എയര്‍ ഇന്ത്യ: യൂസുഫലി രാജിവെച്ചു; 'എയര്‍ കേരള' നീക്കം സജീവം

അബൂദബി:  എയ൪ ഇന്ത്യ ഡയറക്ട൪ ബോ൪ഡിൽനിന്ന് പ്രമുഖ പ്രവാസി വ്യവസായി എം.എ. യൂസുഫലി രാജിവെച്ചു. ഡയറക്ട൪ ബോ൪ഡിലെ സ്വതന്ത്ര അംഗത്വമാണ് അദ്ദേഹം ഒഴിഞ്ഞത്. എയ൪ ഇന്ത്യ പ്രവാസികളോട് കാണിക്കുന്ന അവഗണനയിലും ഗൾഫ് മേഖലയിലെ സ൪വീസുകൾ റദ്ദാക്കുന്നതിലും പ്രതിഷേധിച്ചാണ് രാജിയെന്ന് യൂസുഫലി പറഞ്ഞു.  പ്രവാസികൾക്ക് ഏറെ പ്രതീക്ഷയുള്ള കേരളത്തിന്റെ ബജറ്റ് എയ൪ലൈൻ സ്വപ്നം 'എയ൪ കേരള' യാഥാ൪ഥ്യമാക്കുന്നതിനായി പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.  ഇതോടെ,   'എയ൪ കേരള' നീക്കം വീണ്ടും സജീവമായി. പതിറ്റാണ്ടുകളായി ഗൾഫ് മേഖലയിലുള്ളവ൪ അനുഭവിക്കുന്ന യാത്രാ പ്രശ്നത്തിന് ശാശ്വത പരിഹാരമെന്ന നിലയിൽ കേരളം കേന്ദ്രീകരിച്ച് വിമാന കമ്പനി എന്ന ലക്ഷ്യത്തിലേക്കാണ് യൂസുഫലിയുടെ നീക്കം. സെപ്റ്റംബ൪ 12,13,14 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന 'എമ൪ജിങ് കേരള' നിക്ഷേപക സംഗമത്തിൽ ഈ വിഷയം ഗൗരവമായി ച൪ച്ച ചെയ്യുമെന്ന് നേരത്തേതന്നെ ബന്ധപ്പെട്ടവ൪ വ്യക്തമാക്കിയിരുന്നു.
2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് എയ൪ കേരള ആശയം ഉടലെടുത്തത്. 2005 ജൂണിൽ കേരള മന്ത്രിസഭ ഇതുസംബന്ധിച്ച നി൪ദേശം അംഗീകരിച്ചു. കൊച്ചിൻ ഇന്റ൪നാഷനൽ എയ൪പോ൪ട്ട് ലിമിറ്റഡ് (സിയാൽ) മാതൃകയിൽ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ ഗൾഫ് സ൪വീസിന് 'എയ൪ കേരള ഇന്റ൪നാഷനൽ സ൪വീസസ് ലിമിറ്റഡ്' എന്ന ബജറ്റ് എയ൪ലൈൻ തുടങ്ങാനാണ് പദ്ധതി.
എയ൪ ഇന്ത്യ പൈലറ്റ് സമരം കാരണമുണ്ടായ കടുത്ത ദുരിതത്തിന്റെയും പ്രവാസികളുടെ പ്രതിഷേധത്തിന്റെയും പശ്ചാ ത്തലത്തിലാണ് കേരള സ൪ക്കാ൪ വീണ്ടും രംഗത്തിറങ്ങിയത്.
എന്നാൽ, ഇന്ത്യൻ വ്യോമയാന മേഖലയിലെ നിലവിലെ സാഹചര്യങ്ങളും ക൪ശന വ്യവസ്ഥകളും മറികടന്ന് എയ൪ കേരളയുടെ ചിറക് മുളപ്പിക്കാൻ കഠിനശ്രമം വേണ്ടിവരും. നിലവിലെ നിയമങ്ങളുടെ അടിസ്ഥാനത്തിൽ എയ൪ കേരളക്ക് അനുമതി നൽകാൻ സാധിക്കില്ലെന്ന് 2007 മാ൪ച്ചിൽ അന്നത്തെ വ്യോമയാന മന്ത്രി പ്രഫുൽ പട്ടേൽ രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.