പാലക്കാട്: കാലാവധിക്ക് മുമ്പ് തീ൪ക്കുന്ന ഭവനവായ്പക്ക് ഇടപാടുകാരിൽനിന്ന് പിഴപ്പലിശ ഈടാക്കുന്നതിൽനിന്ന് സഹകരണ ബാങ്കുകളേയും റീജനൽ റൂറൽ ബാങ്കുകളേയും റിസ൪വ് ബാങ്ക് വിലക്കി. ജൂൺ അഞ്ചിന് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ ഷെഡ്യൂൾഡ് ബാങ്കുകളോട് പിഴപ്പലിശ വാങ്ങരുതെന്ന് ആ൪.ബി.ഐ ആവശ്യപ്പെട്ടിരുന്നു. 15ന് ഇറക്കിയ വിജ്ഞാപനത്തിൽ സഹകരണ ബാങ്കുകൾക്കും തിങ്കളാഴ്ചത്തെ വിജ്ഞാപനത്തിൽ റീജനൽ റൂറൽ ബാങ്കുകൾക്കും ഉത്തരവ് ബാധകമാക്കുകയായിരുന്നു. കേരളത്തിൽ സൗത് മലബാ൪ ഗ്രാമീൺ ബാങ്കും നോ൪ത് മലബാ൪ ഗ്രാമീൺ ബാങ്കുമാണ് റീജനൽ റൂറൽ ബാങ്കുകൾ.
അസ്ഥിര നിരക്കിൽ വായ്പ എടുക്കുന്നവരിൽനിന്ന് നേരത്തെ ഇടപാട് തീ൪ക്കുന്നതിനാണ് ബാങ്കുകൾ പിഴ ഈടാക്കുന്നത്. മുൻകൂ൪ തീ൪പ്പാക്കൽ ചാ൪ജ്, മുൻകൂ൪ അടച്ചുതീ൪ക്കൽ പിഴ എന്നീ പേരുകളിലാണ് പിഴ വാങ്ങുന്നത്. വിവിധ ബാങ്കുകൾ വ്യത്യസ്ത രീതിയിലാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. ഇതുമൂലം അതേ ബാങ്കിലെതന്നെ കുറഞ്ഞ പലിശ നിരക്കുള്ള വായ്പാ പദ്ധതിയിലേക്ക് മാറാനും പലിശ കുറവുള്ള ബാങ്കുകളിലേക്ക് വായ്പ മാറ്റാനും ഇടപാടുകാ൪ പ്രയാസം നേരിടുന്നുണ്ട്. ഇത് സംബന്ധിച്ച് ഒട്ടേറെ പരാതികൾ ലഭിച്ചതായി രാജ്യത്തെ ബാങ്കുകളുടെ സേവനത്തെക്കുറിച്ച് പഠിച്ച എം. ദാമോദരൻ സമിതി റിസ൪വ് ബാങ്കിനും കേന്ദ്ര ധനമന്ത്രാലയത്തിലെ ബാങ്കിങ് വിഭാഗത്തിനും റിപ്പോ൪ട്ട് നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഏപ്രിലിൽ കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച ധന നയത്തിൽ ബാങ്കുകളോട് ഈ അശാസ്ത്രീയ രീതി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ചില ബാങ്കുകൾ സ്വമേധയാ നി൪ത്തിയെങ്കിലും സ്വകാര്യ ബാങ്കുകളിലധികവും തുട൪ന്നും പിഴപ്പലിശ ഈടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ഷെഡ്യൂൾഡ്, സഹകരണ, റീജനൽ റൂറൽ ബാങ്കുകൾക്ക് വ്യത്യസ്ത ഉത്തരവുകളിലൂടെ റിസ൪വ് ബാങ്ക് നി൪ദേശം നൽകിയത്.
ഉത്തരവ് ഉടൻ പ്രാബല്യത്തി ൽ വരുമെന്ന് റിസ൪വ് ബാങ്ക് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇനി പിഴപ്പലിശ ഈടാക്കുന്ന ബാങ്കുകൾ ക്കെതിരെ ബാങ്കിങ് ഓംബുഡ്സ്മാന് പരാതി നൽകാൻ ഇടപാടുകാ൪ക്ക് അവകാശമുണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.