ആശയത്തെ നേരിടാൻ ആയുധമെടുക്കുന്നത് തനി ഗുണ്ടായിസമാണെന്ന് ജ്ഞാനപീഠ ജേത്രിയും സാമൂഹിക പ്രവ൪ത്തകയുമായ മഹാശ്വേതാ ദേവി. ഒഞ്ചിയം സംഭവത്തിൻെറ പശ്ചാത്തലത്തിൽ ‘മാധ്യമ’ത്തോട് സംസാരിക്കുകയായിരുന്നു അവ൪.
ആയുധംകൊണ്ട് വെട്ടിവീഴ്ത്തുന്നത് രാഷ്ട്രീയമല്ല, ഗുണ്ടായിസമാണ്. സി.പി.എം ബംഗാളിലെ ജനങ്ങളിൽനിന്ന് അകന്നുപോയത് ഗുണ്ടായിസം കാരണമാണെന്നും മഹാശ്വേതാദേവി പറഞ്ഞു.
‘കൊല്ലാം നിങ്ങൾക്ക് തോൽപ്പിക്കാനാകില്ല’ എന്ന ചന്ദ്രശേഖരൻെറ ഭാര്യ രമ യുടെ വാക്കുകൾ തന്നെ ഉലച്ചതായും അവ൪ പറഞ്ഞു.ബംഗാളിൽ ഒരുകാലത്ത് തങ്ങളെല്ലാം സി.പി.എമ്മിന് ഒപ്പമായിരുന്നു. പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ പരിഹരിക്കാനാണ് സി.പി.എമ്മിനെ ജനങ്ങൾ തെരഞ്ഞെടുത്തത്. എന്നാൽ, അവരത് വിസ്മരിച്ചു. മൂന്ന് പതിറ്റാണ്ട് ബംഗാൾ ഭരിച്ചിട്ടും പാവപ്പെട്ടരുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ പോലും അവ൪ക്കായില്ല. പാ൪പ്പിടമോ കുടിവെള്ളമോ കൃഷിക്കാവശ്യമായ വെള്ളമോ ഒന്നും കിട്ടാതെ സാധാരണക്കാ൪ കഷ്ടപ്പെടുകയായിരുന്നു.
അതുകൊണ്ടാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മമതാ ബാന൪ജിയെ പിന്തുണച്ചത്. അല്ലാതെ മമതയുടെ രാഷ്ട്രീയ നിലപാടുകളോടുള്ള ഐക്യം കൊണ്ടായിരുന്നില്ല. ഇന്ന് മമത തന്നെ വിമ൪ശിക്കുന്ന കാ൪ട്ടൂണിസ്റ്റുകളെ പോലും തടവിലാക്കാൻ ശ്രമിക്കുമ്പോൾ മിണ്ടാതിരിക്കാൻ തനിക്കാവില്ല. അഭിപ്രായ സ്വതന്ത്ര്യത്തിനെതിരെ മമത നടത്തുന്ന ഏത് ശ്രമത്തെയും താൻ എതി൪ക്കുമെന്നും അവ൪ വ്യക്തമാക്കി.
മാവോയിസ്റ്റുകളെ പിന്തുണക്കുന്നവൾ എന്ന് ചില൪ തന്നെ വിമ൪ശിക്കാറുണ്ട്. താൻ മാവോയിസത്തെയോ നക്സലിസത്തെയോ പിന്തുണക്കുന്നില്ല. പക്ഷേ, എന്തുകൊണ്ടാണ് സാധാരണക്കാരായ ജനങ്ങൾ മാവോയിസത്തിലേക്ക് ആക൪ഷിക്കപ്പെടുന്നതെന്ന് ഭരണകൂടങ്ങൾ മനസ്സിലാക്കണം. പാലക്കാട് ജില്ലയിലെ മുതലമടയിൽ ഡിസ്റ്റിലറി അനുവദിക്കാനുള്ള തീരുമാനത്തിൽനിന്ന് സ൪ക്കാ൪ പിന്തിരിയണമെന്ന് അവ൪ ആവശ്യപ്പെട്ടു.
ജനങ്ങളുടെ കുടിവെള്ളം ഊറ്റിയെടുത്ത കൊക്കക്കോളക്കെതിരെ സമരം നടത്തിയ ജനങ്ങളാണ് പാലക്കാട്ടുകാ൪. അവശേഷിക്കുന്ന കുടിവെള്ളവും അപഹരിച്ച് നാട്ടിൽ മദ്യമൊഴുക്കാൻ സ൪ക്കാ൪ കൂട്ടുനിൽക്കരുത്.ശനിയാഴ്ച ഒഞ്ചിയത്തെത്തുന്ന മഹാശ്വേതാദേവി ടി.പി. ചന്ദ്രശേഖരൻെറ വീട് സന്ദ൪ശിച്ച ശേഷം കോഴിക്കോട് ഇൻഡോ൪ സ്റ്റേഡിയത്തിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.