വെനിസ്വേലയിൽ ഭൂകമ്പം ഉണ്ടാകുന്നതിനു മുമ്പ് മുന്നറിയിപ്പുമായി ഗൂഗിൾ; നിങ്ങളുടെ ഫോണിന് ഭൂകമ്പം മുൻകൂട്ടി അറിയാൻ കഴിയുമോ?

ന്യൂഡൽഹി: വെനിസ്വേലയിൽ ഉണ്ടായ ഇരട്ട ഭൂചലനം വൻ ദുരന്തമാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. ഭൂകമ്പം ഉണ്ടാകുന്നതിന് കുറച്ചു സെക്കൻന്‍റുകൾക്ക് മുമ്പ് ആൻഡ്രോയിഡ് ഫോണുകളിൽ മുന്നറിയിപ്പ് ലഭിച്ചതായി ചില ഉപയോക്താക്കൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഗൂഗിൾ എങ്ങനെയാണ് ഭൂകമ്പം മുൻകൂട്ടി പ്രവചിച്ചത് എന്ന ചോദ്യമാണ് ഇത് ഉയർത്തിയത്. എന്താണ് ഇതിനു പിന്നിലെ സത്യവസ്ഥയെന്ന് നോക്കാം.

ഗൂഗിൾ ഭൂകമ്പം മുൻകൂട്ടി പ്രവചിക്കുകയല്ല ചെയ്യുന്നത് മറിച്ച് അത് സംഭവിക്കുമ്പോൾ അതിവേഗം മുന്നറിയിപ്പ് നൽകുകയാണ്. ഗൂഗിളിന്റെ ആൻഡ്രോയിഡ് ഭൂകമ്പ മുന്നറിയിപ്പ് സംവിധാനമാണ് ആൻഡ്രോയിഡ് എർത്ത്‌ക്വേക് അലേർട്ട്സ് സിസ്റ്റം. ഈ സംവിധാനം ഭൂകമ്പം സംഭവിക്കുന്നതിന് മുമ്പ് അത് പ്രവചിക്കുന്നില്ല. മറിച്ച്, ഭൂകമ്പം ആരംഭിച്ചു കഴിഞ്ഞാൽ ഭൂമിയിലൂടെയുള്ള തരംഗങ്ങൾ സഞ്ചരിക്കുന്നതിനേക്കാൾ വേഗത്തിൽ ഇന്റർനെറ്റ് വഴി മുന്നറിയിപ്പ് സന്ദേശം ഉപയോക്താക്കളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.

ഭൂകമ്പത്തിന്റെ ആദ്യത്തെ തരംഗങ്ങളായ പി-വേവ് തരംഗങ്ങൾ രണ്ടാമത് വരുന്ന നാശകാരിയായ എസ്-വേവ് തരംഗങ്ങളെക്കാൾ വേഗതയുള്ളതാണ്. ഈ സമയ വ്യത്യാസത്തെയാണ് ഗൂഗിൾ പ്രയോജനപ്പെടുത്തുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിൽ നിന്ന് അകലെയുള്ളവർക്ക് കുറച്ചു നിമിഷങ്ങൾക്ക് മുമ്പ് വിവരം ലഭിക്കാൻ ഇത് സഹായിക്കുന്നു.

ആൻഡ്രോയിഡ് ഫോണുകളിൽ സാധാരണയായി സ്‌ക്രീൻ റൊട്ടേഷനും മറ്റും തിരിച്ചറിയാൻ ഉപയോഗിക്കുന്ന ആക്‌സിലറോമീറ്ററുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഭൂകമ്പത്തിന്റെ ചെറിയ ചലനങ്ങൾ പോലും തിരിച്ചറിയാൻ ഈ സെൻസറുകൾക്ക് സാധിക്കും. ഒരു പ്രദേശത്തെ അനേകം ആൻഡ്രോയിഡ് ഫോണുകളിൽ ഒരേസമയം സമാനമായ ചലനങ്ങൾ അനുഭവപ്പെടുമ്പോൾ ഗൂഗിളിന്റെ സിസ്റ്റം ഇത് ഭൂകമ്പമാണോ എന്ന് പരിശോധിക്കുന്നു. ഭൂകമ്പത്തിന്റെ സ്ഥാനവും തീവ്രതയും കണക്കാക്കുന്നു. പ്രകമ്പനം അനുഭവപ്പെടാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ആളുകൾക്ക് അടിയന്തര സന്ദേശം അയക്കുന്നു.

ലഭിക്കുന്ന ഏതാനും സെക്കൻഡുകൾ പോലും ജീവൻ രക്ഷിക്കാൻ സഹായിക്കും. ജനലുകൾക്ക് അരികിൽ നിന്ന് മാറി നിൽക്കാനും, ബലമുള്ള മേശയ്ക്കടിയിൽ അഭയം പ്രാപിക്കാനും, ലിഫ്റ്റുകൾ ഒഴിവാക്കാനും, വാഹനം സുരക്ഷിതമായി നിർത്താനും ഈ ചെറിയ മുന്നറിയിപ്പ് സമയം സഹായിക്കും.

എല്ലാ ഉപയോക്താക്കൾക്കും ഈ മുന്നറിയിപ്പ് ലഭിക്കണമെന്നില്ല. ഫോണിലെ ലൊക്കേഷൻ സെറ്റിങ്‌സ്, ഇന്റർനെറ്റ് കണക്റ്റിവിറ്റി, ഭൂകമ്പത്തിന്റെ തീവ്രത എന്നിവ അനുസരിച്ചായിരിക്കും അലേർട്ടുകൾ ലഭിക്കുക. നിങ്ങളുടെ ഫോണിലെ സേഫ്റ്റി ആൻഡ് എമർജൻസി ക്രമീകരണങ്ങളിൽ ഈ ഫീച്ചർ പ്രവർത്തനക്ഷമമാണോ എന്ന് പരിശോധിക്കാവുന്നതാണ്.

Tags:    
News Summary - Google warns of earthquakes in Venezuela; Can your phone predict earthquakes?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.