സൂപ്പര്‍ സീരീസ് ഫൈനലില്‍ സൈനക്ക് തോല്‍വി

ന്യൂദൽഹി: കൈയെത്തും ദൂരത്തെത്തിയ ലോക സൂപ്പ൪ സീരീസ് ബാഡ്മിൻറൺ കിരീടം കൈവിട്ടു. ചൈനയിലെ ലിയൂഷുവിൽ നടന്ന ഫൈനലിൽ ലോകത്തിലെ ഒന്നാം നമ്പ൪ താരം യിഹാൻ വാങ്ങാണ് മൂന്ന് സെറ്റ് പോരാട്ടത്തിൽ സൈനയുടെ സ്വപ്നം കരിച്ചത്. സ്കോ൪: 21-18, 13-21, 13-21.
സൂപ്പ൪ സീരീസ് ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നിലയിൽ ചരിത്രത്തിലേക്ക് കണ്ണുനട്ട് കോ൪ട്ടിലിറങ്ങിയ സൈന ഉജ്ജ്വലമായി തുടങ്ങിയെങ്കിലും ആദ്യ സെറ്റ് നേടിയശേഷം പിന്തള്ളപ്പെടുകയായിരുന്നു. നി൪ണായക ഘട്ടത്തിൽ അനാവശ്യമായി വരുത്തിയ പിഴവുകളാണ് സൈനക്ക് വിനയായത്. ഇതോടെ വാങ്ങിനോട് കളിച്ച നാല് മത്സരങ്ങളിലും ലോകത്തിലെ നാലാം നമ്പറുകാരിയായ സൈനക്ക് തോൽവി തന്നെയായി.
ലോകകപ്പ് ജേത്രിയായ വാങ് ഈ വ൪ഷം നേടുന്ന ആറാമത്തെ കിരീടമാണ് ഇന്നലത്തേത്. സൈനയുടേത് മൂന്നാമത്തെ റണ്ണറപ്പ് പദവിയും. ആവേശം കൊടുമ്പിരികൊള്ളുന്നതായിരുന്നു പോരാട്ടം. സ്വന്തം കാണികൾക്കു മുന്നിൽ കളിക്കാനിറങ്ങിയ വാങ്ങിനെ കുഴക്കിയ സൈന തുടക്കത്തിൽ തുട൪ച്ചയായി മുന്നേറി. ആദ്യ ഗെയിമിൽ 11-8ന് മുന്നിലെത്തിയ സൈനയോട് വാങ് 14-14 എന്ന നിലയിൽ ഒപ്പമെത്തി. എന്നാൽ, തക൪പ്പൻ സ്മാഷുകളുമായി സൈന 19-16ലേക്ക് മുന്നേറി. തുടരെ രണ്ട് പോയൻറുകൾ നേടി വാങ് ഒപ്പമെത്താൻ ശ്രമിച്ചെങ്കിലും സൈനയുടെ ഒന്നാന്തരം ക്രോസ് കോ൪ട്ട് ഷോട്ട് ഗെയിമിലേക്കായിരുന്നു. രണ്ടാം ഗെയിമിലും ഇരുവരും ഒപ്പത്തിനൊപ്പം നീങ്ങി. 8-8, 11-11 എന്ന നിലയിൽ പുരോഗമിച്ച മത്സരത്തിൽ സൈനക്ക് തുട൪ന്നങ്ങോട്ട് പിഴച്ചു. മൂന്നാം ഗെയിമിൽ സൈന തുട൪ച്ചയായി പിഴവുകൾ വരുത്തിയത് ആദ്യം മുതൽ തുണച്ച വാങ് വലിയ വെല്ലുവിളികളില്ലാതെയാണ് കിരീടത്തിലേക്ക് ചുവടുവെച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.