പാസ്പോര്‍ട്ട് അപേക്ഷകള്‍ കെട്ടിക്കിടക്കുന്നു,ഹജ്ജ് അപേക്ഷകര്‍ ആശങ്കയില്‍

ആലപ്പുഴ: അടിസ്ഥാന സൗകര്യമൊരുക്കാതെ പാസ്പോ൪ട്ട് സേവാ കേന്ദ്രങ്ങൾ വഴി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയതോടെ സ്പെഷൽ ബ്രാഞ്ച് ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് പാസ്പോ൪ട്ട് അപേക്ഷകൾ. എറണാകുളം റീജനൽ പാസ്പോ൪ട്ട് ഓഫിസിന് കീഴിലെ അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ആലപ്പുഴ, കോട്ടയം, എറണാകുളം ഓഫിസുകളിലാണ് അപ്ലോഡ് ചെയ്യാനാകാതെ അപേക്ഷകൾ കെട്ടിക്കിടക്കുന്നത്.
പാസ്പോ൪ട്ട് സേവാകേന്ദ്രം പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഫെബ്രുവരി 15 മുതൽ ആലപ്പുഴ,കോട്ടയം സ്പെഷൽ ബ്രാഞ്ച് ഓഫിസുകളിൽ ഒരു അപേക്ഷ പോലും അപ്ലോഡ് ചെയ്യാൻ കഴിഞ്ഞിട്ടില്ല. ദിവസവും നൂറുകണക്കിന് അപേക്ഷകളാണ് പൊലീസ് വെരിഫിക്കേഷൻ കഴിഞ്ഞ് ഇവിടെയെത്തുന്നത്. സ൪ക്കാ൪ ക്വോട്ടയിൽ ഹജ്ജിന് അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 14ന് അവസാനിക്കാനിരിക്കേ അപേക്ഷക൪ ആശങ്കയിലാണ്. അപേക്ഷ നൽകി മാസം കഴിഞ്ഞിട്ടും പാസ്പോ൪ട്ട് ലഭിക്കാത്തതിനെത്തുട൪ന്ന് അപേക്ഷക൪ വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദിന് പരാതി നൽകി.
സ൪ക്കാ൪ ക്വോട്ടയിൽ ഹജ്ജിന് പോകേണ്ടവരുടെ അപേക്ഷ ഏപ്രിൽ 14നകം തപാലിൽ കോഴിക്കോട് കിട്ടണം. പാസ്പോ൪ട്ടിൻെറ കോപ്പിയും നമ്പറും ഉണ്ടെങ്കിലേ അപേക്ഷിക്കാൻ കഴിയു. എന്നാൽ,പ്രശ്നം എന്ന് പരിഹരിക്കാൻ കഴിയുമെന്ന് പോലും അധികൃത൪ക്ക് പറയാൻ കഴിയുന്നില്ല.
സേവാകേന്ദ്രങ്ങൾ ആരംഭിച്ചതോടെ അപേക്ഷകരുടെ എണ്ണം കൂടിയെങ്കിലും അടിസ്ഥാന സൗകര്യം സ്പെഷൽ ബ്രാഞ്ച് ഓഫിസുകളിൽ ഒരുക്കിയിട്ടില്ല. പഴയ ഒരു കമ്പ്യൂട്ട൪ ഉപയോഗിച്ചാണ് ഇപ്പോഴും പലയിടത്തും ഇടപാടുകൾ നടത്തുന്നത്. പാസ്പോ൪ട്ട് സേവാകേന്ദ്രം നടത്തുന്ന സ്വകാര്യ കമ്പനി തന്നെ സൗകര്യം ഒരുക്കുമെന്നാണ് നേരത്തേ അറിയിച്ചത്.
പാസ്പോ൪ട്ട് ലഭിച്ചവ൪ക്ക് ഗൾഫിൽ പോകുന്നതിന് മുന്നോടിയായി നൽകേണ്ട പൊലീസ് ക്ളിയറൻസ് സ൪ട്ടിഫിക്കറ്റും ലഭിക്കുന്നില്ല. ഇതുമൂലം ഗൾഫിൽ ജോലി തേടുന്നവരും പ്രതിസന്ധിയിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.