ബംഗളൂരു: ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്ക് താൽക്കാലിക ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗളൂരു സ്ഫോടന കേസിലെ എട്ടാം പ്രതി പരപ്പനങ്ങാടി സ്വദേശി സക്കരിയ സമർപ്പിച്ച ഹരജി പ്രത്യേക കോടതി തള്ളി.
തന്‍റെ മാതാവ് ബിയ്യുമ്മ (66) ശുചിമുറിയിൽ തെന്നി വീണ് ഇടുപ്പല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധേയമായി കിടപ്പിലായ സാഹചര്യത്തിൽ പരിചരിക്കാൻ താൽക്കാലിക ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചത്.
ശസ്ത്രക്രിയ കഴിഞ്ഞിട്ടും ആരോഗ്യ അവസ്ഥക്ക് കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ബിയ്യുമ്മ ചലനശേഷി നഷ്ടപ്പെട്ട് പൂർണമായും കിടപ്പിലാണെന്നും ഭക്ഷണം, മരുന്ന് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും മറ്റുള്ളവരുടെ നിരന്തരമായ സഹായം ആവശ്യമാണെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടി.
വിദേശത്തായ സഹോദരന് മടങ്ങി വരാൻ തടസ്സമുണ്ടെന്നും ഭർതൃഗൃഹത്തിലായ സഹോദരിക്ക് നിരന്തരമായ പരിചരണം നൽകാൻ ഒറ്റക്ക് കഴിയുന്ന സാഹചര്യമല്ലെന്നും അതിനാൽ മാതാവിനെ നിരന്തരമായ പരിചരണം നൽകാൻ കഴിയുന്ന ഒരേയൊരു മകൻ താനാണെന്നും സക്കരിയ ജാമ്യാപേക്ഷയിൽ ബോധിപ്പിച്ചിരുന്നു തങ്ങളുടെ കുട്ടിക്കാലത്ത് തന്നെ പിതാവ് മരണപ്പെട്ടതിനാൽ മാതാവ് പൂർണ്ണമായും മക്കളെയാണ് ആശ്രയിച്ചിരുന്നതെന്നും വ്യക്തിപരമായ ആവശ്യങ്ങൾ പോലും സ്വയം നിർവഹിക്കാൻ കഴിയാതെ ഗുരുതര സാഹചര്യമാണ് മാതാവ് നേരിടുന്നതെന്നും ശരിയായ പരിചരണം നൽകിയില്ലെങ്കിൽ ആരോഗ്യസ്ഥിതി കൂടുതൽ വഷളാകാനിടയുണ്ടെന്നും ഹരജിയിൽ ബോധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിൽ താൻ വലിയ മാനസിക വിഷമത്തിലാണ് ജയിലിൽ കഴിയുന്നത്.
കോടതി ചുമത്തുന്ന എല്ലാ നിബന്ധനകളും കർശനമായി പാലിക്കാമെന്നും ജാമ്യകാലാവധി കഴിഞ്ഞാലുടൻ കീഴടങ്ങുമെന്നും വിചാരണ നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായ ഈ സാഹചര്യത്തിൽ പരിമിതമായ കാലയളവിലേക്ക് താത്കാലിക ജാമ്യം അനുവദിക്കുന്നത് പ്രോസിക്യൂഷന് ഒരു തരത്തിലും ദോഷം ചെയ്യില്ലെന്നും കഴിഞ്ഞ ഏപ്രിൽ 27 ന് സമർപ്പിച്ച ജാമ്യാപേക്ഷയിൽ സക്കരിയ ബോധിപ്പിച്ചിരുന്നു.
എന്നാൽ, മേയ് രണ്ടിന് പ്രോസിക്യൂഷൻ നൽകിയ മറുപടി സത്യവാങ്മൂലത്തിൽ സക്കരിയ നൽകിയ ജാമ്യാപേക്ഷയിലെ രേഖകളിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റിൽ മാതാവ് തെന്നിവീണ് ശസ്ത്രക്രിയക്ക് വിധേയയായതായി കാണിക്കുന്നുണ്ടെങ്കിലും അവിടെ നൽകിയ ചികിത്സ വ്യക്തമാക്കുന്ന മറ്റ് മെഡിക്കൽ രേഖകൾ അപര്യാപ്തമായതിനാൽ പ്രസ്തുത ആശുപത്രി നൽകിയ മെഡിക്കൽ സർട്ടിഫിക്കറ്റ് മാത്രം പരിഗണിക്കുന്നത് നിയമദൃഷ്ട്യാ വിശ്വാസയോഗ്യമല്ലെന്ന് വാദിച്ചു.
നിലവിൽ രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ഈ കേസിന്‍റെ നടപടിക്രമങ്ങൾ അന്തിമ ഘട്ടത്തിൽ എത്തിനിൽക്കുന്നതിനാൽ പ്രതിക്ക് മാതാവിനെ പരിചരിക്കാൻ കേരളത്തിലേക്ക് പോകാൻ അനുമതി നൽകുന്നത് പാടില്ലെന്നും പ്രൊസിക്യൂഷൻ വാദിച്ചു.
കേരളം സന്ദർശിക്കാൻ അനുമതി നൽകിയാൽ ഒളിവിൽ കഴിയുന്ന പ്രതികളുമായി ബന്ധം സ്ഥാപിക്കാനും വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ എതിർ സത്യവാങ്മൂലത്തിൽ കോടതിയെ ധരിപ്പിച്ചു. തുടർന്ന് യു.എ.പി.എ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം നിലവിൽ പ്രതിക്ക് ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കണ്ടെത്തി കോടതി സക്കരിയയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
2009 മുതൽ 17 വർഷമായി സക്കരിയ ജാമ്യമില്ലാതെ വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്. നാലുമാസത്തിനുള്ളിൽ. വിചാരണ വേഗത്തിൽ തീർക്കണമെന്ന് രണ്ടുപ്രാവശ്യം സുപ്രീംകോടതിയുടെ നിർദ്ദേശം ഉണ്ടായിട്ടും വിചാരണ നീണ്ടു പോവുകയാണ്.
രണ്ടാഴ്ച മുമ്പ് ബംഗളൂരു കേസിലെ 28 ആം പ്രതിയായ നീണ്ട 17 വർഷം വിചാരണ തടവുകാരനായി ജയിലിൽ കഴിഞ്ഞിരുന്ന കുടക് സ്വദേശി അബ്ദുൽഖാദർ (64 ) ജയിലിൽ മരണപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.