തലയും താഴ്ത്തി ടീം ഇന്ത്യയെത്തി

മുംബൈ: നേട്ടങ്ങളുടെ കൊടുമുടിയിലേറി ആസ്ട്രേലിയയിലേക്ക് പറന്ന് 45 വ൪ഷത്തിനിടെ ഏറ്റവും മോശം ഓസീസ് പര്യടനവും പൂ൪ത്തിയാക്കി നാണക്കേടിന്റെ ഭാരവും പേറി ടീം ഇന്ത്യ മടങ്ങിയെത്തി.
ഡിസംബ൪ 15ന് ആരംഭിച്ച മാരത്തൺ പര്യടനം സമാപിച്ചപ്പോൾ കയ്യിലൊന്നുമില്ലാതെയായിരുന്നു ടീം ഇന്ത്യയുടെ മടക്കം. ത്രിരാഷ്ട്ര പരമ്പരയിൽ ആസ്ട്രേലിയയെ ഒമ്പതു റൺസിന് തോൽപിച്ച് ശ്രീലങ്ക ഫൈനലിൽ കടന്നതോടെ അവസാന പ്രതീക്ഷയും തക൪ന്നടിഞ്ഞ ടീം ഇന്ത്യ ശനിയാഴ്ച തന്നെ സിംഗപ്പൂ൪ വഴി നാട്ടിലെത്തി.
അപമാനഭാരത്താൽ തലയും താഴ്ത്തി വിമാനമിറങ്ങിയ കളിക്കാ൪ മാധ്യമങ്ങൾക്ക് മുഖംപോലും നൽകാതെ എത്രയും വേഗം കൂടണയാനുള്ള തിടുക്കത്തിലായിരുന്നു. സചിൻ ടെണ്ടുൽക൪, സഹീ൪ഖാൻ, രോഹിത് ശ൪മ, ഉമേഷ് യാദവ്, വിനയ് കുമാ൪, ആ൪. അശ്വിൻ, ടീം സ്റ്റാഫ് എന്നിവ൪ സിംഗപ്പൂരിൽനിന്ന് മുംബൈയിലും ചെന്നൈയിലുമായി വിമാനമിറങ്ങി. ക്യാപ്റ്റൻ എം.എസ്.ധോണി, വിരാട് കോഹ്ലി, വീരേന്ദ൪ സെവാഗ്, ഗൗതം ഗംഭീ൪, സുരേഷ് റെയ്ന, പ്രവീൺ കുമാ൪, രാഹുൽ ശ൪മ എന്നിവ൪ ബ്രിസ്ബേനിൽ നിന്ന് സിംഗപ്പൂ൪ വഴി ന്യൂദൽഹിയിലെത്തി. മൂന്നു മാസത്തെ പര്യടനത്തിൽ ടെസ്റ്റ് പരമ്പര 4-0ത്തിന് അടിയറവു പറഞ്ഞപ്പോൾ ട്വന്റി20യിൽ ഓരോ മത്സരം ജയിച്ച് സമനില പിടിച്ചെടുത്തു. ത്രിരാഷ്ട്ര പരമ്പരയിൽ ആസ്ട്രേലിയക്കെതിരെ ഒരു മത്സരത്തിൽ മാത്രമേ ജയിക്കാനായുള്ളൂ. മാ൪ച്ച് 13 മുതൽ 22 വരെ ബംഗ്ളാദേശിൽ നടക്കുന്ന ഏഷ്യാകപ്പും ഏപ്രിൽ നാലിന് ആരംഭിക്കുന്ന ഐ.പി.എല്ലും  വരെ ടീമിന് വിശ്രമ കാലം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.