ച മരണക്കാഴ്ചയായിരുന്നു അത്.
തീവണ്ടി എൻജിനുമുന്നിൽ ഒരു ഉരുക്കുവേലിയുള്ളത് കണ്ടിട്ടില്ലേ? ആവിയന്ത്രത്തിനുമുന്നിലുള്ള ആ വേലിയെ ‘കൗ കാച്ച൪’ എന്നാണ് പറയുന്നത്. ഡീസൽ, ഇലക്ട്രിക്കൽ എൻജിനുകളുടേതിൻെറ പേര് ‘കാറ്റിൽ ഗാ൪ഡ്’ എന്നാണ്. ഒരാളെ തീവണ്ടി മുട്ടിയാൽ ഇതായിരിക്കും ഇടിക്കുക. ഇടിക്കപ്പെടുന്നയാൾ ട്രാക്കിൽ വീഴാതെ വശത്തേക്ക് വീഴാനുള്ള പാകത്തിലാണ് ഇതിൻെറ ഘടന. അതുകൊണ്ടാണ് ആദ്യം പറഞ്ഞ പെൺകുട്ടി ഇടിയേറ്റ് ഉയ൪ന്നു പൊങ്ങിയതും കണിയാംകുടി പാലത്തിലെ സ്ത്രീ ഇടിയേറ്റു മരിച്ച് പുഴയിലേക്ക് പതിച്ചതും.’’
തീവണ്ടി നൽകിയ ജീവിതം
മരണത്തിന് മൂകസാക്ഷിത്വം വഹിച്ചതും നെഞ്ചുരുകുന്നതുമായ അനുഭവങ്ങൾ ഇനിയുമൊത്തിരിയുണ്ട് ശിവശങ്കരൻ നായ൪ എന്ന മുൻ ലോക്കോ പൈലറ്റിന്. സ്വന്തം ജീവിതം മറ്റൊരാൾ ഓടിച്ച തീവണ്ടി രക്ഷിച്ചുനൽകിയ ജീവിത കഥയുടെകൂടി ഉടമയാണ് ഈ തീവണ്ടിയോട്ടക്കാരൻ. അക്കഥ ശിവശങ്കരൻ നായ൪തന്നെ പറയട്ടെ:
‘‘1988 ജൂൺ ആറുമുതൽ ഒരു മാസക്കാലം ബംഗളൂരുവിൽവെച്ച് ലോക്കോ പൈലറ്റുമാ൪ക്ക് റഫ്രഷ൪ കോഴ്സ് നടത്തിയിരുന്നു. ജൂലൈ ആറിന് കോഴ്സ് കഴിഞ്ഞു. പിറ്റേന്ന് വൈകീട്ട് അവിടെനിന്ന കന്യാകുമാരി ഐലൻഡ് എക്സ്പ്രസിനായിരുന്നു എൻെറ മടക്കടിക്കറ്റ്. ട്രെയിനിങ് അൽപം നേരത്തേ കഴിഞ്ഞതിനാൽ ആറാം തീയതി വൈകീട്ട് ഐലൻഡിൽ കയറിയ ഞാൻ ഏഴിന് ഉച്ചകഴിഞ്ഞ് കൊല്ലത്തെത്തി.
എനിക്ക് മടങ്ങിവരാനായി ടിക്കറ്റ് ബുക് ചെയ്തിരുന്ന, ഏഴാം തീയതി വൈകീട്ട് വിടുന്ന ഐലൻഡ് എക്സ്പ്രസാണ് പിറ്റേന്ന് ഉച്ചക്ക് 1.30ന് അഷ്ടമുടിക്കായലിലേക്ക് കൂപ്പുകുത്തിയത്. നിശ്ചയമായും ഞാൻ യാത്രചെയ്യുമായിരുന്ന മുൻഭാഗത്തെ ബോഗികളിൽ ഇരുന്നവരാണ് മരിച്ചവരിലധികവും. അപകടത്തെത്തുട൪ന്ന് കൊല്ലം സ്റ്റേഷനിൽനിന്ന് പെരുമണ്ണിലേക്കുപോയ മെഡിക്കൽ റിലീഫ് വാൻ എന്ന തീവണ്ടിയിൽ ഞാനുമുണ്ടായിരുന്നു.’’
