അമരാവതി: മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി പ്രസിഡന്റുമായ വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയുടെ ക്ഷേത്രദർശനത്തിൽ രൂക്ഷ വിമർശനവുമായി ആന്ധ്രപ്രദേശ് മുഖ‍്യമന്ത്രിയും തെലുങ്ക് ദേശം പാർട്ടി തലവനുമായ ചന്ദ്രബാബു നായിഡു. ഹിന്ദു വിശ്വാസത്തെ അപമാനിച്ച അദ്ദേഹം അത് മറയ്ക്കാനാണ് ക്ഷേത്രങ്ങൾ സന്ദർശിക്കുകയാണെന്ന് ചന്ദ്രബാബു ആരോപിച്ചു. ഭുമയ്യഗരിപ്പള്ളി ഗ്രാമത്തിൽ ഗട്ടു ശ്രീ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനിടെ ജഗൻ മോഹൻ റെഡ്ഡി നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് നായിഡുവിന്റെ വിമർശനം. റെഡ്ഡി അവിടെ പ്രത്യേക പ്രാർഥനകൾ നടത്തുകയും ക്ഷേത്ര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഓരോരുത്തർക്കും തങ്ങൾക്ക് ഇഷ്ടമുള്ള മതം പിന്തുടരാൻ സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ വെങ്കടേശ്വര സ്വാമിയെയോ ഹിന്ദു ക്ഷേത്രങ്ങളെയോ വിശ്വാസ കേന്ദ്രങ്ങളെയോ അനാദരിക്കരുതെന്നുമാണ് നായിഡുവിന്‍റെ വാദം. `നിങ്ങൾ ക്ഷേത്രങ്ങളിൽ ചുറ്റിത്തിരിയേണ്ടതില്ല. നിങ്ങൾ വിശ്വസിക്കുന്ന മതം ആചരിക്കുന്നതിൽ ഞങ്ങൾക്ക് വിരോധമില്ല. എന്നാൽ വെങ്കടേശ്വര സ്വാമിയുമായി ഇടപെടാനോ ക്ഷേത്രങ്ങളെ ആക്രമിക്കാനോ ശ്രമിച്ചാൽ സൂക്ഷിക്കണം. അവയെ സംരക്ഷിക്കാൻ ഞങ്ങൾക്ക് ശക്തിയുണ്ടെന്ന് ഓർമ്മിക്കുക.' ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നവർക്കോ മതസ്ഥാപനങ്ങളെ ദ്രോഹിക്കുന്നവർക്കോ എതിരെ തന്റെ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്നാണ് നായിഡു അറിയിച്ചത്.
തിരുപ്പതി ലഡ്ഡു വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് ചന്ദ്രബാബു നായിഡു പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. ക്ഷേത്രത്തിലെ പ്രസാദമുണ്ടാക്കാൻ ഉപയോഗിച്ച നെയ്യിൽ പാൽ അല്ലാത്ത പദാർഥങ്ങളുടെ സാന്നിധ്യമുണ്ടെന്ന് കണ്ടെത്താനായി നായിഡുവിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ റിട്ടയേർഡ് ഐ.എ.എസ് ഓഫീസർ ദിനേശ് കുമാറിന്റെ നേതൃത്വത്തിൽ ഒരു സമിതിയെ നിയമിച്ചിരുന്നു. ടെൻഡർ നടപടികൾ, വിതരണക്കാരുടെ നിയമനം, ഗുണനിലവാരം എന്നിവ സമിതി പരിശോധിച്ചതിനുപിന്നാലെ ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയിരുന്നു. ഭരണപരമായ പരാജയങ്ങളും നിയമങ്ങൾ നടപ്പിലാക്കുന്നതിലെ അലംഭാവവുമാണ് ലഡ്ഡുവിൽ മായം കലർന്ന നെയ്യ് എത്തുന്നതിന് കാരണമായതെന്നും സമിതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.