ഗ്യാനേഷ് കുമാർ, ഓം ബിർള
ന്യൂഡൽഹി: സ്പീക്കർ ഓം ബിർളയെ തൽസ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നതിനേക്കാൾ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യുകയെന്നതാണ് മുൻഗണനയെന്ന് തൃണമൂൽ കോൺഗ്രസ് (ടി.എം.സി). അത് കൊണ്ടാണ് സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പിടാതിരുന്നതെന്ന് പാർട്ടിയുടെ ലോക്സഭാ കക്ഷി നേതാവ് അഭിഷേക് ബാനർജി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ടി.എം.സി ഒപ്പിട്ടില്ലെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെതിരെ ടി.എം.സി മുൻകൈ എടുത്ത് കൊണ്ടുവരുന്ന ഇംപീച്ച്മെന്റ് നോട്ടീസിൽ തങ്ങൾ ഒപ്പുവെക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ അദ്ദേഹവുമായും മറ്റു കമീഷണർമാരുമായും പാർട്ടി പ്രതിനിധി സംഘങ്ങൾ നിരവധി കൂടിക്കാഴ്ചകൾ നടത്തി. പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആറ് കത്തുകളെഴുതി. എന്നിട്ടും ഒരു ഫലവുമുണ്ടായില്ലെന്നും അഭിഷേക് പറഞ്ഞു. ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാനുള്ള പ്രമേയ നോട്ടീസിൽ കോൺഗ്രസ് ഒപ്പുവെക്കുമെന്ന് സ്പീക്കറെ നീക്കം ചെയ്യാൻ നോട്ടീസ് നൽകിയ കോൺഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു.
അതേസമയം പ്രതിപക്ഷ നേതാവിനെ സംസാരിക്കാൻ അനുവദിക്കാത്തത് ഉൾപ്പെടെ ലോക്സഭാ സ്പീക്കർ ഓം ബിർളക്കെതിരെയുള്ള പരാതികൾ ശരിവെച്ച അഭിഷേക് ബാനർജി പ്രശ്ന പരിഹാരത്തിന് നിർമാണാത്മകമായ സമീപനം അനിവാര്യമാണെന്നും ഏറ്റുമുട്ടലിനായിട്ടില്ലെന്നും പറഞ്ഞു. എന്നാൽ ഗ്യാനേഷ് കുമാറിനെ തിരുത്താനുള്ള എല്ലാ വഴികളും അടഞ്ഞത് കൊണ്ടാണ് ഇംപീച്ച്മെന്റ് ആവശ്യമായി വരുന്നത്.
സ്പീക്കറെ നീക്കം ചെയ്യാനുള്ള നോട്ടീസിൽ ഒപ്പുവെക്കുന്നതിനോട് പാർട്ടിക്ക് വിമുഖതയില്ല. എന്നാൽ പ്രതിപക്ഷ നേതാവിനെ പ്രസംഗിക്കുന്ന കാര്യത്തിലും എട്ട് എം.പിമാരുടെ സസ്പെൻഷൻ കാര്യത്തിലും സ്പീക്കർക്ക് മൂന്ന് ദിവസം കൂടി സമയം നൽകണമെന്നും വ്യാഴാഴ്ച വരെ കാത്തിരിക്കണമെന്നുമാണ് തങ്ങൾ കോൺഗ്രസിനോട് ആവശ്യപ്പെട്ടത്. അങ്ങേയറ്റത്തെ നടപടിയിലേക്ക് ആദ്യമേ കടക്കുന്നതിന് പകരം ഘട്ടം ഘട്ടമായി പ്രശ്നത്തെ സമീപിക്കണമെന്നാണ് ടി.എം.സി ആഗ്രഹിക്കുന്നത്. സ്പീക്കറെ മാറ്റുകയെന്നത് അവസാന വഴി മാത്രമാണ്.
സഭ നടക്കണമെന്ന ആഗ്രഹമാണ് പ്രതിപക്ഷത്തിനെന്നും എന്നാൽ നടക്കരുതെന്ന് ആഗ്രഹിക്കുന്നത് സർക്കാറാണെന്നും അഭിഷേക് കുറ്റപ്പെടുത്തി. സ്തംഭനം മൂലം സഭയിൽ സംസാരിക്കാൻ ആഗ്രഹിക്കുന്ന എം.പിമാരുടെ സമയമാണ് നഷ്ടമാകുന്നതെന്നും അഭിഷേക് ഓർമിപ്പിച്ചു. ജനങ്ങൾക്ക് വേണ്ടി സഭയിൽ സംസാരിക്കാനാണ് അവർ തെരഞ്ഞെടുത്തയച്ചത്. എന്നാൽ സർക്കാർ സഭ നടക്കണമെന്ന് ആഗ്രഹിക്കുന്നില്ലെന്നും ബാനർജി പറഞ്ഞു.
സ്പീക്കറെ നീക്കംചെയ്യാൻ പ്രതിപക്ഷ നോട്ടീസിലെ നാല് കാരണങ്ങൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.