ജി.എസ്.ടി ബില്‍ അടുത്തയാഴ്ച രാജ്യസഭയിലേക്ക്

ന്യൂഡല്‍ഹി: ചരക്കു സേവന നികുതി സമ്പ്രദായം നടപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ അടുത്താഴ്ച സര്‍ക്കാര്‍ രാജ്യസഭയില്‍ വെച്ചേക്കും. ബില്ലിനോടുള്ള കോണ്‍ഗ്രസിന്‍െറ എതിര്‍പ്പ് ബാക്കിനില്‍ക്കെ തന്നെയാണ് ഈ നീക്കം. ജി.എസ്.ടി ബില്ലിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഈ സൂചന നല്‍കിയത്.
ഭരണഘടനാ ഭേദഗതി ബില്ലില്‍ ജി.എസ്.ടി നിരക്കിന് പരിധി വെക്കാന്‍ ഇടയില്ല. അടുത്ത അഞ്ചു വര്‍ഷത്തേക്ക് സംസ്ഥാനങ്ങള്‍ക്കുണ്ടാവുന്ന നഷ്ടം കേന്ദ്രം നികത്തിക്കൊടുക്കും. ഒന്നരക്കോടി രൂപ വരെ വരുമാനമുള്ള വ്യവസായങ്ങള്‍ക്ക് കേന്ദ്രനികുതി ഉണ്ടാവില്ല. സംസ്ഥാനങ്ങള്‍ക്ക് ഈ സ്ഥാപനങ്ങളുടെ കാര്യത്തില്‍ നിയന്ത്രണാധികാരം നല്‍കും. അതിനു മുകളില്‍ വിറ്റുവരവുള്ള സ്ഥാപനങ്ങളെ കേന്ദ്രവും സംസ്ഥാനവും ചേര്‍ന്ന് നിയന്ത്രിക്കും. ജി.എസ്.ടി കൗണ്‍സിലില്‍ തന്നെ തര്‍ക്ക പരിഹാര സംവിധാനം പ്രവര്‍ത്തിക്കുമെന്ന നിര്‍ദേശവും രാജ്യസഭയിലേക്ക് ബില്‍ കൊണ്ടുവരുമ്പോള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കുമെന്നാണ് സൂചന. ജി.എസ്.ടി നിരക്കു സംബന്ധിച്ച തത്ത്വം ധനമന്ത്രിമാരുടെ യോഗത്തല്‍ അംഗീകരിച്ചതായി പശ്ചിമ ബംഗാള്‍ ധനന്ത്രി അമിത് മിത്ര പറഞ്ഞു.
സാധാരണക്കാരെ ബാധിക്കുന്ന ഇനങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് വരുമാനം കുറയാത്ത വിധത്തില്‍, സാധാരണക്കാര്‍ക്ക് പരിക്കേല്‍പിക്കാതെ നികുതി നിരക്ക് ഏര്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ധനമന്ത്രിമാരുടെ യോഗത്തില്‍ ധാരണയായെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തെ പ്രതിനിധാനംചെയ്ത് ധനമന്ത്രി തോമസ് ഐസക്കും യോഗത്തില്‍ പങ്കെടുത്തു. ബില്ലിനോട്  അനുകൂല സമീപനം സ്വീകരിക്കുമെന്ന് ഐസക് പറഞ്ഞു.
ജി.എസ്.ടിക്ക് 18 ശതമാനമെന്ന നിരക്കു പരിധിവെക്കണമെന്നാണ് കോണ്‍ഗ്രസ് ഉയര്‍ത്തുന്ന പ്രധാനാവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.