മിലാൻ: യൂറോപ്യൻ ക്ളബ് ഫുട്ബാൾ പോരാട്ടത്തിൻെറ ഫൈനലിനു മുമ്പായി ലോകം കാത്തിരുന്ന ക്വാ൪ട്ടറിലെ ക്ളാസിക് ഫൈനലിൽ തുല്യശക്തികൾ സമനിലയിൽ പിരിഞ്ഞു. സാൻസിറോയിലെ മിലാൻ തട്ടകത്തിൽ കളിക്കാനെത്തിയ നിലവിലെ ചാമ്പ്യന്മാരായ ബഴ്സലോണയെ ഗോൾ രഹിത സമനിലയിൽ തളച്ച് ഇറ്റാലിയൻ ടീം ആദ്യപാദത്തിലെ പരീക്ഷണം ഒരുവിധം അതിജീവിച്ചു. മറ്റൊരു ക്വാ൪ട്ടറിൽ ഫ്രഞ്ച് ക്ളബായ മാഴ്സെക്കെതിരെ രണ്ടു ഗോളിൻെറ എവേ ജയത്തോടെ ജ൪മൻ ക്ളബായ ബയേൺ മ്യൂണിക് നിലഭദ്രമാക്കി. മാഴ്സെയുടെ വെല്ലുവിളികളെ സമ൪ത്ഥമായി മറികടന്ന ബയേൺ മരിയോ ഗോമസും ആ൪യൻ റോബനും നേടിയ ഗോളിലൂടെയാണ് യുവേഫ ചാമ്പ്യൻസ് ലീഗിൻെറ ക്വാ൪ട്ട൪ ഫൈനലിൽ നി൪ണായക ജയം സ്വന്തമാക്കിയത്. ഏപ്രിൽ മൂന്നിന് നടക്കുന്ന രണ്ടാംപാദ മത്സരത്തിൻെറ സമ്മ൪ദത്തിൽനിന്നും ബയേൺ രക്ഷപ്പെട്ടപ്പോൾ ചാമ്പ്യന്മാരായ ബാഴ്സലോണക്ക് കനത്ത വെല്ലുവിളിയാവും കാത്തിരിക്കുന്നത്.
ഗോളില്ലാ ബാഴ്സ
എ.സി മിലാൻ 0-ബാഴ്സലോണ 0
എതി൪ ഗോൾമുഖത്തെ വലക്കണ്ണികളിലേക്ക് നിറയൊഴിക്കുന്നതിൽ ഒരു മടിയും കാണിക്കാത്ത ബാഴ്സലോണ ഇന്നലെ ഗോളിൻെറ വില യറിഞ്ഞു. തുല്യശക്തികളുടെ തീപ്പാറും പോരാട്ടമെന്ന് വിശേഷിപ്പിച്ച മത്സരത്തിൽ ഇറ്റാലിയൻ സീരി എ ചാമ്പ്യൻഷിപ്പിലേക്ക് കുതിക്കുന്ന എ.സി മിലാനു മുന്നിൽ ഗോൾരഹിത സമനില വഴങ്ങിയതോടെ യൂറോപ്യൻ ചാമ്പ്യൻസ് ലീഗ് കിരീടപോരാട്ടത്തിൽ ആകെ സമ്മ൪ദത്തിലായി പെപ് ഗ്വാ൪ഡിയോളയുടെ സ്വപ്നസംഘം. രണ്ടര വ൪ഷത്തിനിടെ ആദ്യമായാണ് ബാഴ്സ ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഗോൾ നേടാതെ 90 മിനിറ്റ് കളിച്ച് കളം വിടുന്നത്. ആദ്യ മിനിറ്റ് മുതൽ അവസാന വിസിൽ വരെയും പന്തും മൈതാനവും ബാഴ്സയുടെ കൈകളിൽ. എന്നാൽ, സാൻസിറോയിൽ ഇരമ്പിയാ൪ത്ത ജനക്കൂട്ടത്തിനിടയിൽ ഉറച്ച പ്രതിരോധക്കോട്ട പടുത്തുയ൪ത്തിയ എ.സി മിലാൻെറ ഇറ്റാലിയൻ കോട്ടയിൽ വിള്ളൽ വീഴ്ത്താൻ ലയണൽ മെസ്സിക്കും സംഘത്തിനും കഴിഞ്ഞില്ല.
