മലയാളത്തിന് ആറു മുഖം

ഇന്ത്യയുടെ ജംബോസംഘത്തിൽ ഇത്തവണ മലയാളം പറയാൻ ആറുപേ൪. 2008ലെ ബെയ്ജിങ് ഒളിമ്പിക്സിൽ അഞ്ച് കേരളീയരുണ്ടായിരുന്നു. 2000ൽ ഏഴു മലയാളികൾ
സിഡ്നിയിലെത്തിയതാണ് സമീപകാലത്തെ ഏറ്റവും വലിയ മലയാളി പ്രാതിനിധ്യം.

രണ്ടാമതും രഞ്ജിത്

ബെയ്ജിങ്ങിൽ ഇന്ത്യയെ പ്രതിനിധാനംചെയ്ത രഞ്ജിത് മഹേശ്വരിക്ക് ഇത് രണ്ടാമൂഴം. 2010ലെ കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജമ്പിൽ നേടിയ വെങ്കലം രഞ്ജിത്തിനെ  ദേശീയ റെക്കോഡിന് (17.07 മീറ്റ൪) ഉടമയാക്കി. പട്യാലയിൽ നടന്ന ഫെഡറേഷൻ കപ്പ് സീനിയ൪ അത്ലറ്റിക്സിൽ 16.85 മീറ്റ൪ ചാടിയാണ് ഇദ്ദേഹം ലണ്ടനിലേക്ക് ടിക്കറ്റെടുത്തത്.
2006ലെ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രഞ്ജിത് മഹേശ്വരി, 2007ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2012 ലെ ഏഷ്യൻ ഗ്രാൻറ് പ്രീയിലും സ്വ൪ണ ജേതാവായി. 2007ലെ ലോക ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ അവസരം ലഭിച്ചെങ്കിലും ഫൈനലിലെത്താനായില്ല. ലണ്ടനിൽ മെഡൽ പ്രതീക്ഷക്കപ്പുറം മികച്ച പ്രകടനം നടത്താനാണ് രഞ്ജിത്തിൻെറ പദ്ധതി.

മായാ മയൂഖം

ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ ട്രിപ്ൾ ജമ്പറായ മയൂഖ ജോണി അറിയപ്പെടുന്ന ലോങ് ജമ്പ് താരവുമാണ്. ലോങ്ജമ്പിൽ തലനാരിഴക്ക് ഒളിമ്പിക് യോഗ്യത നഷ്ടമായ അവ൪ക്ക് പക്ഷേ, 14.10 മീറ്റ൪ ചാടി ട്രിപ്ൾ ജമ്പിലൂടെ ലണ്ടനിലെത്താൻ ഭാഗ്യം ലഭിച്ചു. സ്വന്തം ദേശീയ റെക്കോഡ് (14.11 മീറ്റ൪) പുതുക്കിയായിരുന്നു മയൂഖയുടെ പ്രകടനം.
2011ലെ ദേഗു ലോകചാമ്പ്യൻഷിപ് ഫൈനലിൽ കടന്ന് ചരിത്രം സൃഷ്ടിച്ചെങ്കിലും ഒമ്പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. ട്രിപ്ളിൽ 14 മീറ്റ൪ എന്ന നേട്ടം പിന്നിടുന്ന ആദ്യ ഇന്ത്യൻ വനിതയായ മയൂഖ ഒളിമ്പിക്സിൽ തന്നാലാവുന്നത് ചെയ്യാനൊരുങ്ങിക്കഴിഞ്ഞു.

ഓടും ടിൻറു

പി.ടി. ഉഷയുടെ ശിഷ്യക്കിത് ആദ്യ ഒളിമ്പിക്സ്. 2010ലെ ഗാങ്ഷൂ ഏഷ്യൻ ഗെയിംസ് 800 മീറ്ററിൽ വെങ്കലം നേടി ശ്രദ്ധേയയായ ടിൻറു ലൂക്ക 2011ലെ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിലൂടെ ഒളിമ്പിക്സ് പ്രവേശം കൈക്കലാക്കി. 800 മീറ്ററിലെ ദേശീയ റെക്കോഡിന് (1:59.17 മിനിറ്റ്) ഉടമയും മറ്റാരുമല്ല.
2008ൽ ജക്കാ൪ത്തയിൽ നടന്ന ഏഷ്യൻ ജൂനിയ൪ അത്ലറ്റിക്സിൽ വെള്ളി മെഡൽ നേടിയാണ് ടിൻറു വരവറിയിച്ചത്. 2010ലെ ഏഷ്യൻ ഗ്രാൻറ് പ്രീയിലും ഇതേവ൪ഷം നടന്ന ഏഷ്യൻ ഓൾ സ്റ്റാ൪സ് അത്ലറ്റിക് മീറ്റിലും മികവുകാട്ടാൻ കൊയിലാണ്ടി ഉഷ സ്കൂൾ ഓഫ് അത്ലറ്റിക്സിലെ താരത്തിനായി.

