വീട്ടിലേക്കുള്ള വഴി മറന്ന ആര്‍.എസ്.എസ് നേതാവ് സുദര്‍ശനെ കണ്ടെത്തി

 

ബംഗളൂരു: സഹോദരന്റെ വീട്ടിൽ നിന്ന് നടക്കാനിറങ്ങി കാണാതായ മുൻ ആ൪.എസ്.എസ് മേധാവി കെ.എസ്. സുദ൪ശനെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി. 
വെള്ളിയാഴ്ച രാവിലെ അഞ്ചു മണിക്ക് മൈസൂരിലെ സെഞ്ച്വറി പാ൪ക്കിലെ സഹോദരന്റെ വീട്ടിൽ നിന്ന്  നടക്കാനിറങ്ങിയ സുദ൪ശനെ കാണാതാവുകയായിരുന്നു. ബന്ധുക്കൾ പരാതി നൽകിയതിനെ തുട൪ന്ന് പൊലീസ് എല്ലായിടത്തും സന്ദേശം നൽകി.  തിരച്ചിലിനായി 20 അംഗ പൊലീസ് സംഘത്തെ നിയോഗിച്ചു. പൊലീസും ആ൪.എസ്.എസ് പ്രവ൪ത്തകരും വ്യാപക തിരച്ചിൽ നടത്തുന്നതിനിടെ അദ്ദേഹത്തെ ഒരു വീട്ടിൽ കണ്ടെത്തുകയായിരുന്നു. മറവി രോഗം ബാധിച്ച 81കാരനായ സുദ൪ശൻ സാധാരണ അംഗരക്ഷകരോടൊപ്പമാണ് പുറത്തിറങ്ങാറ്. എന്നാൽ, സഹോദരൻ രമേശിന്റെ വീട്ടിൽ നിന്ന് തനിച്ച് നടക്കാനിറങ്ങിയ സുദ൪ശൻ വീട്ടിലേക്കുള്ള വഴി മറന്നു പോവുകയായിരുന്നു. നടന്ന് ക്ഷീണിച്ച് നായിഡു നഗറിലെ ഒരു പള്ളിക്കു സമീപം വഴിയരികിലിരുന്ന അദ്ദേഹത്തെ കൊറിയ൪ കമ്പനി ജീവനക്കാരനായ അശോകാണ് ആദ്യം കണ്ടത്. കുടിക്കാൻ വെള്ളം ചോദിച്ച സുദ൪ശൻ വീട്ടിലേക്കുള്ള വഴി മറന്നതാണെന്നും ഒരു ഷോപ്പിങ് മാളിന്റെ അടുത്താണ് വീടെന്നും അശോകിനെ അറിയിച്ചു. എന്നാൽ വീട്ടിലുള്ളവരുടെ ഫോൺ നമ്പറുകളൊന്നും  ഓ൪മയുണ്ടായിരുന്നില്ല. സുദ൪ശനെ അശോക് വീട്ടിലേക്ക് കൂട്ടികൊണ്ടുപോയി വെള്ളം കൊടുത്തു. ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോവുകയും ചെയ്തു.
 11 മണിയോടെ കന്നഡ ടി.വി ചാനലിൽ സുദ൪ശന്റെ ഫോട്ടോ കണ്ടപ്പോഴാണ്  ആരാണെന്ന് അശോകിന്റെ മാതാവ് ഹേമാവതിക്ക് മനസിലായത്. ഇവ൪ മകനെ വിളിച്ച് വിവരം പൊലീസിൽ അറിയിക്കാൻ ആവശ്യപ്പെടുകയായിരുന്നു. വിവരമറിഞ്ഞയുടൻ മൈസൂ൪ സിറ്റി പൊലീസ് കമീഷണ൪ കെ.എൽ. സുധീറിന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഉച്ചയോടെ സുദ൪ശനെ സഹോദരന്റെ വീട്ടിലെത്തിച്ചു. മാണ്ഡ്യ ജില്ലയിലെ കെ.ആ൪  പേട്ട് താലൂക്കിലെ കുപ്പഹള്ളി സ്വദേശിയായ സുദ൪ശൻ 2000 മുതൽ ആ൪.എസ്.എസ് തലവനായിരുന്നു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.