വേഗത്തിന്‍െറ ചക്രവര്‍ത്തി

കൂടിയാൽ പത്തു സെക്കൻഡ് നേരം ഒരുവൻ ഓടുന്നത് കാണാൻ 1,38,000 രൂപ കൊടുത്ത് ടിക്കറ്റു വാങ്ങാൻ തയാറുള്ളവരുണ്ടോ ഇക്കാലത്ത്. ഒന്നല്ല, 20 ലക്ഷം പേരാണ് ആ ടിക്കറ്റിനുവേണ്ടി ഞായറാഴ്ച ലണ്ടനിൽ തിരക്കു കൂട്ടിയത്. ഭൂമിയിലെ ഏറ്റവും വേഗമുള്ള മനുഷ്യൻെറ അവിശ്വസനീയ കുതിപ്പിന് നേരിട്ടു സാക്ഷികളാവാൻ അത്രയും തുക അവ൪ക്കൊരു പ്രശ്നമല്ലായിരുന്നു. ഒളിമ്പിക് സ്റ്റേഡിയത്തിൻെറ കൃത്രിമ പ്രതലത്തിൽ മിന്നൽവേഗത്തിൽ നൂറു മീറ്റ൪ ഓടിത്തീ൪ക്കുന്ന മനുഷ്യൻ ജമൈക്കയിലെ ട്രെലോണിയിൽനിന്നുള്ള ഉസൈൻ സെൻറ് ലിയോ ബോൾട്ട് എന്ന 25കാരനാവുമെന്ന നിഗമനങ്ങളിലൂന്നിയാണ് ആ ടിക്കറ്റിനുവേണ്ടി ആളുകൾ തിരക്കുകൂട്ടിയത്.

***********
ലണ്ടൻ മഹാനഗരത്തിലെ സ്ട്രാറ്റ്ഫോ൪ഡിലുള്ള ഒളിമ്പിക് പാ൪ക്കിൽ 80000 പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഒളിമ്പിക് സ്റ്റേഡിയത്തിൻെറ ട്രാക്കിൽ ആ മിന്നൽപിണ൪ ലോകത്തിൻെറ പ്രതീക്ഷകൾക്കൊത്ത് വെട്ടിത്തെളിഞ്ഞു. 9.63 സെക്കൻഡിൻെറ പുതിയ ഒളിമ്പിക് റെക്കോഡിലേക്ക് ആജാനുബാഹുവായ ബോൾട്ടിൻെറ ബലിഷ്ഠമായ പാദങ്ങൾ ഉറച്ച ചുവടുവെച്ചു. യൊഹാൻ ബ്ളേക്കും ടൈസൻ ഗേയുമടങ്ങിയ മിടുക്കന്മാരുടെ കൂട്ടം ബോൾട്ടിൻെറ സുവ൪ണമോഹങ്ങൾക്ക് ബോൾട്ടിടുമെന്ന കണക്കുകൂട്ടലുകൾ ബ്രീട്ടീഷ് മണ്ണിൽ കാറ്റിൽപറന്നു. ബോൾട്ട് വീണ്ടും വേഗത്തിൻെറ ചക്രവ൪ത്തിപദമേറി. കാൾ ലൂയിസിൻെറ കരുത്തുറ്റ രാജവാഴ്ചക്കാലത്തിനുശേഷം ഒളിമ്പിക്സിൻെറ മഹോന്നത വേദിയിൽ പുതിയ രാജകുമാരനായി ബോൾട്ട്. കാളിനുശേഷം 100 മീറ്റ൪ സ്വ൪ണം നിലനി൪ത്തുന്ന ആദ്യ സ്പ്രിൻറ൪. ചരിത്രത്തിൽ ഉസൈൻ ഇതിഹാസമായി മാറുകയാണ്.

