മോദികാലത്തെ തൊഴിലില്ലായ്മയില്‍ ബഹളം; രാജ്യസഭ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: മോദി സര്‍ക്കാര്‍ അധികാരമേറ്റശേഷം തൊഴിലില്ലായ്മ രൂക്ഷമായ തോതില്‍ വര്‍ധിച്ച വിഷയം ശൂന്യവേളയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നുണ്ടായ ബഹളത്തില്‍ രാജ്യസഭ ഒരുതവണ നിര്‍ത്തിവെച്ചു. കഴിഞ്ഞവര്‍ഷം രാജ്യത്ത് ആകെയുണ്ടായ തൊഴില്‍ അവസരങ്ങളുടെ എണ്ണം 1.35 ലക്ഷം മാത്രമാണെന്നും രണ്ടുവര്‍ഷം മുമ്പത്തേതില്‍നിന്നും 10 ലക്ഷം തൊഴിലവസരങ്ങളുടെ കുറവാണിതെന്നും വിഷയമുന്നയിച്ച ജനതാദള്‍ യു നേതാവ് ശരത് യാദവ് പറഞ്ഞു. രണ്ട് കോടി യുവാക്കള്‍ക്ക് പ്രതിവര്‍ഷം തൊഴില്‍ നല്‍കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇതിന് മറുപടി പറയണമെന്ന് ശരത് യാദവ് ആവശ്യപ്പെട്ടു.

ഇതിനെ പിന്തുണച്ച് സംസാരിച്ച സീതാറാം യെച്ചൂരി, ഒരുവര്‍ഷം രാജ്യത്ത് പുതുതായി 1.3 കോടി യുവാക്കള്‍ യോഗ്യതനേടി തൊഴിലിനായി പുറത്തിറങ്ങുമ്പോള്‍ ഒരുശതമാനത്തിനുപോലും തൊഴില്‍ കിട്ടുന്നില്ളെന്നാണ് ഈ കണക്ക് കാണിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി.
നിലവിലുള്ള തൊഴിലില്ലാപ്പടയെ ഇതിനോടുചേര്‍ത്ത് കൂട്ടിയാല്‍ അവസ്ഥ ഭീതിദമാണെന്ന് മനസ്സിലാകുമെന്ന് അദ്ദേഹം തുടര്‍ന്നു. ഇതിനെ പിന്തുണച്ച് രംഗത്തുവന്ന കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ സ്റ്റാര്‍ട്ട്അപ്, മെയ്ക് ഇന്‍ ഇന്ത്യ എല്ലാം തുടങ്ങിയിട്ടും തൊഴിലവസരം കുറഞ്ഞതെന്തുകൊണ്ടാണെന്ന് പ്രധാനമന്ത്രി മറുപടി പറയണമെന്നാവശ്യപ്പെട്ടു.

കോണ്‍ഗ്രസിന്‍െറ നിരാശയാണിതെന്ന് പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി പ്രതികരിച്ചതോടെ ഗൗരവമേറിയ വിഷയത്തെ സര്‍ക്കാര്‍ തമാശയാക്കുന്നുവെന്ന് കുറ്റപ്പെടുത്തി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലേക്കിറങ്ങി ബഹളം വെച്ചു. ഇതേ തുടര്‍ന്ന് 12 മണിവരെ സഭ നിര്‍ത്തിവെച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.