വൈക്കം: സർക്കാർ സഹായങ്ങൾ ഇഴ പിരിഞ്ഞതോടെ കയർ വ്യവസായം തകരുന്നു. പുതിയ ബജറ്റിലും കയർ മേഖലയുടെ പുനരുദ്ധാരണത്തിനു കാര്യമായ പദ്ധതികൾ ഇല്ലാതായതോടെ കയർ തൊഴിലാളികൾ പെരുവഴിയിലാവുകയാണ്.
കേരളത്തിൽ കയർ വ്യവസായം കേന്ദ്രീകരിച്ചിരിക്കുന്ന കയർ സഹകരണ സംഘങ്ങളിൽ പണിയെടുക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ പട്ടിണിയിലാണ്. ചകിരിവിലയും കൂലിച്ചെലവും നോക്കുമ്പോൾ ഓരോ കിലോ കയർ ഉൽപാദിക്കുമ്പോഴും 15 രൂപയോളം വീതം നഷ്ടമാണ്. ഇതു പരിഹരിക്കാൻ സർക്കാർ ഒന്നും ചെയ്യുന്നില്ല.
സംഘങ്ങൾക്ക് കയർ വിലയായും ഉൽപന്ന വിലയായും ലക്ഷക്കണക്കിന് രൂപ കയർഫെഡും കയർ കോർപറേഷനും നൽകാനുണ്ട്. മൂന്നു മാസം മുമ്പ് ആലപ്പുഴയിൽ നടന്ന കയർ കോൺക്ലേവിൽ സർക്കാർ പ്രഖ്യാപിച്ച പത്തു കോടിയുടെ ഫൈബർ ബാങ്കും, ഒരാഴ്ചക്കുള്ളിൽ കയർ വില കൊടുക്കും എന്ന വാഗ്ദാനവും നടന്നില്ല.
തൊഴിലാളികളുടെ പട്ടിണി മാറ്റണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം തുടങ്ങാൻ കയർ തൊഴിലാളി ഫെഡറഷൻ (ഐ.എൻ.ടി.യു.സി) തീരുമാനിച്ചു. ജില്ല പ്രസിഡന്റ് യു. ബേബി അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പി. ആർ. രത്നപ്പൻ, കെ.ഒ. ജോസ്, ജഗത അപ്പുക്കുട്ടൻ, ജിജി, സേവ്യർ ചിറ്ററ, വിവേക് പ്ലാത്താനത്ത്, വി.എ. സുധീരൻ, വർഗീസ് പുത്തൻ ചിറ തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.