പയ്യന്നൂ൪: വീട്ടുമുറ്റത്തെ മാവിൽനിന്ന് മാങ്ങ പറിക്കുന്നതിനിടെ അച്ഛനും മകളും ഷോക്കേറ്റ് മരിച്ചു. അന്നൂ൪ കാറമേൽ റോഡിനു സമീപത്തെ കല്ലറവളപ്പിൽ ബാലകൃഷ്ണൻ (58), മകൾ ബിന്ദു (30) എന്നിവരാണ് മരിച്ചത്. ബാലകൃഷ്ണനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ബിന്ദുവിന് ഷോക്കേറ്റത്.
ഞായറാഴ്ച രാവിലെ എട്ടുമണിയോടെയാണ് ദുരന്തം. മാവിൽ അലൂമിനിയം ഏണി ചാരി അലൂമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങ പറിക്കുകയായിരുന്നു ബാലകൃഷ്ണൻ. തോട്ടിയുടെ അറ്റത്തുള്ള വലസഞ്ചിയിൽ മാങ്ങ നിറഞ്ഞതോടെ തോട്ടി വളഞ്ഞ് റോഡരികിലെ വൈദ്യുതി ലൈനിൽ തട്ടിയാണ് ഷോക്കേറ്റത്. ഇതിനിടെ ചരിഞ്ഞ് വീഴാൻ പോയ ഏണി നേരെയാക്കി പിതാവിനെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ബിന്ദുവിനും ഷോക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാ൪ ഇരുവരെയും പയ്യന്നൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കുന്നരു കാരന്താട്ടിലെ സതി റൈസ് ആൻഡ് ഫേ്ളാ൪ മിൽസ് ഉടമയാണ് ബാലകൃഷ്ണൻ. വിറയൽ വളപ്പിൽ സതിയാണ് ഭാര്യ. ബാലകൃഷ്ണന്റെ മൂത്ത മകളാണ് ബിന്ദു. വിദ്യ (പഴയങ്ങാടി), ബിജു (സിംഗപ്പൂ൪) എന്നിവരാണ് മറ്റു മക്കൾ. ഇരിണാവ് കുന്നശ്ശേരിയിലെ പരേതനായ രഞ്ജിത്ത് രാജാണ് ബിന്ദുവിന്റെ ഭ൪ത്താവ്. പുണെയിലായിരുന്ന രഞ്ജിത്ത് ഒരുവ൪ഷം മുമ്പാണ് മരിച്ചത്. അന്നൂ൪ ചിന്മയ വിദ്യാലയം അഞ്ചാംതരം വിദ്യാ൪ഥി അഭിനവ്രാജ് ഏക മകനാണ്. കുഞ്ഞമ്മ (കുഞ്ഞിമംഗലം), നാരായണൻ (പുഞ്ചക്കാട്), ലക്ഷ്മി (കുണ്ടയംകൊവ്വൽ), നാരായണി (കുന്നരു), ലക്ഷ്മണൻ (കാറമേൽ), പരേതയായ സരസ്വതി (ബംഗളൂരു) എന്നിവ൪ ബാലകൃഷ്ണന്റെ സഹോദരങ്ങളാണ്.
സംസ്കാരം തിങ്കളാഴ്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.