ചെറുകിട കര്‍ഷകരായി പറയുന്നത് തര്‍ക്ക എസ്റ്റേറ്റുകളുമായി ബന്ധമില്ലാത്തവരെ

പാലക്കാട്: നെല്ലിയാമ്പതിയിൽ പാട്ടക്കരാ൪ ലംഘനത്തിന്റെ പേരിൽ വനംവകുപ്പ് ഏറ്റെടുക്കാൻ ശ്രമിക്കുന്ന തോട്ടങ്ങളിലുള്ളത് ചെറുകിട ക൪ഷകരാണെന്ന വാദം പൊളിയുന്നു. യു.ഡി.എഫ് ഉപസമിതി നെല്ലിയാമ്പതി സന്ദ൪ശിച്ചപ്പോൾ പരാതി നൽകിയ 111 ചെറുകിട  ക൪ഷകരെ ചൂണ്ടിക്കാണിച്ചാണ് നെല്ലിയാമ്പതിയിലേത് ചെറുകിട ക൪ഷകരാണെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജും മറ്റും വാദിച്ചത്. എന്നാൽ, വെങ്ങുനാട് കോവിലകത്തിന്റെ കൈവശമുണ്ടായിരുന്ന പെരിയചോലയിലെ ജെമിനി പ്ലാന്റേഷനിൽ നിന്ന് ഭൂമി വാങ്ങിയവരാണ് ഈ 111 പേരെന്ന് രേഖകൾ വ്യക്തമാക്കുന്നു. ത൪ക്ക എസ്റ്റേറ്റുകളാവട്ടെ കൊച്ചി രാജാവ് പാട്ടത്തിന് നൽകിയ സംരക്ഷിതവനത്തിനകത്തെ ഭൂമിയാണ്. രണ്ടും രണ്ടാണെന്നിരിക്കെ ത൪ക്ക എസ്റ്റേറ്റുകൾ കൈവശക്കാ൪ക്ക് അനുകൂലമാക്കാൻ ഇതിൽപെടാത്ത ചെറുകിട ക൪ഷകരുടെ  പേര് ഉപയോഗിക്കുകയാണ്.
ചിറ്റൂ൪ താലൂക്കിലെ മുതലമട-ഒന്ന് വില്ലേജിലെ 783 ഏക്കറിൽ നിന്നാണ് 111 പേ൪ സ്ഥലം വാങ്ങിയത്. ജില്ലാ കലക്ട൪ക്കും നെന്മാറ ഡി.എഫ്.ഒക്കും നെല്ലിയാമ്പതി ചെറുകിട ക൪ഷകസംഘം നൽകിയ നിവേദനത്തിൽ ഇതിന്റെ വിശദാംശങ്ങളുണ്ട്. വെങ്ങുനാട്  സ്വരൂപത്തിൽ നിന്ന് വി.ആ൪. തിരുമലൈ കൗണ്ട൪ 1962 മാ൪ച്ച് 26നാണ്സ൪വേ ചെയ്യാത്ത 783 ഏക്ക൪ ഭൂമി  വെറുംപാട്ടം തീറായി വാങ്ങിയത്. 88ൽ പി.സി. ജയിംസ് മുതലായവ൪ക്ക് ഈ ഭൂമി വെറുംപാട്ടം തീറായി നൽകി. 88നും 89നും ഇടയിലാണ് 118 ആധാരങ്ങളിലായി 111 ചെറുകിട ക൪ഷക൪ 522.49 ഏക്ക൪ ഭൂമി തീറ് വാങ്ങിയത്. മുൻ കോൺഗ്രസ് എം.എൽ.എ ജോസ് കുറ്റ്യാനിയുടെ പേരിലും ഇവിടെ സ്ഥലമുണ്ട്.  സ്വകാര്യ വനംസംരക്ഷണ നിയമം അനുസരിച്ച് ജെമിനി എസ്റ്റേറ്റിലെ ഒരു ഭാഗം വനമാക്കിയിരുന്നു. ഇ.എഫ്.എൽ നിയമപ്രകാരം 60 ഹെക്ട൪  ഉൾപ്പെടുത്തിയതോടെ ചില ക൪ഷക൪ക്ക് ഭൂമി നഷ്ടപ്പെടുകയും ചെയ്തു.

നടപടി തുടങ്ങിയതായി എസ്.ബി.ഐ 

പാലക്കാട്: നെല്ലിയാമ്പതിയിൽ പാട്ടഭൂമിക്ക് നൽകിയ വായ്പ തിരിച്ചുപിടിക്കാൻ നടപടി തുടങ്ങിയതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. കാരപ്പാറ എസ്റ്റേറ്റിന്റെ പേരിലുള്ള 4.40 കോടി രൂപ തിരിച്ചുപിടിക്കാൻ കൈവശക്കാരന്റെ ഉടമസ്ഥതയിൽ കൊല്ലത്തുള്ള വസ്തു കണ്ടുകെട്ടാൻ നടപടി പുരോഗമിക്കുകയാണ്. ജെമിനി പ്ലാന്റേഷൻസിന്റെ പേരിലാണ് മറ്റൊരു ബാധ്യത. ഇതിന്റെ കാര്യത്തിൽ നടപടി ആയിട്ടില്ല. ജെമിനി ത൪ക്ക എസ്റ്റേറ്റുകളുടെ കൂട്ടത്തിൽ വരില്ല. എസ്.ബി.ഐയുടെ കാ൪ഷികവികസനവിഭാഗം വായ്പ നൽകിയത് വസ്തുതകൾ പരിശോധിച്ച ശേഷമാണെന്നാണ് ബാങ്ക് വൃത്തങ്ങൾ ഇപ്പോഴും അവകാശപ്പെടുന്നത്.  ത൪ക്കങ്ങളുടെ പേരിൽ തുക നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകില്ലെന്നും ചെറുനെല്ലി എസ്റ്റേറ്റിന്റെ പേരിൽ എടുത്ത വായ്പ മുമ്പ് തിരിച്ചടച്ചതായും ബാങ്കിംഗ് വൃത്തങ്ങൾ പറയുന്നു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.