ധ്യാന്‍ചന്ദിന് ഭാരത്രത്ന നല്‍കണം -ഹോക്കി ഇന്ത്യ

ന്യൂദൽഹി: ഇതിഹാസ താരം മേജ൪ ധ്യാൻചന്ദിന് മരണാനന്തര ബഹുമതിയായി ഭാരത്രത്ന പുരസ്കാരം നൽകണമെന്ന് ഹോക്കി ഇന്ത്യ (എച്ച്.ഐ) കേന്ദ്ര കായിക മന്ത്രാലയത്തോട് അഭ്യ൪ഥിച്ചു. രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതി കായിക താരങ്ങൾക്കും നൽകാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ധ്യാൻചന്ദിന് വേണ്ടി എച്ച്.ഐ രംഗത്തെത്തിയിരിക്കുന്നത്.
എക്കാലത്തെയും മഹാനായ കളിക്കാരനായിരുന്ന ധ്യാൻചന്ദിന് പകരക്കാരനായി ഭാരത്രത്നക്ക് വേണ്ടി പരിഗണിക്കാൻ മറ്റൊരു താരമില്ളെന്ന് ഹോക്കി ഇന്ത്യ കായിക മന്ത്രി അജയ് മാക്കന് എഴുതിയ കത്തിൽ അഭിപ്രായപ്പെട്ടു. അപൂ൪വങ്ങളിൽ അപൂ൪വമായ നേട്ടങ്ങളാണ് അദ്ദേഹം രാജ്യത്തിനു വേണ്ടി കൈവരിച്ചത്. ഇന്ത്യൻ ഹോക്കിക്ക് ധ്യാൻചന്ദ് നൽകിയ സംഭാവനകൾ തുല്യതയില്ലാത്തതാണ്. കായികതാരങ്ങൾക്കും ഭാരത്രത്ന നൽകാൻ കഴിയുന്ന രീതിയിൽ ഇതിൻെറ ചട്ടങ്ങൾ പരിഷ്കരിക്കുന്നത് സ്വാഗതാ൪ഹമാണെന്നും കത്തിൽ പറയുന്നു.
1926ൽ ദേശീയ ടീമിൻെറ ജഴ്സിയണിഞ്ഞ ധ്യാൻചന്ദ് രണ്ട് പതിറ്റാണ്ട് നീണ്ട അന്താരാഷ്ട്ര കരിയറിൽ ആയിരത്തിലേറെ ഗോളുകളാണ് അടിച്ചത്. 1928 ആംസ്റ്റ൪ഡാം, 1932 ലോസ് ആഞ്ജലസ്, 1936 ബെ൪ലിൻ ഒളിമ്പിക്സുകളിലായി അദ്ദേഹം ഇന്ത്യയെ ഹാട്രിക് സ്വ൪ണമണിയിച്ചു. 1956ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ച ധ്യാൻചന്ദ് ഈ പുരസ്കാരം നേടിയ ആദ്യ കായികതാരമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.