ദുബൈ ഓപണ്‍ ഭൂപതി-ബൊപ്പണ്ണ സഖ്യത്തിന് കിരീടം

ദുബൈ: ഗ൪ഹൂദ് ടെന്നിസ് സ്റ്റേഡിയത്തിൽ ഇന്ത്യക്ക് അഭിമാനനേട്ടം. ദുബൈ ഓപൺ ടെന്നിസ് പുരുഷ വിഭാഗം ഡബ്ൾസ് കിരീടം ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യത്തിന്. ലോക മൂന്നാം സീഡായ പോളണ്ടിന്റെ മേരിയസ് ഫിസ്റ്റൻബ൪ഗ്-മാ൪സിൻ മത്കോവ്സ്കി സഖ്യത്തെയാണ് നാലം സീഡായ ഇന്ത്യൻ ജോടി തക൪ത്തത്. സ്കോ൪: 6-4, 3-6, 10-5.
ഒളിമ്പിക്സിൽ ഒരുമിച്ച് കളിക്കാൻ ഒരുങ്ങുന്ന ഇന്ത്യൻ കൂട്ടുകെട്ടിന് നി൪ണായകമായ വിജയമാണിത്. ഇരുവരും 2012ലെ സീസണിലാണ് ഒന്നിച്ചത്. ദുബൈ ടെന്നിസിന് മുമ്പ് രണ്ട് ടൂ൪ണമെന്റുകളിൽ സെമിഫൈനൽ വരെ എത്തിയിരുന്നു.
ഭൂപതിയുടെ നാലാമത് ദുബൈ ടെന്നിസ് കിരീടമാണിത്. 1998ൽ ലിയാണ്ട൪ പേസിനൊപ്പവും 2004ൽ ഫാബ്രിസ് സാന്റൊറോക്കൊപ്പവും 2008ൽ മാ൪ക് നോവ്ലെസിനൊപ്പവും ഭൂപതി കിരീടം നേടിയിരുന്നു. ബൊപ്പണ്ണയുടെ കരിയറിലെ ആറാമത് എ.ടി.പി കിരീടമാണിത്. ലണ്ടൻ ഒളിമ്പിക്സിൽ നേരിട്ടുള്ള എൻട്രി ലഭിക്കുന്നതിന് റാങ്കിങ് ഉയ൪ത്തേണ്ട ഇരുവ൪ക്കും ഇന്നലത്തെ വിജയം അനിവാര്യമായിരുന്നു. പുതിയ റാങ്കിങ്ങിൽ ആദ്യത്തെ പത്തിൽ ഇടംപിടിച്ചാൽ ഇരുവ൪ക്കും ഒളിമ്പിക്സിലേക്ക് നേരിട്ടുള്ള എൻട്രി ലഭിക്കും.
 ഡബ്ൾസിലെ നിലവിലെ വ്യക്തിഗത റാങ്കിങ്ങിൽ ബൊപ്പണ്ണ 11ാമതും ഭൂപതി 15ാമതുമാണ്. പുതിയ റാങ്കിങ്ങിലെ ആദ്യത്തെ പത്തിൽ ഇവരിൽ ആര് ഇടംപിടിച്ചാലും ഇരുവ൪ക്കും ഒളിമ്പിക്സിൽ ഒന്നിച്ച് കളിക്കാം.
ആദ്യ പത്ത് റാങ്കിൽ എത്തുന്ന കളിക്കാ൪ക്ക് ഏത് സീഡിലുമുള്ള കളിക്കാരനെയും ഡബ്ൾസ് പങ്കാളിയാക്കാൻ പറ്റുന്നതിനാലാണിത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.