‘ട്രാപ് ഡീലിന്റെ’ സത്യം പതുക്കെ പുറത്തുവരുന്നു- ഖാർഗെ
ന്യൂഡൽഹി: ഇന്ത്യ-യു.എസ് വ്യാപാരകരാർ ഇന്ത്യയുടെ തന്ത്രപ്രധാനമായ സ്വയംഭരണം, കൃഷി, ക്ഷീര, വസ്ത്ര മേഖല ദുർബലപ്പെടുത്തുന്നതാണെന്നും ട്രാപ്പിൽ കുടുങ്ങി ഒപ്പിട്ട ഡീലിൽ എന്തൊക്കെയാണ് ഉള്ളതെന്ന സത്യാവസ്ഥ പതിയെ പുറുത്തുവരുന്നുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
കരാർ ഇന്ത്യയുടെ തന്ത്രപരമായ ദേശീയ താൽപര്യങ്ങളെയും കയറ്റുമതിയെയും ബലികഴിക്കുന്ന പബ്ലിക് റിലേഷനിൽ പൊതിഞ്ഞ വഞ്ചനയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെബ്രുവരി ആറിനുള്ള സംയുക്ത പ്രസ്താവനയും ഫ്രെബുവരി ഒമ്പതിന് വൈറ്റ് ഹൗസ് പുറത്തിറക്കിയ ഫാക്ട് ഷീറ്റും താരതമ്യം ചെയ്താണ് കേന്ദ്രത്തിനെതിരെ ഖാർെഗ രംഗത്തുവന്നത്.
കർഷകരെ വഞ്ചിച്ചു
ചരിത്രത്തിൽ ആദ്യമായി ഒരു സർക്കാർ കാർഷിക മേഖല വിദേശ ഉൽപന്നങ്ങൾക്കായി പൂർണമായി തുറന്നുകൊടുത്തു. സംയുക്ത പ്രസ്താവനയിൽ ഉൾപ്പെടുത്താത്ത ‘പയർവർഗങ്ങൾ’ ഫാക്ട്ഷീറ്റിൽ ചേർത്തിട്ടുണ്ട്.
മൃഗങ്ങളുടെ തീറ്റക്കായി ജനിതക മാറ്റം വരുത്തിയ ചുവന്ന ചോളം ഉൾപ്പെടെയുള്ള ഭക്ഷ്യ-കാർഷിക ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്ന് കരാറിൽ പറയുന്നു. ജനിതക മാറ്റം വരുത്തിയ ഉൽപന്നങ്ങൾ കഴിച്ചാൽ നമ്മുടെ കന്നുകാലികളുടെ ഇനവും പാലിന്റെ രുചിയും മാറും. മോദി സർക്കാർ ഇതുവരെ ജനിതകമാറ്റ തീറ്റ അംഗീകരിച്ചിരുന്നില്ല. എന്നാൽ, ഇപ്പോൾ പെട്ടെന്ന് അംഗീകരിച്ചു.
രണ്ട് കോടി ക്ഷീര കർഷകർ ഇതിന്റെ അനന്തരഫലം അനുഭവിക്കേണ്ടി വരും. പശുവിനെ സംരക്ഷിക്കാൻ വേണ്ടി ആൾക്കൂട്ട കൊലപാതകങ്ങൾ നടത്തുന്ന ആർ.എസ്.എസ്, സംഘ് പരിവാർ, ബി.ജെ.പി രാജ്യത്തെ കന്നുകാലി ജനസംഖ്യയെ നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഖാർഗെ ആരോപിച്ചു.
റഷ്യൻ എണ്ണയും തന്ത്രപരമായ സ്വയംഭരണവും
ട്രംപ് പരസ്യമായി ട്വീറ്റ് ചെയ്തിട്ടും ഇന്ത്യ-യു.എസ് സംയുക്ത പ്രസ്താവനയിൽ റഷ്യൻ എണ്ണയെക്കുറിച്ച് പരാമർശമില്ല. ഫാക്ട് ഷീറ്റിൽ റഷ്യൻ എണ്ണ വാങ്ങൽ നിർത്താനുള്ള ഇന്ത്യയുടെ പ്രതിബദ്ധത അധിക 25 ശതമാനം തീരുവ നീക്കം ചെയ്യുന്നതിനുള്ള വ്യവസ്ഥയായി വ്യക്തമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ പരമാധികാരം ചോദ്യം ചെയ്യുന്ന നടപടി മോദി സർക്കാർ എന്തുകൊണ്ടാണ് സമ്മതിച്ചതെന്ന് ഖാർഗെ ചോദിച്ചു.
വസ്ത്രനിർമാണ മേഖലക്ക് ഇരുട്ടടി
വസ്ത്രമേഖലയിൽ 18 ശതമാനം തീരുവ ചരിത്രപരമായ വിജയമെന്ന് അവകാശപ്പെടുന്ന സർക്കാർ, യു.എസ്-ബംഗ്ലാദേശ് കരാറിൽ ബംഗ്ലാദേശിനുള്ള കരാർ പൂജ്യമാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. തിരുപ്പൂർ, സൂറത്ത് പോലുള്ള തുണി കേന്ദ്രങ്ങൾ 18 ശതമാനം നികുതിയിൽ ബന്ധിക്കപ്പെട്ടിരിക്കുമ്പോൾ നമ്മുടെ അയൽരാജ്യത്തിന് തീരുവയില്ല. ഇത് ഇന്ത്യൻ പരുത്തിക്കും വസ്ത്രങ്ങൾക്കും ഒരുപോലെ ഇരുട്ടടിയാണെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.