കോട്ടയം: മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതിയുടെ ഭാഗമായി പഴുക്കാനിലക്കായൽ തെളിക്കുന്നു. മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും പതനസ്ഥാനത്ത് രൂപപ്പെട്ട 1.62 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള തുരുത്ത് അടക്കം നീക്കം ചെയ്താണു കായൽ തെളിക്കുന്നത്. ഇതോടെ നദികളിലെ പ്രളയജലം വളരെവേഗം ഒഴുകിപ്പോവുന്നതിലൂടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനുമാവും. 103.72 കോടിയുടെ പദ്ധതിക്ക് കിഫ്ബി ടെൻഡർ ക്ഷണിച്ചു.
സർക്കാറിന്റെ ഹരിത കേരളം മിഷന്റെ ഭാഗമായി നടപ്പാക്കുന്നതാണ് മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി. പഴുക്കാനിലക്കായലിൽനിന്നു നീക്കം ചെയ്യുന്ന ചെളി കോട്ടയം നഗരസഭയിലെ എഫ് ബ്ലോക്ക്, തിരുവാർപ്പ് പഞ്ചായത്തിലെ ജെ. ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലെ ചുറ്റുബണ്ടുകൾ നാലു മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ഉപയോഗിക്കും.
മൂന്നു പാടശേഖരങ്ങളുടെയും ബണ്ടുകൾ ശക്തിപ്പെടുത്താനും വീതി കൂട്ടി റോഡ് നിർമിക്കാനും കഴിയുന്നതോടെ കായലോരത്ത് 17.5 കിലോമീറ്റർ നീളത്തിൽ ടൂറിസം റോഡ് സാധ്യമാവും. ലോകത്തിലെ ഏറ്റവും നീളമേറിയ കായലോര പാതക്കാണ് ഇതോടെ വഴി തുറക്കുക. കായൽ അഭിമുഖമായി തുടർച്ചയായി റോഡ് യാത്ര സാധ്യമാവുന്നതോടെ വിനോദസഞ്ചാര മേഖലക്ക് വൻ കുതിപ്പാകുമെന്നാണു പ്രതീക്ഷ.
ആമ്പൽ വസന്തം ടൂറിസത്തിനും പദ്ധതി കുതിപ്പ് പകരും. ഏതു സമയത്തും വള്ളങ്ങളിൽ വിനോദസഞ്ചാര സൗകര്യം വികസിക്കുന്നതോടെ തൊഴിൽ മേഖല വികസിക്കുമെന്നും കായൽ തെളിയുന്നത് മത്സ്യത്തൊഴിലാളികൾക്ക് ഗുണകരമാവുമെന്നും മീനച്ചിലാർ-മീനന്തറയാർ-കൊടൂരാർ പുനഃസംയോജന പദ്ധതി കോഓഡിനേറ്റർ അഡ്വ. കെ. അനിൽകുമാർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മീനച്ചിലാറ്റിൽ പ്രളയജലം ഉയരുന്ന 33 പഞ്ചായത്തുകളിലെയും നാലും നഗരസഭകളിലെയും ജനങ്ങൾക്ക് പദ്ധതി ഗുണകരമാവും. മൂന്നു പാടശേഖരങ്ങളിലെയും കർഷകർ സൗജന്യമായി ഭൂമി വിട്ടുകൊടുത്തതിനാലാണ് പദ്ധതി യാഥാർഥ്യമാവുന്നത്. ഇതോടെ കൃഷിയിടത്തിലേക്കും തിരിച്ചും വാഹനസൗകര്യം മെച്ചപ്പെടും. എല്ലാ മോട്ടോർ തറകളും നവീകരിക്കുന്നതിനും തുക അനുവദിച്ചിട്ടുണ്ട്.
മീനച്ചിലാറിന്റെ മറ്റു പതനസ്ഥാനങ്ങളിൽ സമാന പദ്ധതി നടപ്പാക്കുന്നതോടെ വെള്ളപ്പൊക്കം നിയന്ത്രിക്കാനാവുമെന്നും അനിൽകുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.