മെസ്സിയെ മുൻനിരയിൽ പൂ൪ണമായും പൂട്ടിയിടുകയും മധ്യനിരയിൽ മുന്നേറ്റങ്ങൾ നെയ്തെടുത്ത സാവി-ഇനിയസ്റ്റ-സെ൪ജിയോ ബുസ്കറ്റ് കൂട്ടുകെട്ടിൻെറ ശ്രമങ്ങളെ മുളയിലേ കണ്ണിയറ്റിച്ചും മിലാൻ ചാമ്പ്യൻമാരുടെ മുനയൊടിച്ചു. കളിക്കളത്തിൽ പന്തുകൾ ഏറെ സമയം കൈവശം വെച്ചതിൻെറ കണക്കെടുത്താലും (ബാഴ്സ 65ശതമാനം, മിലാൻ 35 ശതമാനം), പിറന്ന ഷോട്ടുകളെടുത്താലും (ബാഴ്സ 18, മിലാൻ 6) സ്പാനിഷ് കരുത്ത൪ തന്നെ ബഹുദൂരം മുന്നിൽ. എന്നാൽ, അലസാന്ദ്രോ നെസ്റ്റ, ലൂകാ ആൻേറാണിയോ, ഡാനിയേൽ ബൊനീറ എന്നിവ൪ കെട്ടിപ്പടുത്ത മിലാൻെറ പ്രതിരോധക്കോട്ട കടന്ന് ബാഴ്സയുടെ ശ്രമങ്ങളൊന്നും പെനാൽറ്റി ഏരിയ കണ്ടില്ലെന്നത് വാസ്തവം. ഗോളെന്നുറപ്പിച്ച മൂന്നു ശ്രമങ്ങൾ മാത്രമേ ബാഴ്സക്ക് നടത്താൻ കഴിഞ്ഞുളളൂ. മിലാനും മൂന്നു ഷോട്ടുകൾ ഗോളിലേക്ക് പായിച്ചെങ്കിലും ലക്ഷ്യം കണ്ടെത്താനായില്ല. ഒട്ടനവധി അവസരങ്ങളാണ് ബാഴ്സ താരങ്ങൾക്ക് ലഭിച്ചതെങ്കിലും ഗോളുകൾ പിറക്കാതെ പോയത് ചാമ്പ്യൻ ക്ളബിന് തിരിച്ചടിയായി. എന്നാൽ, മറുതലക്കൽ ഒറ്റപ്പെട്ട മുന്നേറ്റങ്ങളിലൂടെയാണ് മിലാൻ ബാഴ്സ പ്രതിരോധത്തെ പരീക്ഷിച്ചത്. മുൻ ബാഴ്സ താരം സ്ളാറ്റൻ ഇബ്രാഹിമോവിച്ചായിരുന്നു മിലാൻെറ തുരുപ്പുശീട്ട്. എന്നാൽ, കളി ആദ്യപകുതി പിരിയാൻ പത്തു മിനിറ്റ് മാത്രം ശേഷിക്കെ അലക്സിസ് സാഞ്ചസിൻെറ മുന്നേറ്റം മിലാൻ ഡിഫൻഡ൪മാ൪ വീഴ്ത്തി. ഇതിന് പെനാൽറ്റിക്കായി അപേക്ഷിച്ചെങ്കിലും റഫറി അനുവദിച്ചില്ല. ബാഴ്സ താരങ്ങളെ തീ൪ത്തും വരിഞ്ഞുകെട്ടി ലൂകാ ആൻേറാണിയോയാണ് മിലാൻെറ രക്ഷകനായത്. രണ്ടാം പകുതിയിൽ പെഡ്രോ, ടെല്ലോ എന്നിവരെ കോച് ഗ്വാ൪ഡിയോള ഇറക്കിയെങ്കിലും ഗോൾ പിറന്നില്ല.
ബയേണിന് സെമി
മാഴ്സെ 0-ബയേൺ മ്യൂണിക് 2
(ഗോൾ: 44 മരിയോഗോമസ്, 69 ആ൪യൻ റോബൻ)
ബയേൺ മ്യൂണിക് താരങ്ങൾ കളം നിറഞ്ഞ മത്സരത്തിൽ ഗോളുകളുടെ എണ്ണം രണ്ടിലേക്ക് ചുരുങ്ങിയതിൽ ഫ്രഞ്ച് ക്ളബ് മാഴ്സെക്ക് ആശ്വസിക്കാം. കളിയുടെ ആദ്യ പകുതിയിലെ ഏറിയ പങ്കും ഗോൾവീഴാതെ സൂക്ഷിച്ച വലയിൽ വിള്ളൽ വീഴ്ത്തിയത് 44ാം മിനിറ്റിൽ ഉജ്ജ്വല ഫിനിഷിങ്ങിലൂടെ സ്കോ൪ ചെയ്ത ജ൪മൻ താരം മരിയോ ഗോമസും രണ്ടാം പകുതിയിലെ 69ാം മിനിറ്റിൽ കാത്തുവെച്ച അവസരം മുതലെടുത്ത് ഗോൾ നേടിയ ഹോളണ്ട് താരം ആ൪യൻ റോബനും.
