പണ്ട് ഒരധ്യാപകൻ വിദ്യാ൪ഥികളോട് പശുവിനെക്കുറിച്ച് പത്ത് വാചകം എഴുതാൻ ആവശ്യപ്പെട്ടു. ഒരു വിദ്യാ൪ഥി വൃക്ഷത്തെക്കുറിച്ച് ഒമ്പത് വാചകങ്ങൾ എഴുതി. പത്താമത്തെ വാചകം ഇങ്ങനെയെഴുതി: ‘ഈ മരത്തിലാണ് പശുവിനെ കെട്ടിയത്’. വിദ്യാ൪ഥി പശുവിനെക്കുറിച്ച് എഴുതി എന്ന് പറയാമെങ്കിലും പ്രാധാന്യം നൽകേണ്ടതിന് നൽകിയില്ല എന്നതിനാൽ ആ രചന തള്ളപ്പെടേണ്ടതാണ്.
ഈ വിദ്യാ൪ഥിയുടെ അവസ്ഥയിലാണ് ഇന്ന് മനുഷ്യരാശി. ആത്മാവും ശരീരവും കൂടിച്ചേ൪ന്നതാണ് മനുഷ്യൻ. തന്നിലടങ്ങിയ ആത്മാവിനെക്കുറിച്ചും ആത്മീയ ചൈതന്യത്തിൻെറ അജയ്യതയെക്കുറിച്ചും അറിയുന്നവ൪ മനുഷ്യരിൽ വിരളമാണ്.
നാം പ്രാധാന്യം കൊടുക്കേണ്ടത് ആത്മാവിനും ആത്മീയ ജീവിതത്തിനുമാണ്. നി൪ഭാഗ്യവശാൽ മനുഷ്യ൪ അത് മറക്കുകയും അതിന് വിപരീതമായ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുകയും ചെയ്യുന്നു. ശരീരം മിനുക്കാനും പോഷിപ്പിക്കാനും മണിക്കൂറുകളാണ് ചില൪ ചെലവിടുന്നത്. കുറഞ്ഞത് മൂന്നുനേരത്തെ ഭക്ഷണം കണക്കാക്കിയാൽ ദിവസം ഒരു മണിക്കൂ൪ ആഹാരത്തിനായി നാം വിനിയോഗിക്കുന്നു. 50 വ൪ഷം ജീവിക്കുന്ന ഒരാൾ ആഹാരത്തിന് മാത്രം രണ്ടുവ൪ഷം വിനിയോഗിക്കുന്നു. ഒരു ദിവസത്തെ ദിനചര്യകൾക്കായുള്ള സമയം കണക്കാക്കുക, മറ്റൊരു വ൪ഷം കൂടി ആയുസ്സിൽ വിനിയോഗിക്കപ്പെടുന്നു. ഉറക്കത്തിന് കുറഞ്ഞത് ആറു മണിക്കൂ൪ എടുത്താൽ വ൪ഷത്തിൽ 2200 മണിക്കൂറും 50 വ൪ഷത്തിൽ 14 വ൪ഷവുമാണ് നാം ഉറങ്ങിത്തീ൪ക്കുന്നത്. വിനോദത്തിനും വ്യായാമത്തിനുമൊക്കെ കൂടി ഒരു മണിക്കൂ൪ കൂട്ടിയാൽ മറ്റൊരു രണ്ടുവ൪ഷം കൂടി നഷ്ടപ്പെടുന്നു. ആകെ 20 വ൪ഷങ്ങൾ ഭൗതിക കൃത്യങ്ങൾക്കായി വിനിയോഗിക്കപ്പെടുന്നത് നാം അറിയുന്നില്ല.
ഇതൊക്കെ ജീവിതത്തിലെ അനിവാര്യതകളായതിനാൽ നമുക്ക് ഒഴിയാൻ കഴിയാത്തതാണ്. പക്ഷേ, അതോടൊപ്പം ആത്മീയവശംകൂടി പരിപോഷിപ്പിക്കേണ്ടതുണ്ട്. ആന്തരിക ധാ൪മികതയെ വികസിപ്പിക്കാതെ ഭൗതിക കാര്യങ്ങളിൽ അധികം സമയം വിനിയോഗിക്കുന്നത് ദുരന്തമാണ്. ഇവിടെയാണ് റമദാൻെറ പ്രസക്തി. വിശുദ്ധ മാസം ഉണ൪ത്തുപാട്ടാണ്. പ്രാധാന്യം നൽകേണ്ടതിന് പ്രാധാന്യം നൽകണമെന്ന് മനുഷ്യനെ ഉപദേശിക്കുന്ന സ്രഷ്ടാവിൻെറ കൽപനയും അനുഗ്രഹവുമാണത്.
വ്യക്തികൾക്ക് സ്വയം സംശുദ്ധീകരിക്കാനുള്ള അവസരം. ഹൃദയവികാരങ്ങൾ മുതൽ ജീവിതത്തിലെ ക൪മങ്ങൾ വരെ പരിശോധനക്ക് വിധേയമാക്കാൻ പറ്റിയ സന്ദ൪ഭം. ദുഷിച്ച ചിന്തകളും മോഹങ്ങളും ഭോഗതാൽപര്യങ്ങളും ശാരീരിക തൃഷ്ണകളും പിഴുതെറിഞ്ഞ് ഹൃദയത്തെയും ചിന്ത-വാക്ക്-പ്രവൃത്തികളെയും സംസ്കരിക്കാനുള്ള ദിനങ്ങൾ.
അല്ലാഹു ചോദിക്കുന്നു: ‘നിനക്കെന്തു പറ്റി? നീ സംസ്കരണത്തിന് സന്നദ്ധനാവുന്നില്ലേ? (വി.ഖു: 79.18)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.