ന്യൂഡല്‍ഹി: മെഡിക്കല്‍, ഡെന്‍റല്‍ കോളജ് പ്രവേശത്തിനുള്ള അഖിലേന്ത്യാതല ഏകീകൃത പ്രവേശപരീക്ഷ നാഷനല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റുമായി (നീറ്റ്) ബന്ധപ്പെട്ട രണ്ടു ബില്ലുകള്‍ ലോക്സഭ പാസാക്കി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ഭേദഗതി) ബില്‍ 2016, ഡെന്‍റിസ്റ്റ് (ഭേദഗതി) ബില്‍ 2016 എന്നിവക്കാണ് ലോക്സഭ അംഗീകാരം നല്‍കിയത്.
നീറ്റ് പൊതുപരീക്ഷയില്‍നിന്ന് സംസ്ഥാന ബോര്‍ഡുകളെ ഈ വര്‍ഷത്തേക്ക് ഒഴിവാക്കാന്‍വേണ്ടി കേന്ദ്രം കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് നിയമപ്രാബല്യം നല്‍കുന്നതിനുവേണ്ടിയാണ് ബില്‍ കൊണ്ടുവന്നത്.
നീറ്റ് ഏര്‍പ്പെടുത്തിയ സുപ്രീംകോടതി വിധി മറികടക്കുന്നതിനുവേണ്ടി കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരമായിരുന്നു ഓര്‍ഡിനന്‍സ്. സംസ്ഥാനങ്ങള്‍ പ്രവേശപരീക്ഷ നടത്തിയശേഷം അത് റദ്ദാക്കി പകരം നീറ്റ് വഴി പ്രവേശം നടത്തണമെന്ന വിധി വന്നതിനാലാണ് ഈ വര്‍ഷത്തേക്ക് നീറ്റ് മാറ്റിവെക്കണമെന്ന ആവശ്യം സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഏറക്കുറെ ഐകകണ്ഠ്യേനയാണ് നീറ്റ് ബില്‍ പാസാക്കിയത്.
അതേസമയം, നീറ്റിനെ എതിര്‍ത്ത് എ.ഐ.ഡി.എം.കെ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി. നീറ്റ് സ്വാഗതാര്‍ഹമാണെങ്കിലും നീറ്റ് സ്വീകരിക്കാനും സ്വന്തം പരീക്ഷ നടത്താനുമുള്ള സ്വാതന്ത്ര്യം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ആവശ്യം സര്‍ക്കാര്‍ തള്ളി. അടുത്ത വര്‍ഷം മുതല്‍ മെഡിക്കല്‍, ഡെന്‍റല്‍ പ്രവേശപരീക്ഷകള്‍ നീറ്റ് വഴി ആയിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു.
മെഡിക്കല്‍ പ്രവേശവുമായി ബന്ധപ്പെട്ട അഴിമതി ഇല്ലാതാകും. ഡീംഡ് യൂനിവേഴ്സിറ്റികള്‍ ഉള്‍പ്പെടെ എല്ലാ സ്വകാര്യ കോളജുകളിലും പ്രവേശം നീറ്റ് വഴിയായിരിക്കും. സ്വന്തം പ്രവേശപരീക്ഷ നടത്തി സ്വന്തം ഇഷ്ടപ്രകാരം പ്രവേശം നടത്താന്‍ സ്വകാര്യ കോളജുകള്‍ക്ക് ഇനി സാധ്യമല്ല. നീറ്റ് നടപ്പാക്കുമ്പോള്‍ അതത് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്ക് അവസരം നഷ്ടപ്പെടില്ല.
15 ശതമാനം മാത്രമാണ് അഖിലേന്ത്യാ ക്വോട്ട. അതിലേക്കു മാത്രമാണ് മറ്റു സംസ്ഥാനങ്ങളിലെ കുട്ടികളെ എടുക്കുക. അവശേഷിക്കുന്ന 85 ശതമാനം സീറ്റുകളും അതത് സംസ്ഥാനങ്ങളിലെ കുട്ടികള്‍ക്കുതന്നെ ലഭിക്കും. നീറ്റ് പരീക്ഷയിലെ പ്രകടനത്തിന്‍െറ അടിസ്ഥാനത്തില്‍ ഓരോ സംസ്ഥാനത്തെയും കുട്ടികളെ റാങ്കിങ് നടത്തി പട്ടിക അതത് സംസ്ഥാനങ്ങള്‍ക്ക് കൈമാറുക മാത്രമാണ് കേന്ദ്രം ചെയ്യുക. അതില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് അവരുടെ നാട്ടിലെ കോളജുകളില്‍ പ്രവേശം നല്‍കാം.
സംവരണത്തെ ബാധിക്കില്ല. സംസ്ഥാനങ്ങള്‍ക്ക് അവര്‍ നിലവില്‍ നല്‍കിപ്പോരുന്ന ഒ.ബി.സി, എസ്.സി-എസ്.ടി തുടങ്ങിയ സംവരണം തുടരാം. സ്വകാര്യ കോളജുകളിലെ ഫീസ് തീരുമാനിക്കാന്‍ നിലവില്‍ സംസ്ഥാനങ്ങളില്‍ ജഡ്ജിമാരുടെ നേതൃത്വത്തില്‍ കമ്മിറ്റികളുണ്ട്. നീറ്റ് നടപ്പാക്കുമ്പോഴും അത് തുടരും.
നീറ്റ് പരീക്ഷ വരുമ്പോള്‍ പ്രാദേശിക ഭാഷയില്‍ എഴുതുന്നവര്‍ക്ക് അവസരം നഷ്ടപ്പെടുമെന്ന് ഭയക്കേണ്ടതില്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തില്‍ ഏതൊക്കെ ഭാഷകളില്‍ കുട്ടികള്‍ പരീക്ഷ എഴുതിയെന്നതിന്‍െറ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ടില്‍ പറയുന്ന ഭാഷകളിലൊക്കെ നീറ്റ് എഴുതാന്‍ അവസരം ഉണ്ടാകും.
വിവിധ സംസ്ഥാനങ്ങളിലെ പ്ളസ് വണ്‍, പ്ളസ് ടു കരിക്കുലത്തിലെ വ്യത്യാസം കണക്കിലെടുത്തിട്ടുണ്ട്. അത് ഏകീകരിക്കാനുള്ള നടപടികള്‍ എന്‍.സി.ഇ.ആര്‍.ടി മുഖേനെ ഉണ്ടാകും. ഗ്രാമപ്രദേശങ്ങളിലുള്ള കുട്ടികള്‍ പിന്തള്ളപ്പെടുമെന്ന് ആശങ്കയുള്ള സംസ്ഥാനങ്ങള്‍ക്ക് ഒന്നോ രണ്ടോ ശതമാനം ഗ്രേസ് മാര്‍ക്ക് നല്‍കാനും സ്വാതന്ത്ര്യമുണ്ട്.
അണ്ടര്‍ ഗ്രാജ്വേറ്റ് നീറ്റ് പരീക്ഷ സി.ബി.എസ്.ഇയും പി.ജി നീറ്റ് പരീക്ഷ നാഷനല്‍ എക്സാമിനേഷന്‍ ബോര്‍ഡുമാണ് നടത്തുകയെന്നും മന്ത്രി തുടര്‍ന്നു. ബില്ലിന്‍െറ ചര്‍ച്ചയില്‍ കേരളത്തില്‍നിന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെ.സി. വേണുഗോപാല്‍, എം.ബി. രാജേഷ്, ജോയ്സ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.