പേരാമ്പ്ര: ജീവിതത്തിൻെറ നടുക്കടലിൽ തുഴ നഷ്ടപ്പെട്ടിട്ടും സ൪വശക്തിയുമെടുത്ത് നീന്തി കരക്കെത്താൻ ശ്രമിക്കുകയാണ് ശിവദാസനും (53) അഷ്റഫും (32). പത്തുവ൪ഷം മുമ്പ് രണ്ട് കുടുംബങ്ങളുടെ അത്താണിയായിരുന്നു ഇവ൪. ഭാര്യയും മക്കളും അടങ്ങുന്ന കുടുംബത്തെ ജീവൻ പണയംവെച്ച് പരിപാലിച്ചവ൪. എന്നാൽ, ഇന്ന് ഇവരുടെ അവസ്ഥ ആരെയും വേദനിപ്പിക്കും.
മരത്തിൽനിന്ന് വീണ് ഇരുവരുടെയും അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടിട്ട് പത്തുവ൪ഷമാകുന്നു. ശരീരം തള൪ന്നിട്ടും വെറുതെയിരിക്കാൻ ഈ സുഹൃത്തുക്കൾ തയാറല്ല. അതുകൊണ്ടുതന്നെയാണ് കിടപ്പിലായവ൪ക്ക് കൈത്തൊഴിൽ പരിശീലനം നൽകാൻ എല്ലാ വേദനകളും മറന്ന് ഈ ആത്മമിത്രങ്ങൾ എത്തുന്നത്. കിടപ്പിലായ രോഗികൾക്ക് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന അതിജീവനം പദ്ധതിയിൽ കൈത്തൊഴിൽ പരിശീലിപ്പിക്കുന്നത് ശിവദാസനും അഷ്റഫുമാണ്.
ചെറുവത്തൂ൪ പിലാക്കിൽ ശിവദാസൻ 2000 ഡിസംബറിലാണ് ജോലിക്കിടെ പ്ളാവിൽനിന്ന് വീഴുന്നത്. അതേ മാസംതന്നെ മടവൂ൪ നെച്ചോളി അഷ്റഫ് തെങ്ങിൽനിന്നും വീണു. ഇരുവരും അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തി. ദീ൪ഘകാലത്തെ ആശുപത്രിവാസം ഇരുവരെയും ആത്മാ൪ഥ സുഹൃത്തുക്കളാക്കി മാറ്റി.
കഴിഞ്ഞ പത്തുവ൪ഷമായി ഈ സൗഹൃദത്തിനൊരു ഉലച്ചിലും തട്ടാതെ കാത്തുസൂക്ഷിക്കുന്നു. ഇവ൪ക്ക് കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ വിഭാഗമാണ് കൈത്തൊഴിൽ പരിശീലനം നൽകിയത്. കുടനി൪മാണം, മറ്റു കരകൗശല വസ്തുക്കളുടെയും ഫാൻസി സാധനങ്ങളുടെയും നി൪മാണം എന്നിവ ഇവ൪ വീട്ടിൽവെച്ചും ചെയ്യുന്നു. വീട്ടുകാ൪ക്കൊരു ഭാരമാവാതെ വീട്ടുചെലവിൻെറ ചെറിയൊരു പങ്കെങ്കിലും ഉണ്ടാക്കാനുള്ള ശ്രമത്തിലാണിവ൪. എന്നാൽ, പലവിധത്തിലുള്ള രോഗങ്ങൾ പലപ്പോഴും അതിന് തടസ്സമാവുന്നു. ഷുഗ൪, പൈൽസ്, വയറുസംബന്ധമായ രോഗങ്ങൾ, ട്യൂബ് ഇടുന്നതുകാരണം മൂത്രത്തിൽ പഴുപ്പ്... ഇങ്ങനെ രോഗങ്ങൾ നിരവധിയാണ്. ഇതെല്ലാം സഹിച്ച് പരിശീലനം നൽകാൻ പോകുന്നതിന് രണ്ട് കാരണമാണ് ഇവ൪ പറയുന്നത്. ‘വ൪ഷങ്ങളായി ഒരേ കിടപ്പിൽ കിടക്കുന്ന ഞങ്ങൾ പുറത്തുപോകുമ്പോൾ അത് വീട്ടുകാ൪ക്ക് വലിയ ആശ്വാസമായിരിക്കും. ഞങ്ങളുടെ അസുഖം ഭേദമാവുന്നുണ്ടെന്ന് അവ൪ കരുതും. മറ്റൊന്ന് ഞങ്ങളെപ്പോലുള്ളവരെ സഹായിക്കാൻ കഴിഞ്ഞാൽ, അവ൪ക്ക് ആത്മവിശ്വാസം കൊടുത്താൽ അതൊരു പുണ്യക൪മമാണ്.’
ശിവദാസൻെറ വീട്ടിൽ ഭാര്യയും പ്ളസ്വണ്ണിനും 10ാം ക്ളാസിലും പഠിക്കുന്ന മകളും മകനും അവിവാഹിതയായ സഹോദരിയുമാണ് ഉള്ളത്. നിത്യച്ചെലവിനുപോലും പ്രയാസപ്പെടുന്ന കുടുംബമാണിത്. സ൪ക്കാറിൽനിന്ന് ഇതുവരെ സഹായമായി 2000 രൂപ മാത്രമാണ് ലഭിച്ചതെന്ന് ശിവദാസൻ പറയുന്നു. നാട്ടുകാ൪ പിരിവെടുത്ത് 10,000ത്തിലധികം രൂപ നൽകിയിരുന്നു. ഇവ൪ താമസിക്കുന്ന വീട് ഏതുനിമിഷവും പൊളിഞ്ഞുവീഴാൻ പാകത്തിലാണ്.
അഷ്റഫിൻെറ വീട്ടിൽ ഒമ്പതാംക്ളാസിൽ പഠിക്കുന്ന മകനും ആറാംക്ളാസിൽ പഠിക്കുന്ന മകളും ഭാര്യയും ഉണ്ട്. തെങ്ങുകയറ്റമുൾപ്പെടെയുള്ള എല്ലാ ജോലിക്കുംപോയാണ് അഷ്റഫ് കുടുംബം പുല൪ത്തിയിരുന്നത്.
ഇദ്ദേഹം കിടപ്പിലായതോടെ കുടുംബത്തിൻെറ കാര്യവും പരുങ്ങലിലായി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെയാണ് ഇപ്പോൾ ജീവിതം മുന്നോട്ടുനീങ്ങുന്നത്. ഇരുവ൪ക്കും വിദഗ്ധ ചികിത്സ ലഭിച്ചാൽ നടക്കാൻ കഴിയുമെന്നാണ് വിശ്വസിക്കുന്നത്. എന്നാൽ, ഭാരിച്ച ചികിത്സാ ചെലവ് ഇവ൪ക്ക് മുന്നിൽ ഒരു ചോദ്യമായി അവശേഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.