ടീമിൻെറ മൂന്നാം നമ്പ൪ ഗോൾ കീപ്പ൪ എലിൻറൺ ആന്ദ്രാഡെയെ ഗോൾവലക്ക് കാവൽ നിൽക്കാൻ ഏൽപിച്ചായിരുന്നു മാഴ്സെ നി൪ണായക മത്സരത്തിൽ കളത്തിലിറങ്ങിയത്്. ഒന്നാം ഗോളി സ്റ്റീവ് മൻദൻഡക്ക് സസ്പെൻഷനിലായപ്പോൾ രണ്ടാം ഗോളി ഗെന്നരോക്ക് അവസരം നൽകാതെ കോച്ചെടുത്ത തീരുമാനം പാളിപ്പോയെന്ന് മത്സരം വിധിയെഴുതി. എന്നാൽ, അവസരം മുതലെടുത്ത് ബയേൺ ചാമ്പ്യൻസ് ലീഗ് സെമിയിലേക്കുള്ള ബ൪ത്ത് ഏതാണ്ടുറപ്പിച്ചു. സ്വന്തം ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദമത്സരത്തിൽ അട്ടിമറി നടന്നില്ലെങ്കിൽ ജ൪മൻ സംഘത്തിൻെറ സെമിപോരാട്ടം കണക്ക് തീ൪ക്കലുകളുടെ വേദിയാവും. ആദ്യ മിനിറ്റ് മുതൽ ഗോമസ്, റോബൻ, ഫ്രാങ്ക് റിബറി, തോമസ് മുള്ള൪ ടീമിൻെറ മുന്നേറ്റം മഴ്സെ ഏരിയയിൽ അങ്കലാപ്പ് സൃഷ്ടിക്കുന്നത് കാണാമായിരുന്നു. എന്നാൽ, ഏഴാം മിനിറ്റിൽ മാഴ്സെ മികച്ചൊരു നീക്കത്തിലൂടെ ബയേൺ ഗോൾ കീപ്പ൪ മാനുവൽ ന്യൂമറെ പരീക്ഷിച്ചു. ആദ്യ മിനിറ്റുകളിൽ ഫ്രഞ്ച് ടീമിൻെറ ഒറ്റപ്പെട്ട ആക്രമണങ്ങളിൽ നിന്നെല്ലാം മടങ്ങിയെത്തിയ പന്ത് പിടിച്ചെടുത്ത് ബയേൺ തിരിച്ചടി തുട൪ന്നു. 44ാം മിനിറ്റിലാണ് ഇതിന് ഫലം ലഭിച്ചത്. മാഴ്സെ മുന്നേറ്റം തടയുന്നതിനിടെ ഫിലിപ്പ് ലാമിൻെറ കൈയിൽ പന്ത് തട്ടിയതിന് ഹാൻഡ് വിളിച്ചെങ്കിലും റഫറിയുടെ കണ്ണുവെട്ടിച്ച് മുന്നേറിയ റോബനിലൂടെയാണ് പന്ത് ഗോമസിലെത്തുന്നത്. കുതിച്ചെത്തി മികച്ച ഫിനിഷിങ്ങിലൂടെ ഗോളാക്കിമാറ്റിയ ഗോമസിന് നൽകണം പൂ൪ണ ക്രെഡിറ്റ്. ഇതോടെ ചാമ്പ്യൻസ് ലീഗ് സീസണിൽ 11 ഗോളുമായി ഗോമസ് ലയണൽ മെസ്സിക്കു പിന്നിലെത്തി. സീസണിലെ 37ാം ഗോളാണിത്. 69ാം മിനിറ്റിൽ തോമസ് മുള്ളറുടെ പാസിൽ നിന്നായിരുന്നു റോബൻ ബയേണിൻെറ രണ്ടാം ഗോൾ സ്വന്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.