കണ്ണൂ൪: എം.എസ്.എഫ് നേതാവ് അരിയിൽ അബ്ദുൽഷുക്കൂ൪ വധകേസിലെ 39ാം പ്രതി ടി.വി. രാജേഷ് എം.എൽ.എ കോടതിയിൽ കീഴടങ്ങി. മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെത്തുട൪ന്നാണ് കണ്ണൂ൪ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ഒന്ന് കോടതി മുമ്പാകെ കീഴടങ്ങിയത്. മജിസ്ട്രേറ്റ് സി. മുജീബ് റഹ്മാൻ രാജേഷിനെ ഈ മാസം 27 വരെ റിമാൻഡ് ചെയ്ത് കണ്ണൂ൪ സെൻട്രൽ ജയിലിലേക്കയച്ചു. രാജേഷ് സമ൪പ്പിച്ച ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. റിമാൻഡ് വിവരം നിയമസഭാ സ്പീക്കറെ കോടതി നേരിട്ടറിയിച്ചു.
തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ നിന്ന് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഫോണിലൂടെ ഷുക്കൂറിനെ വധിക്കാൻ അനുമതി നൽകുമ്പോൾ അവിടെയുണ്ടായിരുന്ന എം.എൽ.എ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്നത് വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ടി.വി. രാജേഷ് എം.എൽ.എയുടെ മുൻകൂ൪ ജാമ്യ ഹരജി ഹൈകോടതി തിങ്കളാഴ്ച രാവിലെ തള്ളിയത്. ഐ.പി.സി 118ാം വകുപ്പ് പ്രകാരം, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാൻ ശ്രമിച്ചില്ല എന്ന കുറ്റമാണ് രാജേഷിനെതിരെ ചുമത്തിയത്. തുട൪ന്ന്, ഉച്ചക്ക് 2.45നാണ് രാജേഷ് കണ്ണൂ൪ കോടതിയിൽ എത്തിയത്. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എം.വി. ജയരാജൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഒ.വി. നാരായണൻ, മാടായി ഏരിയാ സെക്രട്ടറി പി.പി. ദാമോദരൻ, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡൻറ് എ.എൻ. ഷംസീ൪ എന്നിവ൪ അനുഗമിച്ചിരുന്നു. ഉച്ചക്ക് 2.50ന് ചേ൪ന്ന കോടതി തടിയൻറവിട നസീ൪ ഉൾപ്പെട്ട തീവ്രവാദകേസാണ് ആദ്യം പരിഗണിച്ചത്.
രണ്ടാമത് രാജേഷിൻെറ കേസ് പരിഗണിച്ചപ്പോൾ അന്വേഷണസംഘം രാജേഷിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടില്ല. അദ്ദേഹത്തിന് വേണ്ടി ഹാജരായ അഡ്വ. ബി.പി. ശശീന്ദ്രൻ ജാമ്യാപേക്ഷ സമ൪പ്പിച്ചെങ്കിലും സ്പെഷൽ പ്രോസിക്യൂട്ട൪ ഹാജരില്ലാത്തതിനാൽ പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, മുൻകൂ൪ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത് കീഴ്കോടതിയിലെ ഹരജിയെ ബാധിക്കുമെന്ന് നിയമവൃത്തങ്ങൾ സൂചിപ്പിച്ചു. കണ്ണൂ൪ സെൻട്രൽ ജയിലിലേക്ക് തന്നെ അയക്കണമെന്ന പ്രതിഭാഗം അഭിഭാഷകൻെറ വാദം സ്വീകരിച്ച മജിസ്ട്രേറ്റ്, എം.എൽ.എ എന്ന നിലയിലുള്ള പരിഗണന നൽകുമെന്ന് അറിയിച്ചു.
ജയിലിൽ സി.പി.എം തടവുകാ൪ കഴിയുന്ന എട്ടാം ബ്ളോക്കിലാണ് രാജേഷിനെ പാ൪പ്പിച്ചിരിക്കുന്നത്. ജയിലിൽ രാജേഷിന് എ ക്ളാസ് സൗകര്യങ്ങളാണ് നൽകുന്നത്. ടെലിവിഷനും പത്രങ്ങളും ലഭ്യമാക്കും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പനോളി വൽസൻ അടക്കമുള്ള തടവുകാരാണ് എട്ടാം ബ്ളോക്കിലുള്ളത്.
കീഴടങ്ങുന്ന വിവരമറിഞ്ഞ് കേസന്വേഷിക്കുന്ന വളപട്ടണം സി.ഐ യു. പ്രേമൻ, ടൗൺ എസ്.ഐ കെ.പി.ടി. ജലീൽ തുടങ്ങിയവ൪ കോടതിയിലെത്തിയിരുന്നു. എസ്.പിയുടെ പ്രത്യേക സുരക്ഷാ വിഭാഗമായ ക്വിക് റെസ്പോൺസ് സംഘവും കോടതി പരിസരത്തെത്തി. കേസിൽ 38ാം പ്രതിയായ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ പൊലീസ് ആഗസ്റ്റ് ഒന്നിന് അറസ്റ്റു ചെയ്തിരുന്നു.
പ്രതിപ്പട്ടികയനുസരിച്ച് പത്തു പേ൪ കൂടി കേസിൽ അറസ്റ്റിലാവാനുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്ത്, പ്രകാശൻ, അജയൻ, നവീൻ എന്നിവരടക്കമാണ് പിടിയിലാവാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.