കെ.കെ. രമയെ അവഹേളിക്കുന്ന സി.പി.എം നിലപാട് ലജ്ജാകരം -ആര്‍.എം.പി

കോഴിക്കോട്: കൊല്ലപ്പെട്ട ടി.പി. ചന്ദ്രശേഖരൻെറ ഭാര്യ കെ.കെ. രമയെ നിരന്തരം അവഹേളിക്കുന്ന നടപടിയിൽനിന്ന് സി.പി.എം നേതൃത്വം പിൻവാങ്ങണമെന്ന് റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി. വിധവയുടെ കണ്ണീരു വിറ്റ് കാശാക്കാനുള്ള നീചശ്രമത്തിൻെറ ഭാഗമായാണ് ചന്ദ്രശേഖരൻെറ ഭാര്യ രമയെ സജീവരാഷ്ട്രീയത്തിൽ കൊണ്ടുവരുന്നതെന്നാണ് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം പി. സതീദേവി കഴിഞ്ഞദിവസം കോട്ടയത്ത് പ്രസ്താവിച്ചത്.
ഉത്തമ കമ്യൂണിസ്റ്റുകാരൻെറ ഭാര്യയെന്ന നിലയിൽ കണ്ണീരും വേദനയും പുറത്തുകാണിക്കാതെ പ്രത്യയശാസ്ത്ര ധീരതയോടെയാണ്  രമ പ്രതികരിച്ചിട്ടുള്ളത്. സി.പി.എമ്മിലുണ്ടായിരുന്നപ്പോൾ തന്നെ സജീവരാഷ്ട്രീയപ്രവ൪ത്തകയായിരുന്നു രമ. എസ്.എഫ് ഐ കേന്ദ്രകമ്മിറ്റി അംഗമായി പ്രവ൪ത്തിച്ച അവ൪, ഒഞ്ചിയത്ത് റെവലൂഷനറി രൂപവത്കരിച്ചപ്പോൾ വനിതകളെ റെവലൂഷനറിയിൽ അണിനിരത്തുന്നതിൽ നേതൃപരമായ പങ്കാണ്  വഹിച്ചത്.
ചന്ദ്രശേഖരൻെറ കൊലപാതകത്തിനുശേഷം രമയുടെ രാഷ്ട്രീയ ഉത്തരവാദിത്തം വ൪ധിക്കുകയാണ്.  അതിനെ വിധവയുടെ കണ്ണീരിൻെറ വികാരപ്രകടനമായി മാത്രം കരുതുന്ന സി.പി.എമ്മിൻെറ അധമബോധം ലജ്ജാകരമാണ്. സി.പി.എം നേതാവായിരുന്ന ഭ൪ത്താവ് എം. ദാസൻെറ അകാലമരണത്തിൽ കണ്ണീരൊഴുക്കിയാണ് സതീദേവി വടകര ലോക്സഭാ മണ്ഡലത്തിൽ ജയിച്ചുകയറിയതെന്ന് ഇവിടെയാരും ആരോപിച്ചിട്ടില്ല.
അങ്ങനെ പറയാനുള്ള അവിവേകം ഒഞ്ചിയത്തെ കമ്യൂണിസ്റ്റുകാ൪ക്കില്ല. കേസിൻെറ ഗൂഢാലോചന പൂ൪ണമായും പുറത്തുവരുമ്പോൾ പലരും അകത്താകുമെന്ന മാനസികവിഭ്രാന്തിയിൽ നിന്നാണ് ഇത്തരമൊരു പരാമ൪ശം ഉയ൪ന്നുവന്നതെന്നും ആ൪.എം.പി ഏരിയാ സെക്രട്ടറി എൻ. വേണു വാ൪ത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.