ഹുർമുസ് കടലിടുക്കിൽ ഭാവിയിലും ട്രാൻസിറ്റ് ഫീസ് ഈടാക്കില്ലെന്ന് ഒമാൻ

മസ്കത്ത്/മനാമ: തന്ത്രപ്രധാനമായ ഹുർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിന് ഭാവിയിൽ ഒരുവിധ ട്രാൻസിറ്റ് ഫീസും ഏർപ്പെടുത്തില്ലെന്ന് ഒമാൻ വ്യക്തമാക്കി. രാജ്യാന്തര കപ്പൽ ഗതാഗത മേഖലക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഒമാന്റെ ഈ പ്രഖ്യാപനം. ബഹ്‌റൈനിൽ നടന്ന ജി.സി.സി - യു.എസ് സംയുക്ത മന്ത്രിതല യോഗത്തിലാണ് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി ഇക്കാര്യം അറിയിച്ചത്. കടലിടുക്കുമായി ബന്ധപ്പെട്ട ഭാവി ക്രമീകരണങ്ങൾ അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായിരിക്കുമെന്നും കപ്പൽ ഗതാഗത സ്വാതന്ത്ര്യം പൂർണമായി സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹുർമുസ് കടലിടുക്കിന്റെ അതിർത്തി പങ്കിടുന്ന ഒമാനും ഇറാനും കപ്പൽ ചാലിലെ സുരക്ഷയും നാവിക സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള പ്രായോഗിക ചർച്ചകൾ തുടരുന്ന പശ്ചാത്തലത്തിലാണ് ഒമാന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. ആഗോള വിപണിയിലേക്കുള്ള എണ്ണ, പ്രകൃതിവാതക കയറ്റുമതിയുടെ പ്രധാന പാതയായതിനാൽ പുതിയ നിരക്കുകളോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തുമോ എന്ന ആശങ്കയിലായിരുന്നു ആഗോള ഊർജ വിപണി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ഗൾഫ് വിദേശകാര്യ മന്ത്രിമാരും പങ്കെടുത്ത മനാമയിലെ യോഗത്തിൽ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും സാമ്പത്തിക സഹകരണവും ചർച്ചയായി.

യു.എസും ഇറാനും തമ്മിൽ അടുത്തിടെ ഒപ്പുവെച്ച ധാരണാപത്രത്തെ ഒമാൻ പിന്തുണക്കുന്നതായി സയ്യിദ് ബദർ അൽ ബുസൈദി അറിയിച്ചു. ഇത് മേഖലയിലെ സംഘർഷങ്ങൾ കുറക്കാൻ സഹായിക്കുമെന്നും യു.എൻ കടൽ നിയമ ഉടമ്പടികൾ പാലിച്ചുകൊണ്ട് കപ്പലുകൾക്ക് അധിക നിരക്കുകൾ ഇല്ലാതെ സ്വതന്ത്രമായി കടന്നുപോകാനുള്ള അവകാശം ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Oman rules out imposing transit fees in Strait of Hormuz in future

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.