കണ്ണൂ൪: തനിക്കെതിരായ പ്രശാന്ത് ബാബുവിന്റെ വെളിപ്പെടുത്തലിനു പിന്നിൽ ഭീമമായ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ടെന്നും ആരോപണങ്ങൾ തികഞ്ഞ അസംബന്ധമാണന്നും കെ. സുധാകരൻ എം.പി വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. നേരത്തേ തന്റെ മറ്റൊരു ഡ്രൈവറെയും ഗണ്മാനെയും സി.പി.എം സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. ഇ.പി. ജയരാജൻ വധശ്രമക്കേസിൽ ശിക്ഷയനുഭവിച്ച ദിനേശനെ കടകംപള്ളി സുരേന്ദ്രൻ ബ്ലാങ്ക് ചെക്കും വീടും പൂ൪ണസംരക്ഷണവും വാഗ്ദാനം നൽകി സ്വാധീനിക്കാൻ ശ്രമിച്ചു.
വെളിപ്പെടുത്തലിനെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വസ്തുത കണ്ടെത്തണം. അതിനുമുമ്പ് പ്രശാന്തിന്റെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്ത് കഴിഞ്ഞ മൂന്നുമാസത്തെ കോളുകൾ പരിശോധിക്കണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തരമന്ത്രിക്ക് ഫാക്സ് സന്ദേശമയക്കും. ബാബു എവിടെയെന്ന് കണ്ടെത്തണം. എന്തെങ്കിലും സംഭവിച്ചാൽ എന്നെ കുറ്റപ്പെടുത്തരുത് -സുധാകരൻ പറഞ്ഞു.
വെളിപ്പെടുത്തലിനു പിന്നിൽ ഗൂഢാലോചനയുണ്ട്. കണ്ണൂ൪ നഗരസഭയിലെ മുൻ കൗൺസില൪ സി.പി.എം പാളയത്തിലാണെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും താൻ മൂന്നുമാസം മുമ്പുപറഞ്ഞതാണ്.
പ്രശാന്ത് ബാബു തന്റെ സ്ഥിരം ഡ്രൈവറായിരുന്നില്ല. 40 ദിവസത്തിൽ താഴെ മാത്രമേ തന്റെ കൂടെ ഡ്രൈവറായി രിന്നുട്ടുള്ളൂ. കോൺഗ്രസിന്റെ ബ്ലോക് സെക്രട്ടറിയുമല്ല.
നഗരസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാഞ്ഞതിന്റെ പേരിലുണ്ടായ ഈ൪ഷ്യയാണ് വിരോധത്തിന് കാരണം. ഗുരുതര അഴിമതി നടത്തിയതുകൊണ്ടാണ് സീറ്റ് നിഷേധിച്ചത്. ആളുകളോട് പണം ആവശ്യപ്പെട്ടതിന് തെളിവുണ്ട്. നാൽപാടി വാസു വധക്കേസിൽ പ്രതിയായ പ്രശാന്ത് ബാബു, സി.പി.എം ക്രിമിനലുകളുടെ നടുവിൽ സുരക്ഷിതനായി ഇത്രയും കാലം താമസിച്ചു എന്നതിൽതന്നെ എല്ലാം വ്യക്തമാണ്.
തന്നെ ചതിയിൽപെടുത്താൻ ഇതിനുമുമ്പ് പലതവണ പ്രശാന്ത് ബാബു ശ്രമിച്ചിട്ടുണ്ട്. എന്നും താൻ സംശയത്തോടെ നോക്കിയ ചെറുപ്പക്കാരനാണ് അയാൾ.
കഴിഞ്ഞ ജൂൺ 11ന് പ്രശാന്ത് ബാബു കൈരളി ചാനലിന് അഭിമുഖം നൽകിയിരുന്നു. കൈരളി അത് പുറത്തുവിട്ടില്ല. പഴയ എസ്.എഫ്.ഐ നേതാവിനെ കൂട്ടുപിടിച്ചാണ് ഇപ്പോൾ വെളിപ്പെടുത്തൽ നടത്തിയതെന്നും സുധാകരൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.