***********
സംശയിച്ചവ൪ക്കൊക്കെ മറുപടിയാണ് ലണ്ടനിൽ താൻ നൽകിയതെന്ന് മത്സരശേഷം ബോൾട്ട് തന്നെ വെളിപ്പെടുത്തുന്നു. ബെയ്ജിങ്ങിൽ ഇടിമുഴക്കം പോലെ തൻെറ വരവറിയിച്ച ബോൾട്ട് ലണ്ടനിൽ നിറഞ്ഞുകത്തുമോയെന്ന് സംശയിച്ചവ൪ ഏറെയായിരുന്നു. തൻെറ കഴിവിൽ അവിശ്വസിച്ച ഒരുപാടു പേ൪ക്കു മുന്നിൽ താൻ തന്നെയാണ് ലോകത്തെ ഏറ്റവും മികച്ചവൻ എന്ന് തെളിയിക്കേണ്ടത് വലിയ ഉത്തരവാദിത്തമായി ഏറ്റെടുക്കുകയായിരുന്നുവെന്നാണ് ബോൾട്ടിൻെറ പ്രഖ്യാപനം.
സ്റ്റാ൪ട്ടിൽ എപ്പോഴുമെന്ന പോലെ വലിയ മിടുക്കൊന്നും കാട്ടാൻ ലണ്ടനിലും ബോൾട്ടിന് കഴിഞ്ഞില്ല. .165 സെക്കൻഡിൻെറ റിയാക്ഷൻ ടൈം കേമമായിരുന്നില്ല. സ്പ്രിൻറ൪മാ൪ തങ്ങളുടെ ‘ഡ്രൈവ് ഫേസ്’ എന്ന് വിശേഷിപ്പിക്കുന്ന ആദ്യ 15 മീറ്ററിൽ ജസ്റ്റിൻ ഗാറ്റ്ലിൻ വ്യക്തമായ ലീഡെടുക്കുകയും ചെയ്തു. പക്ഷേ, 40 മീറ്റ൪ പിന്നിടുമ്പോഴേക്ക് അമേരിക്കക്കാരനെ ഒപ്പം പിടിക്കാൻ തുടങ്ങിയ ബോൾട്ട്, അടുത്ത 20 മീറ്ററിൽ ലീഡ് നേടി. പിന്നിൽ നിന്ന് ഓടിക്കയറി ആ൪ക്കുമെന്നെ തോൽപിക്കാനാവില്ലെന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ച ബോൾട്ട് സുവ൪ണ പ്രഭയിലേക്ക് അടിവെച്ചുകയറി.
ആറടി അഞ്ചിഞ്ചിൻെറ ഉയരക്കൂടുതൽ ഈ അപ്രമാദിത്വം തുടരാൻ ബോൾട്ടിനെ സഹായിക്കുന്നുണ്ട്. താരതമ്യേന ഉയരം കുറഞ്ഞ എതിരാളികൾക്കിടയിൽ മേധാവിത്വം നേടാൻ വമ്പൻ ചുവടുകൾ തുണയാകുന്നു. ലണ്ടനിൽ സ്വ൪ണം നിലനി൪ത്താൻ 41 ചുവടുകളാണ് ബോൾട്ടിന് വേണ്ടിവന്നത്. വെള്ളി നേടിയ ബ്ളെയ്ക്ക് 46ഉം വെങ്കലം നേടിയ ഗാറ്റ്ലിൻ ഈ ദൂരത്തിലേക്ക് 42.5ഉം ചുവടുകൾ വെച്ചു. ഉയരത്തിനൊപ്പം ഏറെ കരുത്തും മെയ്വഴക്കവുമുള്ളതിനാൽ, വേഗം പെട്ടെന്ന് കൂട്ടാനും നിലനി൪ത്താനും കഴിയുന്നതാണ് മറ്റുള്ളവരിൽനിന്ന് ബോൾട്ടിനെ വ്യത്യസ്തനാക്കുന്നത്.  ഇതുപോലൊരു ‘ഇലാസ്റ്റിക് റണ്ണ൪’ മുമ്പുണ്ടായിട്ടില്ലെന്ന് സ്പോ൪ട്സ് വിദഗ്ധ൪ പലരും ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഫിറ്റായ ബോൾട്ടിനെ ആധുനിക ട്രാക്കിൽ കീഴടക്കാൻ എതിരാളികൾ ഏറെ പ്രയാസപ്പെടേണ്ടി വരും. ലോക ചാമ്പ്യൻഷിപ്പിൽ അയോഗ്യത കൽപിക്കപ്പെട്ടതിനാലും കിങ്സ്റ്റണിൽ നടന്ന ജമൈക്കൻ ഒളിമ്പിക് ട്രയൽസിൽ പൂ൪ണമായും ഫിറ്റ് അല്ലാത്തതിനാൽ ബ്ളെയ്ക്കിനോട് തോറ്റതും ഒഴിച്ചാൽ സമീപകാലത്ത് ശ്രദ്ധേയമായ തിരിച്ചടികൾ ബോൾട്ടിന് ട്രാക്കിൽ നേരിടേണ്ടി വന്നിട്ടില്ല.
തുട൪വിജയങ്ങളുടെ പകിട്ടിൽ ആരും കയറിപ്പറ്റാത്ത ഉയരങ്ങളിലേക്ക് കുതിക്കുന്ന ബോൾട്ട് ഇൻറ൪നാഷനൽ അത്ലറ്റിക് രംഗത്ത് ഒരു കൾച്ചറൽ സെലിബ്രിറ്റി തന്നെയായി മാറി. ഒരു സ്പ്രിൻറ൪ ലോക കായിക ഭൂപടത്തിൽ ഇത്രകണ്ട് ആഘോഷിക്കപ്പെടുന്നത് ഇതാദ്യം.  പ്രതിവ൪ഷം ഒരു കോടി പൗണ്ട് തൻെറ ഷൂ നി൪മാതാക്കളായ സ്പോൺസ൪മാരിൽനിന്ന് പറ്റുന്ന ഈ  ജമൈക്കക്കാരൻ കണ്ടു പഴകിയ എല്ലാ രീതികളെയും തക൪ത്ത് പുതിയ വിജയഗാഥകൾ രചിക്കുകയാണ്. കരീബിയൻ സ്വപ്നങ്ങൾക്ക് ഊ൪ജമേകി ബോൾട്ട് ഫനിഷിങ് ലൈൻ തൊടുമ്പോൾ വശ്യമനോഹരമായ ആ കാഴ്ചകൾക്ക് ഓരോ മാമാങ്കവേളയിലും അത്രമേൽ ആകാംക്ഷയോടെയാണ് ലോകം കൺപാ൪ക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.