മിക്സഡ് ഡ്രീംസ്

ബാഡ്മിൻറൺ മിക്സഡ് ഡബ്ൾസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ജോടിയുടെ ഭാഗമാണ് വലിയ വീട്ടിൽ ദിജു എന്ന വി. ദിജു. പങ്കാളി ജ്വാലഗുട്ടയുമൊത്ത് നേട്ടങ്ങൾ കൊയ്ത് ലോക റാങ്കിങ്ങിൽ ആദ്യ 10ൽ സ്ഥാനം പിടിക്കാനായ താരത്തിന് അ൪ഹിക്കുന്ന അംഗീകാരമായി ഒളിമ്പിക്സ് യോഗ്യതയും ലഭിച്ചു.
ഇന്ത്യയുടെ ബാഡ്മിൻറൺ ചരിത്രത്തിൽ ആദ്യത്തെ ഗ്രാൻറ് പ്രീ കിരീടം ദിജു-ജ്വാല സഖ്യത്തിൻെറതാണ്. 2006ലെ മെൽബൺ കോമൺവെൽത്ത് ഗെയിംസിൽ ദിജു വെങ്കലം നേടി. 2009ൽ മലേഷ്യയിൽ നടന്ന ലോക സൂപ്പ൪ സീരീസ് മാസ്റ്റേഴ്സിൻെറ ഫൈനലിലെത്തിയ ദിജു-ജ്വാല സഖ്യത്തിന് ഒളിമ്പിക്സിൽ ശുഭപ്രതീക്ഷയാണുള്ളത്.

നടന്നു നടന്ന്

ഏതാനും മാസം മുമ്പ് മോസ്കോയിൽ നടന്ന ലോകകപ്പ് നടത്ത മത്സരത്തിൽ പങ്കെടുത്ത് ഒളിമ്പിക്സ് യോഗ്യത നേടുന്നതുവരെ കെ.ടി. ഇ൪ഫാൻ കേരളത്തിനുപോലും അപരിചിതനായിരുന്നു. ഒരു മണിക്കൂ൪ 22 മിനിറ്റ് എട്ട് സെക്കൻഡിൽ 10ാമനായി അവസാന വര കടന്ന് ലണ്ടനിൽ സീറ്റുറപ്പിക്കുമ്പോൾ ഒളിമ്പിക്സ് നടത്തത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്ന ആദ്യ മലയാളിയാവുകയായിരുന്നു ഈ യുവാവ്.
ഊട്ടിയിലെ മദ്രാസ് റെജിമെൻറ് ആ൪മിയിൽ ജോലിചെയ്യുന്ന ഇ൪ഫാൻ നടത്തത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. പങ്കെടുത്ത ആദ്യ സൗത് സോൺ മീറ്റിൽതന്നെ മീറ്റ് റെക്കോഡോടെ 10 മീറ്ററിൽ സ്വ൪ണം നേടി. പിന്നീട് ദേശീയ മീറ്റിലും ജേതാവായ ഇ൪ഫാൻ ലണ്ടനിൽ മെഡൽ നേടിയാൽ അദ്ഭുതപ്പെടാനില്ല.

ഹോക്കിയിൽ ഹരിശ്രീ

ദേശീയ വിനോദമായ ഹോക്കിയുടെ ഒളിമ്പിക്സ് ടീമിലെത്തുന്ന ആദ്യ മലയാളി എന്ന ഖ്യാതി പി.ആ൪ ശ്രീജേഷിന് സ്വന്തം. 2011ലെ പ്രഥമ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിൽ വിജയശിൽപിയായി ഇന്ത്യയുടെ അഭിമാനം കാത്ത ഈ ഗോൾകീപ്പറുടെ കളി മിടുക്കിൽ അന്താരാഷ്ട്ര തലത്തിൽ ടീം നേടിയ വിജയങ്ങളേറെ.
2010ൽ ദൽഹിയിൽ പാകിസ്താനെ തോൽപിച്ച് ഇന്ത്യ വേൾഡ് കപ്പ് ഓപണ൪ സ്വന്തമാക്കിയപ്പോൾ ശ്രീജേഷായിരുന്നു മികവിൽ മുമ്പൻ. തുട൪ന്ന് ഇതേവ൪ഷം ഇന്ത്യക്ക് മറ്റൊരു കിരീടം നേടിത്തന്ന അസ്ലൻഷാ ഹോക്കിയിലും ജഴ്സിയണിയാനായി. ക്യാപ്റ്റൻ ഭരത് ഛേത്രിയും ഗോൾകീപ്പറാണെങ്കിലും ടീം മാനേജ്മെൻറിന് തന്നിലുള്ള വിശ്വാസം ശ്രീജേഷിന് ഒളിമ്പിക്സിൽ ഇന്ത്യയുടെ വലകാക്കാൻ അവസരം നൽകിയേക്കും.
l

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.