ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ മുസ്ലിംകളെ വെടിവെക്കുന്ന വിഡിയോ ഉണ്ടാക്കി അസം ബി.ജെ.പി വംശഹത്യ ഭീഷണി മുഴക്കിയതിനെതിരായ ഹരജികൾ പരിഗണിച്ച സുപ്രീംകോടതി ‘തെരഞ്ഞെടുപ്പ് വന്നാൽ രാഷ്ട്രീയ പോരാട്ടങ്ങൾ കോടതിയിലും നടക്കുമെന്ന് പ്രതികരിച്ചു. അസം മുഖ്യമന്ത്രിക്കെതിരെ സി.പി.ഐ നേതാവ് ആനി രാജയും സി.പി.എമ്മും ഹരജികൾ സമർപ്പിച്ചത് സുപ്രീംകോടതി അഭിഭാഷകൻ നിസാം പാഷ അടിയന്തരമായി പരിഗണിക്കാൻ ശ്രദ്ധയിൽപ്പെടുത്തിയപ്പോഴാണ് ചീഫ് ജസ്റ്റിസ് എ. സൂര്യകാന്തിന്റെ പ്രതികരണം. ഹിമന്തയുടെ വംശഹത്യ ഭീഷണിക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ സുപ്രീംകോടതി സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുവരുകയായിരുന്നു.
ന്യൂനപക്ഷ സമുദായത്തിനെതിരെ രാഷ്ട്രീയ നേതാവും മുഖ്യമന്ത്രിയുമായ ഒരാൾ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ വിഡിയോയും ഹാജരാക്കുന്നുണ്ടെന്ന് അഭിഭാഷകൻ നിസാം പാഷ ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, എൻ.വി. അൻജാരിയ എന്നിവർ കൂടി അടങ്ങുന്ന ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു. തെരഞ്ഞെടുപ്പുകൾ വരുമ്പോഴാണ് ഇത്തരം പ്രശ്നങ്ങൾ വരാറുള്ളതെന്നും, പോരാട്ടം സുപ്രീംകോടതിയിലും നടക്കാറുണ്ടെന്നും, നമുക്ക് നോക്കാമെന്നും ചീഫ് ജസ്റ്റിസ് ഇതിനു മറുപടി നൽകി.
ബി.ജെ.പിയുടെ അസം യൂനിറ്റ് സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ ഹിമന്ത രണ്ട് മുസ്ലിംകളുടെ നേർക്ക് വെടിയുതിർക്കുന്നതായി കാണിച്ചിരുന്നു. അസമിൽ ബംഗാളി ഭാഷ സംസാരിക്കുന്ന മുസ്ലിം സമൂഹത്തിനെതിരെ ഹിമന്ത നിരന്തരം വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നതിനിടയിലായിരുന്നു ഇത്. എസ്.ഐ.ആറിൽ അവരിൽ അഞ്ചു ലക്ഷം പേരെ വോട്ടർപട്ടികയിൽനിന്ന് വെട്ടിമാറ്റുമെന്നും താനും ബി.ജെ.പിയും നേരിട്ട് അവർക്കെതിരാണെന്നും മുഖ്യമന്ത്രി പ്രസംഗിച്ചു.
ഇത്തരം പ്രസംഗവും വിഡിയോയും ന്യൂനപക്ഷ സമുദായത്തിനെതിരെയുള്ള വിദ്വേഷവും, ഒറ്റപ്പെടുത്തലും, ഭീഷണികളും ശക്തിപ്പെടുത്തുകയാണ് ചെയ്യുകയെന്ന് സി.പി.എം ഹരജിയിൽ ചൂണ്ടിക്കാട്ടി. വിദ്വേഷം പടർത്തുന്ന വിഡിയോ ബി.ജെ.പിയുടെ സംസ്ഥാന യൂനിറ്റ് ഔദ്യോഗിക ഹാൻഡിലിൽനിന്ന് നീക്കം ചെയ്തിട്ടും ഇപ്പോഴും പ്രചരിക്കുന്നുണ്ട്. കേന്ദ്രത്തിലെയും സംസ്ഥാനങ്ങളിലെയും മന്ത്രിമാർക്ക് ദേശീയ ഐക്യവും ഭരണഘടന അനുശാസിക്കുന്ന സൗഹാർദവും ഉയർത്തിപ്പിടിക്കാൻ ഉത്തരവാദിത്തമുണ്ടെന്നും ഹരജിയിൽ പറയുന്നു.
ന്യൂഡൽഹി: വിദ്വേഷ പ്രസംഗം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് 2023 ലെ ഭാരതീയ ന്യായ സംഹിതയുടെ വിവിധ വകുപ്പുകൾ പ്രകാരം അന്വേഷണം നടത്തണമെന്ന് സി.പി.ഐ നേതാവ് ആനി രാജ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ അഭ്യർഥിച്ചു. മുസ്ലിം സമൂഹത്തിനെതിരെ വിദ്വേഷ പ്രസംഗങ്ങൾ നടത്തിയ സാഹചര്യങ്ങൾ പ്രത്യേക അന്വേഷണ സംഘമോ, കോടതിക്ക് ഉചിതമെന്ന് തോന്നുന്ന രീതിയിലോ സ്വതന്ത്രവും വിശ്വസനീയവും നിഷ്പക്ഷവുമായി അന്വേഷിക്കാൻ ഉത്തരവ് നൽകണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.