കുമളി: തുട൪ച്ചയായ ഭൂകമ്പങ്ങളെത്തുട൪ന്ന് മുല്ലപ്പെരിയാ൪ അണക്കെട്ടിനുണ്ടായ പ്രശ്നങ്ങൾ പഠിക്കാനെത്തിയ സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാര സമിതി പരിഗണിച്ചത് ജലനിരപ്പ് ഉയ൪ത്താനുള്ള വഴികൾ. കേരളം ആവശ്യപ്പെട്ടത് അനുസരിച്ച് എത്തിയ രണ്ടംഗ വിദഗ്ധസംഘം സംസ്ഥാനത്തെ ചീഫ് എൻജിനീയറെ അപമാനിക്കുകയും ചെയ്തു. ബലക്ഷയമുള്ള അണക്കെട്ടിലെ ജലനിരപ്പ് ഉയ൪ത്താനുള്ള നടപടികൾ വേഗത്തിൽ ചെയ്യാൻ തമിഴ്നാട് ഉദ്യോഗസ്ഥ൪ക്ക് നി൪ദേശവും നൽകി. ഉന്നതാധികാര സമിതിയിലെ അംഗങ്ങളായ ഡോ. സി.ഡി. താട്ടേ, ഡി.കെ. മേത്ത എന്നിവരാണ് കേരളത്തിൻെറ പ്രതീക്ഷകൾ തക൪ത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയ൪ത്താനുള്ള വഴികൾ തേടിയത്.
അണക്കെട്ടിൽ മുമ്പ് നടത്തിയ പരിശോധനകൾ സംബന്ധിച്ച് തെറ്റായ രീതിയിൽ സാങ്കേതിക വിദഗ്ധരോട്് തമിഴ്നാട് അധികൃത൪ വിശദീകരിച്ചതോടെ ഇടപെട്ട കേരളത്തിൻെറ ജലസേചന വകുപ്പ് ചീഫ് എൻജിനീയ൪ പി. ലതികയോട് ‘വായടയ്ക്കാൻ’ പറഞ്ഞാണ് സി.ഡി. താട്ടേ അപമാനിച്ചത്. ഒപ്പം കേരളത്തിൻെറ ഒരു വിശദീകരണങ്ങളും കേൾക്കേണ്ടെന്ന താക്കീതും താട്ടേ ഉദ്യോഗസ്ഥ൪ക്ക് നൽകി. ഇതേതുട൪ന്ന് മുല്ലപ്പെരിയാ൪ സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻ നായരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പരിശോധനയിൽനിന്ന് വിട്ടുനിന്നു.
മുല്ലപ്പെരിയാ൪ അണക്കെട്ട്, ബേബി ഡാം, എ൪ത്തൺഡാം, അണക്കെട്ടിൻെറ ഗാലറി, സ്പിൽവേകൾ എന്നിവ തമിഴ്നാട് ഉദ്യോഗസ്ഥ സംഘത്തിനോടൊപ്പം സാങ്കേതിക വിദഗ്ധ൪ പരിശോധിച്ചു. അണക്കെട്ടിലെ ജലനിരപ്പ് ഉയ൪ത്തുന്നതിൻെറ ഭാഗമായി 1979ൽ ഉയ൪ത്തിവെച്ച സ്പിൽവേയിലെ ഷട്ടറുകൾ താഴ്ത്തി സംഘം പരിശോധിച്ചു. ജലനിരപ്പ് 136 അടിക്ക് മുകളിലേക്ക് ഉയരാതിരിക്കാനാണ് 79 മുതൽ സ്പിൽവേയിലെ 13 ഷട്ടറുകളും തുറന്നുവെച്ചത്.
2010 നവംബറിൽ സുപ്രീംകോടതി ഡിവിഷൻ ബെഞ്ച് കേരളത്തിൻെറ ഹരജിയെ തുട൪ന്ന് തൽസ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് തടഞ്ഞ ബേബി ഡാമിൻെറ മുകളിലെ കോൺക്രീറ്റിങ് വേഗത്തിൽ നടത്താനും പ്രധാന അണക്കെട്ടിൻെറ മുകളിൽ കോൺക്രീറ്റ് പാളി നി൪മിക്കാനും വിദഗ്ധ൪ തമിഴ്നാടിന് നി൪ദേശം നൽകി.
ബേബി ഡാമിന് പിന്നിലും എ൪ത്തൺ ഡാമിന് മുകളിലുമുള്ള കാട്ടുമരങ്ങളും ചെടികളും ഉടൻ നീക്കണമെന്നും അണക്കെട്ടിൽനിന്നും ജലം തുറന്നുവിടാൻ പുതിയ ജലനി൪ഗമന മാ൪ഗം ഉണ്ടാക്കാൻ കഴിയുമോയെന്ന് പരിശോധിക്കാനും നി൪ദേശിച്ചു.
ഡാം സേഫ്റ്റി ഗൈഡ്ലൈൻ അനുസരിച്ച് തടാകത്തിലെ മരക്കുറ്റികൾ മുഴുവൻ നീക്കി 155 അടി ലെവൽ കണക്കാക്കി ജലസംഭരണി സ൪വേ ചെയ്ത് അടയാളപ്പെടുത്താനും തമിഴ്നാടിനോട് വിദഗ്ധ൪ നി൪ദേശിച്ചിട്ടുണ്ട്.
അണക്കെട്ടിൽ നടക്കുന്ന പരിശോധനകൾ കേരളത്തെ അറിയിക്കുന്നില്ളെന്ന സെൽ ചെയ൪മാൻ എം.കെ. പരമേശ്വരൻ നായരുടെ പരാതിയെ താട്ടേയും സംഘവും കളിയാക്കി തള്ളിക്കളഞ്ഞു.
ശനിയാഴ്ച രാവിലെ പത്തോടെ വനംവകുപ്പിൻെറ ഇരുനില ബോട്ടിലാണ് താട്ടേയും സംഘവും അണക്കെട്ടിലെത്തിയത്. പരിശോധനകൾക്കുശേഷം തമിഴ്നാടിൻെറ ബോട്ടിൽ കയറിയ ഇരുവരും കേരളത്തിൻെറ ബോട്ടിൽ തിരികെ വരാൻ വിസമ്മതിച്ചു. തുട൪ന്ന് പൊലീസ് ഏറെ നി൪ബന്ധിച്ചാണ് വനംവകുപ്പ് ബോട്ടിൽ ഇരുവരെയും തേക്കടിയിൽ തിരികെ എത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.