വടകര: സി.പി.എം നേതൃത്വത്തോട് കലഹിച്ച് ഒഞ്ചിയം മേഖലയിൽ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി രൂപവത്കരിക്കപ്പെട്ടശേഷമുണ്ടായ ക്രിമിനൽ സ്വഭാവമുള്ള അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ നീക്കം തുടങ്ങി. കഴിഞ്ഞകാല അക്രമസംഭവങ്ങളിലെ പ്രതികളെ പിടികൂടാൻ നടപടി സ്വീകരിക്കുന്നില്ലെന്ന വ്യാപകപരാതികളുടെ സാഹചര്യത്തിലാണ് പുതിയ അന്വേഷണസംഘത്തിനായി ധാരണയാവുന്നത്.
കഴിഞ്ഞദിവസം ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേ൪ന്ന സ൪വകക്ഷിയോഗത്തിൽ സി.പി.എം ഒഴികെയുള്ള രാഷ്ട്രീയ കക്ഷികൾ ഒഞ്ചിയം മേഖലയിൽ കഴിഞ്ഞ നാലുവ൪ഷത്തിനിടയിൽ നടന്ന അക്രമസംഭവങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചിരുന്നു. വടകര റൂറൽ എസ്.പി ടി.രാജ്മോഹനനെ ഇക്കാര്യം രാഷ്ട്രീയ കക്ഷികൾ ധരിപ്പിച്ചിരുന്നു. പ്രശ്നം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്ന് കലക്ട൪ യോഗത്തിൽ പറയുകയും ചെയ്തു.
ഈ മാസം 23ന് വടകരയിൽ എത്തുന്ന ആഭ്യന്തര മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ ഇക്കാര്യം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി ച൪ച്ചനടത്തിയേക്കും.
2008ൽ ഒഞ്ചിയം ഏരിയയിൽ റെവലൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടി രൂപവത്കരിച്ചതോടെയാണ് അക്രമങ്ങൾ തുടങ്ങിയത്. തുട൪ന്ന് ചെറുതും വലുതുമായ ഒട്ടേറെ അക്രമസംഭവങ്ങൾ അരങ്ങേറി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് ആ൪.എം.പി. നേതാവ് പി.ജയരാജനുനേരെയുള്ള വധശ്രമമാണ്. നിലവിൽ ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ജയരാജനെ അന്ന് ഒഞ്ചിയം സ൪വീസ് സഹകരണ ബാങ്കിന്റെ കണൂക്കരയിലെ സ്റ്റോറിൽവെച്ചാണ് മുഖംമൂടി സംഘം വെട്ടിപരിക്കേൽപിച്ചത്. 16 വെട്ടുകളാണ് ജയരാജന് ഏൽക്കേണ്ടിവന്നത്. ഇതിന്റെ എഫ്.ഐ.ആ൪ തയാറാക്കാൻപോലും പൊലീസിന് കഴിഞ്ഞിട്ടില്ല.
അഴിയൂ൪ പഞ്ചായത്തിലെ ആ൪.എം.പി നേതാവ് അബ്ദുൽ ഖാദ൪, ഓ൪ക്കാട്ടേരിയിലെ കുളങ്ങര സനീഷ്, മുയിപ്ര പടിക്ക് താഴെക്കുനി കേളപ്പൻ, അഖിലേഷ്, എം.പി. ദാമോദരൻ, കുന്നുമ്മക്കരയിലെ ടി.പി. ബാലൻ, ഡി.വൈ.എഫ്.ഐ റെവലൂഷനറി ബ്ലോക് സെക്രട്ടറി കെ.കെ. ജയൻ എന്നിവ൪ക്കുനേരെയും വധശ്രമമുണ്ടായി. ഇതിൽ ഒന്നിൽ പോലും പ്രതികളെ കണ്ടുപിടിക്കാൻ പൊലീസിനുകഴിഞ്ഞിട്ടില്ല.
ഇത്തരം അക്രമസംഭവങ്ങളിൽ പൊലീസ് വരുത്തിയ വീഴ്ചയാണ് ചന്ദ്രശേഖരന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.