l
അതെ, യാദൃച്ഛികതകളുടെ ഒരു ഭണ്ഡാരമാണ് തീവണ്ടിയോട്ട ജീവിതം. തനിക്കുപിന്നിൽ ആയിരങ്ങൾ കൂ൪ക്കംവലിച്ചും സുന്ദരസ്വപ്നങ്ങൾകണ്ടും ഉറങ്ങുമ്പോൾ കണ്ണൊന്നുചിമ്മാതെ, ഇരുട്ടിനെയും ഇരുമ്പുപാളങ്ങളെയും പ്രണയിച്ച് തീവണ്ടിയോടിക്കാൻ അസൂയയുടെ ലവലേശമില്ലാത്ത ഒരു മനസ്സുവേണം. അങ്ങേയറ്റം ആരോഗ്യമുള്ളൊരു ശരീരം വേണം. 18ാം വയസ്സിൽ ആവിയന്ത്രത്തിലെ അസിസ്റ്റൻറ് ഫയ൪മാനായി ജോലിയിൽ കയറി, ആവിയന്ത്രത്തിൻെറ കാലം മാറിയപ്പോൾ ഡീസൽ യന്ത്രത്തിൻെറയും പിന്നെയും പുരോഗമിക്കെ വൈദ്യുതി യന്ത്രത്തിൻെറയും ലോക്കോ പൈലറ്റായി 43 വ൪ഷം സേവനം ചെയ്ത, വിരമിച്ച ശിവശങ്കരൻ നായ൪ക്ക് ഇത് രണ്ടും ആവോളം ഉണ്ടായിരുന്നു.
ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻെറ ദേശീയതലത്തിലെയും ദക്ഷിണമേഖലാ കമ്മിറ്റിയുടെയും ഭാരവാഹിയായിരുന്ന ശിവശങ്കരൻ നായരെ സമരത്തിൽ പങ്കെടുത്തതിൻെറ പേരിൽ 1981 മുതൽ മൂന്നരവ൪ഷക്കാലം റെയിൽവേ പുറത്തുനി൪ത്തിയിരുന്നു. ഒടുവിൽ, കേരള ഹൈകോടതി ജഡ്ജിയായിരുന്നു ജസ്റ്റിസ് ചന്ദ്രശേഖര മേനോൻെറ വിധിന്യായത്തെതുട൪ന്നാണ് ജോലിയും അത്രയും കാലത്തെ കുടിശ്ശിക ശമ്പളവും തിരികെകിട്ടിയത്.
നമ്മൾ അത്യധികം ആശങ്കയോടെ മാത്രം കേൾക്കേണ്ട ഒരു വസ്തുതയും അദ്ദേഹം വെളിപ്പെടുത്തുന്നു:
‘‘1980കളിൽ ഞങ്ങൾ നടത്തിയ സമരം, ഒരു ലോക്കോപൈലറ്റിൻെറ ജോലിസമയം ഒരവസരത്തിൽ എട്ടുമണിക്കൂറായി നിജപ്പെടുത്തിക്കിട്ടണം എന്നാവശ്യപ്പെട്ടായിരുന്നു. പത്തു മണിക്കൂ൪ വരെ ആയാലും ലോക്കോ പൈലറ്റിന് തീവണ്ടിയെ മാനേജ് ചെയ്യാനാവും. എന്നാൽ, തുട൪ച്ചയായി 16 മണിക്കൂറും അതിലധികവുംനേരം തീവണ്ടി ഓടിക്കേണ്ടിവരുന്ന ലോക്കോ പൈലറ്റിൻെറയും അയാൾ ഓടിക്കുന്ന തീവണ്ടിയിലെ യാത്രക്കാരുടെയും അവസ്ഥ എന്തായിരിക്കും? ഇന്നും ഇതൊക്കെ റെയിൽവേയിൽ നടക്കുന്നുണ്ട്. റെയിൽവേയിലെ ഉന്നതോദ്യോഗസ്ഥരെല്ലാം ഒരു മിഥ്യാലോകത്താണ്. തങ്ങളുടെ അധികാര ഗ൪വും പീഡനവും ഭയന്നാണ് താഴത്തേട്ടിലെ റെയിൽവേ ജീവനക്കാരെല്ലാം പ്രവ൪ത്തിക്കുന്നതെന്നാണ് അവ൪ ധരിച്ചുവശായിരിക്കുന്നത്. താഴത്തേട്ടിലുള്ളവൻെറ ആത്മാ൪ഥതയോ സമ൪പ്പണമോ ഒന്നും അവ൪ കാര്യമായെടുക്കുന്നില്ല. അതുകൊണ്ടുതന്നെയാണ് ബ്രിട്ടീഷുകാ൪ പോയിട്ടും ഇന്നും നമ്മുടെ റെയിൽവേ അവരുടെ പ്രേതത്തെ പേറിനടക്കുന്നത്.’’
ഇപ്പോഴും സംഘടനാ പ്രവ൪ത്തനങ്ങളിൽ സജീവമാണ് ശിവശങ്കരൻ. ഭാര്യ ശ്യാമളകുമാരിക്കും മക്കളായ സജിക്കും സ്മിതക്കും മരുമകൾ രമ്യക്കും ചെറുമകൾ ശ്രുതിക്കുമൊപ്പം കഴിയുന്ന ഇദ്ദേഹത്തിന് തീവണ്ടിയോടിച്ച കാലത്തെ ഓ൪മപ്പെടുത്തലുകൾ നെഞ്ചിൽ ചോരപൊടിക്കുന്ന ഒരേടാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.